ബന്ധുനിയമനത്തില്‍ ബലിയാടായി ; നീതി തേടി സഹീര്‍: ഏഴാം തവണ മുഖ്യമന്ത്രിക്ക് പരാതി
സ്വന്തം ലേഖകന്‍
തൊടുപുഴ: പരാതിക്കാരനെ ഒരിക്കല്‍ പോലും കേള്‍ക്കാതെ ആരോപണ വിധേയനായ എം.ഡി നല്‍കിയ വിശദീകരണം മാത്രം പരിഗണിച്ച് സഹീറിന്റെ ആറ് പരാതികളും സര്‍ക്കാര്‍ നിരസിച്ചു. തുടര്‍ന്ന് ഏഴാം തവണ ഇദ്ദേഹം മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
മുന്‍ മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമനത്തില്‍ ബലിയാടായ ഉദ്യോഗസ്ഥനാണ് സഹീര്‍ കാലടി. യോഗ്യതയും പ്രവര്‍ത്തന പരിചയം ഉണ്ടായിട്ടും പരസ്യമായി പ്രതികരിച്ചതും കുറ്റിപ്പുറം മാല്‍കോടെക്‌സ് സ്പിന്നിംഗ് മില്‍ എം.ഡിയുടെ അഴിമതികള്‍ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് ചെയ്തതും സഹീര്‍ കാലടിക്ക് വിനയാകുകയായിരുന്നു.തുടര്‍ന്ന് നിരന്തര തൊഴില്‍ പീഡനങ്ങളെ തുടര്‍ന്ന് 20 വര്‍ഷം സര്‍വിസ് ബാക്കി നില്‍കെ 38 ാം വയസില്‍ പൊതുമേഖലാ സ്ഥാപനമായ മാല്‍കോടെക്‌സിലെ അക്കൗണ്ട്‌സ് മാനേജര്‍ തസ്തികയില്‍നിന്നു 2019 ജൂലൈ ഒന്നിനു രാജിവച്ചിരുന്നു.
ഏകപക്ഷീയമായി പരാതികള്‍ നിരസിച്ച വ്യവസായ വകുപ്പിന്റെ നടപടി പുനഃപരിശോധിക്കാനും വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടും പൂര്‍ണമായ ഗ്രാറ്റിവിറ്റി , തടഞ്ഞുവച്ച ശമ്പളം, പ്രൊവിഡന്റ് ഫണ്ട് കുടിശിക, നഷ്ടപരിഹാരം ഉള്‍പെടെയുള്ളവ തേടി ഏഴാം തവണ മുഖ്യമന്ത്രിക്ക് പരാതി നല്‍കി പോരാട്ടം തുടരുകയാണ്. മുഖ്യമന്ത്രി, വ്യവസായ മന്ത്രി, ചീഫ് സെക്രട്ടറി, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഹാന്റ്‌ലൂം ഡയറക്ടര്‍ എന്നിവര്‍ക്ക് 2019 മുതല്‍ 2021 ഓഗസ്റ്റ് വരെ ആറ് പരാതികള്‍ നല്‍കിയിരുന്നു.
അധികാരം, രാഷ്ട്രീയ സ്വാധീനം, പണം എന്നിവ ഒന്നുമില്ലാത്ത തനിക്ക് നീതി കിട്ടാന്‍ എന്തു ചെയ്യണമെന്ന മറുപടി കൂടി തരണമെന്ന് മുഖ്യമന്ത്രിയോട് സഹീര്‍ പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. നഷ്ടപരിഹാരമായി 25 ലക്ഷം രൂപ അനുവദിക്കണമെന്ന അപേക്ഷയോടെയാണ് പരാതി അവസാനിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."