തട്ടിപ്പില്‍ ലീന മരിയ പോളിന് മുഖ്യപങ്കെന്ന് ഇ.ഡി
ലീനയുടെ കസ്റ്റഡി 23 വരെ നീട്ടി
ന്യൂഡല്‍ഹി: 200 കോടിയുടെ തട്ടിപ്പില്‍ നടി ലീന മരിയ പോളിന് മുഖ്യപങ്കെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍. കുറ്റകൃത്യത്തിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഗുണഭോക്താവ് മാത്രമല്ല, മുഖ്യപ്രതിയും ഭര്‍ത്താവുമായ സുകേഷ് ചന്ദ്രശേഖറിനൊപ്പം കുറ്റം ചെയ്യുന്നതിലും ലീനയ്ക്കു നിര്‍ണായക പങ്കുണ്ടെന്ന് ഇ.ഡി കോടതിയില്‍ അറിയിച്ചു.
പണം എവിടെനിന്നു വന്നു എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത ലഭിക്കാനുണ്ടെന്നും ഏതാനും ദിവസങ്ങള്‍ കൂടി പ്രതിയെ കസ്റ്റഡിയില്‍ വേണമെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ച കോടതി ഈ മാസം 23 വരെ കസ്റ്റഡി നീട്ടി.
ലീനയുടെ കമ്പനിയായ നൈല്‍ ആര്‍ടിസ്ട്രി ചെന്നൈയില്‍ 4.79 കോടിയുടെയും കൊച്ചിയില്‍ 1.21 കോടിയുടെയും ബിസിനസ് നടത്തിയതായി രേഖയിലുണ്ട്. എന്നാല്‍ ഈ തുക ബിസിനസിലൂടെ സമ്പാദിച്ചതല്ലെന്നും തട്ടിപ്പിലൂടെ നേടിയതാണെന്നും സംശയമുണ്ട്. ലീന മരിയ പോളും ഭര്‍ത്താവും നടത്തിയ ചടങ്ങിലേക്ക് ബോളിവുഡ് ഡാന്‍സര്‍ നൂറ ഫതേഹിയെ ക്ഷണിക്കുകയും ഒരു കോടിയിലധികം വിലമതിക്കുന്ന സമ്മാനം നല്‍കുകയും ചെയ്തതായും ഇ.ഡി കോടതിയെ അറിയിച്ചു.
കസ്റ്റഡിയിലും ചോദ്യം ചെയ്യലിലും ലീനയ്ക്കു കൊവിഡ് ബാധിക്കാതിരിക്കാന്‍ കൃത്യമായ അകലം ഉറപ്പാക്കാന്‍ ശ്രദ്ധിക്കും. ലീനയുടെ മൂന്ന് മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള വിവരങ്ങള്‍ വീണ്ടെടുക്കാനുണ്ട്. ജോണ്‍ എബ്രഹാമിനൊപ്പം മദ്രാസ് കഫെ ഉള്‍പ്പെടെയുള്ള സിനിമകളില്‍ അഭിനയിച്ച ലീന വരുമാനം സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവയ്ക്കുന്നുവെന്നും ഇ.ഡി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."