ഒന്നിച്ച് മഴയുടെ അതൃപ്പം കണ്ടു, തണുപ്പ് നനഞ്ഞു..ഒടുവില്‍ കെട്ടിപ്പിടിച്ച് മരണം പുല്‍കി
തൊടുപുഴ: ഇന്നോളം കാണാത്ത വെള്ളത്തിന്റെ കുത്തൊഴുക്ക് തെല്ലതൃപ്പത്തോടെയാണവര്‍ കണ്ടത്. കൊക്കയാര്‍ ചേരിപ്പുറത്ത് സിയാദിന്റ മക്കളായ അമീനും അംനയും കൂടെ ബന്ധുക്കളായ അഫ്‌സാനും അഹിയാനും. മഴ കലിതുള്ളിയെത്തിയിട്ടും വെള്ളം രൗദ്രഭാവം പൂണ്ടിട്ടും അവര്‍ക്ക് പേടിയോന്നും തോന്നിയിരുന്നില്ല. മഴത്തണുപ്പ് നനഞ്ഞ് അവര്‍ ഉമ്മറത്തിരുന്നു. വീടിന്റെ സൈഡിലെ പടികള്‍ കടന്ന് ഉമ്മറക്കോലായയുടെ സ്‌റ്റെപ്പിനെ തൊട്ട് വെള്ളം കുതിച്ചൊഴുകുന്നതും നോക്കി.
ഉമ്മ ഫൗസിയ കൂടെയിരുന്ന് വീഡിയോ പകര്‍ത്തി. അതിനിടക്ക് കാമറക്കു മുന്നില്‍ എത്തിനോക്കി മക്കള്‍ ഉമ്മാനോട് ചേദിക്കുകയും ചെയ്തു. നല്ല മഴേണല്ലോ മ്മാ.. അതും കഴിഞ്ഞ് നിമിഷങ്ങള്‍ ഏറെയൊന്നും കഴിഞ്ഞിട്ടുണ്ടാവില്ല. പടികള്‍തൊട്ടൊഴുകിയ വെള്ളത്തിന് കരുത്തേറി..ഒരു കുത്തൊഴുക്കില്‍ ആ കുഞ്ഞുമക്കളേം അവരുടെ ഉമ്മാനേം കൊണ്ടുപോവുമ്പോള്‍. വെള്ളമൊന്ന് അലറിവിളിച്ചപ്പോള്‍ ഇത്തിരി പേടി തോന്നിയിരുന്നിരിക്കണം അവര്‍ക്ക്. കയ്യിലെ ഫോണ്‍ താഴെയിട്ട് ഫൗസിയ കുഞ്ഞുങ്ങളെ ചേര്‍ത്തു പിടിച്ചിരിക്കാം. അവളുടെ കൈകള്‍ക്ക് പക്ഷേ ആര്‍ത്തിരമ്പി വരുന്നൊരു മലയെ തടുക്കാന്‍ കരുത്തുണ്ടാവില്ലല്ലോ.കൈകള്‍ തട്ടിമാറ്റി അവളേയും കുഞ്ഞുങ്ങളേയും മലകൊണ്ടുപോയി. എന്നാല്‍ കുഞ്ഞുമക്കളുടെ കൈവിടീക്കാന്‍ മലവെള്ളത്തിന് തോന്നിയില്ല. അവര്‍ കെട്ടിപ്പിടിച്ചു തന്നെ നിന്നു. അംനയും, അഫ്‌സാനും, അഹിയാനും. മരണത്തിന്റെ കൊടുംതണുപ്പിലേക്ക് അവസാന ശ്വാസവും നിലച്ചു പോവും വരെ.
കൊക്കയാര്‍ ഉരുള്‍പൊട്ടലില്‍ കാണാതായ നാലു കുട്ടികളുടേത് ഉള്‍പ്പെടെ ആറു മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. കൊക്കയാര്‍ ചേരിപ്പുറത്ത് സിയാദിന്റ ഭാര്യ ഫൗസിയ (28), മക്കളായ അമീന്‍ (7), അംന (7), കല്ലുപുരയ്ക്കല്‍ ഫൈസലിന്റെ മക്കളായ അഫ്‌സാന്‍ (8), അഹിയാന്‍ (4), ചിറയില്‍ ഷാജി (55) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതില്‍ അംന, അഫ്‌സാന്‍, അഹിയാന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ കെട്ടിപ്പിടിച്ച നിലയിലായിരുന്നു.
ഷാജിയുടെ ഒഴികെയുള്ള മൃതദേഹങ്ങള്‍ സംഭവസ്ഥലത്ത് മണ്ണിനടിയില്‍ കുടുങ്ങിയ നിലയിലായിരുന്നു. ഷാജിയുടെ മൃതദേഹം കിലോമീറ്ററുകള്‍ അകലെ മണിമലയാറില്‍ മുണ്ടക്കയത്ത് നിന്നാണ് കണ്ടെത്തിയത്.
പുതുപ്പറമ്പില്‍ ഷാഹുലിന്റെ മകന്‍ സച്ചു (ഏഴ്) വിനെ കണ്ടെത്താനുണ്ട്. കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. അപകട വിവരം പുറംലോകമറിഞ്ഞത് വൈകിട്ടോടെയാണ്. വൈദ്യുതി, ഗതാഗത സംവിധാനങ്ങള്‍ തടസപ്പെട്ടതാണ് ഇതിന് കാരണം.
50 മീറ്റര്‍ വീതിയില്‍ അര കിലോമീറ്ററോളം സ്ഥലമാണ് ഒലിച്ചുപോയത്. ഇതില്‍ ഏഴ് വീടുകള്‍ ഉള്‍പ്പെടും. ഇന്നലെ രാവിലെ മുതല്‍ ദുരന്തനിവാരണ സേനാംഗങ്ങളും അഗ്‌നി രക്ഷാ സേനയും പൊലിസും നാട്ടുകാരും തിരച്ചില്‍ തുടങ്ങിയിരുന്നു. പൊലിസ് ഡോഗ് സ്‌ക്വാഡാണ് മൃതദേഹങ്ങള്‍ കിടന്ന സ്ഥലം കണ്ടെത്തിയത്. തുടര്‍ന്ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണും കല്ലും നീക്കി നടത്തിയ തിരച്ചിലിലാണ് അഞ്ച് പേരുടെ മൃതദേഹം കിട്ടിയത്.
ഷാജിയുടെ മൃതദേഹം മണിമലയാറില്‍ അഗ്‌നി രക്ഷാ സേന നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. ഷാഹുല്‍ മറ്റ് ചില കുട്ടികളെ രക്ഷപ്പെടുത്തിയെങ്കിലും സ്വന്തം മകന്‍ സച്ചുവിനെ ഉരുള്‍ കൊണ്ടുപോകുകയായിരുന്നു. ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട ഫൗസിയ ദുരന്തത്തിന് മുമ്പ് വെള്ളം കുത്തിയൊലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബന്ധുവിന് വാട്‌സാപ്പില്‍ അയച്ചു നല്‍കിയിരുന്നു. തൊട്ടുപിന്നാലെയാണ് കലിതുള്ളിയെത്തിയ മലവെള്ളം ഫൗസിയയുടേയും മക്കളുടേയും ജീവനെടുത്തത്. മരണപ്പെട്ട അമീന്‍, അഫ്‌സാന്‍ എന്നിവരേയും വിഡിയോയില്‍ കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."