കോടി പ്രതിരോധം; രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ നൂറ് കോടി ഡോസിലേക്ക്
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് വാക്‌സിനേഷൻ നൂറ് കോടി ഡോസിലേക്ക്. ഇന്നലെ രാത്രിയിലെ കണക്ക് പ്രകാരം 99.7 കോടി ഡോസാണ് നൽകിയത്. ഇന്ന് ഉച്ചയോടെ 100 കോടി ഡോസ് പിന്നിടും. ഒൻപത് മാസത്തിനുള്ളിൽ ആണ് നൂറ് കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്യാൻ ഇന്ത്യക്ക് സാധിച്ചത്.
കൊവിഡ് പ്രതിരോധത്തിൽ നിർണായക ചുവടുവെപ്പാണിതെന്നും വാക്‌സിൻ സ്വീകരിക്കാത്തവർ ഉടൻ സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
''വാക്‌സിനേഷന്റെ കാര്യത്തിൽ രാജ്യം സെഞ്ചുറിയിലേക്കെത്തുകയാണ്. ഈ സുവർണാവസരത്തിന്റെ ഭാഗമാകാൻ, ഇനിയും കുത്തിവെപ്പ് എടുക്കാത്ത പൗരന്മാരോട് ഞാൻ അഭ്യർത്ഥിക്കുന്നു, ഇന്ത്യയുടെ ഈ ചരിത്രപരമായ വാക്‌സിനേഷൻ യാത്രയിൽ ഉടൻ തന്നെ പങ്കാളിയാവുക'' കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വിറ്ററിൽ കുറിച്ചു.
വാക്‌സിനേഷൻ നൂറു കോടി കടക്കുന്നതിൻറെ ഭാഗമായി നിരവധി പരിപാടികൾ കേന്ദ്രസർക്കാർ ആസൂത്രണം ചെയ്തിട്ടുണ്ട്. ചെങ്കോട്ടയിൽ ആഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാക ഉയർത്തും. വിമാനങ്ങളിലും ട്രെയിനുകളിലും കപ്പലുകളിലും നൂറ് കോടി ഡോസ് വാക്‌സിൻ മറികടന്നത് സംബന്ധിച്ച പ്രഖ്യാപനവും നടത്തും.
കണക്കുകൾ പ്രകാരം മൊത്തം വാക്‌സിൻ ഡോസിന്റെ 65 ശതമാനത്തിലധികം ഗ്രാമപ്രദേശങ്ങളിലാണ് നൽകുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം എട്ടു സംസ്ഥാനങ്ങൾ ആറു കോടിയിലധികം ഡോസ് വാക്‌സിനുകൾ നൽകിക്കഴിഞ്ഞു. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമബംഗാൾ, ഗുജറാത്ത്, മധ്യപ്രദേശ്, ബിഹാർ, കർണാടക, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളാണ് വാക്‌സിനേഷനിൽ മുന്നിൽ.
ജനുവരി 16നാണ് ഇന്ത്യ വാക്‌സിനേഷൻ യജ്ഞം ആരംഭിക്കുന്നത്. ആദ്യഘട്ടമായി ആരോഗ്യപ്രവർത്തകർക്കാണ് പ്രതിരോധ കുത്തിവെപ്പ് നൽകിയത്. മാർച്ച് ഒന്നു മുതൽ 60 വയസിനു മുകളിലുള്ളവർക്കും ഏപ്രിൽ ഒന്നു മുതൽ 45 വയസിനു മുകളിലുള്ളവർക്കും വാക്‌സിൻ നൽകിത്തുടങ്ങി. മെയ് ഒന്നു മുതൽ 18 വയസിനു മുകളിലുള്ള എല്ലാവർക്കും കുത്തിവെപ്പ് നൽകാൻ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."