HOME
DETAILS
MAL
മഴക്കെടുതി: 304 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി
backup
October 21 2021 | 05:10 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മഴക്കെടുതിയെത്തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നലെ വരെ 304 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു.
ഈ ക്യാംപുകളിലായി 3,851 കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്. കൂടാതെ ബന്ധുവീടുകളില്‍ മാറിത്താമസിക്കുന്ന കുടുംബങ്ങളുമുണ്ട്. ക്യാംപുകളില്‍ ആവശ്യത്തിന് ശുദ്ധജലം, ഭക്ഷണം, വൃത്തിയുള്ള ശൗചാലയം എന്നിവ ഒരുക്കാനും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനും വ്യക്തമായ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
ദുരന്തനിവാരണ കാര്യത്തില്‍ ഏകോപിതമായ പ്രവര്‍ത്തനമാണ് നടക്കുന്നത്. റവന്യൂ, പൊലിസ്, ഫയര്‍ഫോഴ്‌സ്, തദ്ദേശസ്വയംഭരണ വകുപ്പുകളടക്കമുള്ളവയെ ഏകോപിപ്പിച്ചുള്ള ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.
ദേശീയ ദുരന്തപ്രതികരണ സേനയുടെ ഓരോ ടീമിനെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്. കൂടാതെ നാലു ടീമുകളെക്കൂടി ഇടുക്കി, ആലപ്പുഴ, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ നിയോഗിച്ചു. സംസ്ഥാനത്ത് നിലവില്‍ 11 എന്‍.ഡി.ആര്‍.എഫ് ടീമുകള്‍ വിവിധ ജില്ലകളിലായി ഉണ്ട്. ഇന്ത്യന്‍ ആര്‍മി, ഡിഫന്‍സ് സെക്യൂരിറ്റി കോര്‍ എന്നിവയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. എയര്‍ഫോഴ്‌സിന്റെ രണ്ട് ഹെലികോപ്ടറുകള്‍ കൊച്ചിയില്‍ സജ്ജമായി നില്‍പ്പുണ്ട്. നേവിയുടെ ഹെലികോപ്ടറും സജ്ജമാണ്. കൂട്ടിക്കല്‍, കൊക്കയാര്‍ മേഖലകളില്‍ ഹെലികോപ്ടര്‍ വഴി ഭക്ഷണപ്പൊതികളെത്തിച്ചു.
മഴയുടെ തീവ്രതയ്ക്ക് താല്‍ക്കാലികമായ കുറവുണ്ട്. എന്നാല്‍, കിഴക്കന്‍ കാറ്റിന്റെ സ്വാധീനത്തില്‍ കേരളമുള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ രണ്ടുമൂന്ന് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്കും മലയോര ജില്ലകളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതനുസരിച്ചുള്ള അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചുവരുന്നുണ്ട്. ഇക്കാര്യം മുന്‍കൂട്ടി കണ്ട് ഡാമുകളിലെ ജലം നിയന്ത്രിത അളവുകളില്‍ ജില്ലാ ഭരണകൂടത്തെയും പ്രദേശവാസികളെയും അറിയിച്ചുകൊണ്ട് തുറന്നുവിടുന്നുണ്ട്. ജലവിഭവ വകുപ്പും വൈദ്യുതി വകുപ്പും ഇക്കാര്യം നിരന്തരം വിലയിരുത്തുന്നുണ്ട്. എവിടെയും ആപത്തുണ്ടാകില്ലെന്ന് ഉറപ്പുവരുത്തുന്ന വിധത്തിലാണ് ജലം തുറന്നുവിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."