HOME
DETAILS
MAL
ആദ്യം ഓറഞ്ച്, പിന്നെ മഞ്ഞ; മാറിമറിഞ്ഞ് കാലാവസ്ഥാ പ്രവചനം
backup
October 21 2021 | 05:10 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ദുരന്തം വിതച്ച അതിശക്ത മഴ പ്രവചിക്കുന്നതില്‍ പിഴവ് സംഭവിച്ചുവെന്ന വിമര്‍ശനത്തെ തുടര്‍ന്ന് സടകുടഞ്ഞെഴുന്നേറ്റ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നലെ തലങ്ങും വിലങ്ങും മുന്നറിയിപ്പുകള്‍ നല്കി.
ആദ്യം ഓറഞ്ചും പിന്നെ മഞ്ഞയുമൊക്കെ മാറ്റിമാറ്റി നല്‍കിയായിരുന്നു പ്രവചനം. ചൊവ്വാഴ്ച ഉച്ചയ്ക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിനില്‍ ഇന്നലെ കൊല്ലം, ആലപ്പുഴ ജില്ലകളിലൊഴികെ മറ്റെല്ലായിടത്തും അതിശക്ത മഴയ്ക്ക് സാധ്യതയുള്ള ഓറഞ്ച് അലര്‍ട്ടായിരുന്നു. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജാഗ്രതയിലുമായി. എന്നാല്‍ ഇന്നലെ ഉച്ചയായിട്ടും ഒറ്റപ്പെട്ടയിടങ്ങളിലൊഴികെ ഓറഞ്ച് അലര്‍ട്ട് ഉള്ളയിടങ്ങളില്‍ കാര്യമായ മഴ ലഭിച്ചില്ല. പലയിടങ്ങളിലും നല്ല വെയില് ലഭിക്കുകയും ചെയ്തു.
നവമാധ്യമങ്ങളില്‍ ട്രോളുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതിനു പിന്നാലെ കാലാവസ്ഥാ വകുപ്പിന്റെ പുതിയ ബുള്ളറ്റിനെത്തി. എല്ലായിടത്തെയും ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. പകരം യെല്ലോ അലര്‍ട്ട് നല്കി. എന്നാല്‍ യെല്ലോ അലര്‍ട്ടിനുള്ള മഴയും ലഭിച്ചില്ല. വൈകിട്ട് 5.10നു അടുത്ത മൂന്നു മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന പ്രവചനവുമെത്തി. അതും കാര്യമായ നിലയിലുണ്ടായില്ല.
കാലാവസ്ഥാ പ്രവചനത്തിലുണ്ടാകുന്ന പാകപ്പിഴകള്‍ സംബന്ധിച്ച ചോദ്യത്തിന് കാലാവസ്ഥാ പ്രവചനത്തില്‍ പരിമിതികളുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കാര്യങ്ങള്‍ മനസിലാക്കാന്‍ വിഷമം നേരിടുന്നുണ്ട്, അതില്‍ കുറ്റപ്പെടുത്തുകയല്ല വേണ്ടത്. പരിമിതികള്‍ മനസിലാക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."