ഒമാനിൽ നിന്ന് 4500 വർഷം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തി
ഒമാൻ: ഒമാനിലെ സൗത്ത് അൽ ബതീന ഗവർണറേറ്റിലെ വാദി അൽ മാവിലിൽ നിന്ന് 4500 വർഷം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു. 2023 ഡിസംബർ 27-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സാപിഎൻസ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഇറ്റാലിയൻ മിഷനും, ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസവും ചേർന്ന് മേഖലയിൽ നടത്തിയ ഉൽഖനനപ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ കണ്ടെത്തൽ. 4500 വർഷം പഴക്കമുള്ള പുരാവസ്തുക്കൾ ഈ ഉൽഖനനപ്രവർത്തനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
അതിപുരാതന കാലഘട്ടം മുതൽ വിവിധ ചരിത്ര കാലഘട്ടങ്ങളിൽ മേഖലയിൽ തുടർച്ചയായുള്ള ജനവാസകേന്ദ്രങ്ങൾ നിലനിന്നിരുന്നതിന്റെ സാധ്യതയിലേക്കാണ് ഈ കണ്ടെത്തൽ വിരൽ ചൂണ്ടുന്നതെന്ന് സൗത്ത് അൽ ബതീന ഗവർണറേറ്റിലെ ഹെറിറ്റേജ് ആൻഡ് ടൂറിസം വകുപ്പ് ഡയറക്ടർ ഡോ. അൽ മുതാസിം ബിൻ നാസർ അൽ ഹിലാലി അഭിപ്രായപ്പെട്ടു. ഇരുമ്പുയുഗത്തിൽ നിന്നുള്ള മൺപാത്രങ്ങൾ, വെൺമുത്തുകൾ, കല്ല് കൊണ്ട് ഉണ്ടാക്കിയ മുത്തുകൾ മുതലായവ ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ഈ പുരാവസ്തുക്കളുടെ കണ്ടെത്തൽ സൗത്ത് അൽ ബതീനയിലും, ഒമാനിൽ ഉടനീളവും വിനോദസഞ്ചാര മേഖലയിൽ പുത്തൻ ഉണർവ് നൽകുന്നതിന് കാരണമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."