രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കണോ വേണ്ടയോ,'കണ്‍ഫ്യൂഷന്‍' വിടാതെ കോണ്‍ഗ്രസ്, പരസ്യ പ്രതികരണം വിലക്കി; ബി.ജെ.പിയുടെ വലയില്‍ വിഴരുതെന്ന് ഇന്‍ഡ്യ സഖ്യ കക്ഷികള്‍
രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കണോ വേണ്ടയോ,'കണ്‍ഫ്യൂഷന്‍' വിടാതെ കോണ്‍ഗ്രസ്, പരസ്യ പ്രതികരണം വിലക്കി; ബി.ജെ.പിയുടെ വലയില്‍ വിഴരുതെന്ന് ഇന്‍ഡ്യ സഖ്യ കക്ഷികള്‍
ന്യൂഡല്‍ഹി: രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് ഇനിയും 'കണ്‍ഫ്യൂഷന്‍' വിടാതെ കോണ്‍ഗ്രസ്.
അയോധ്യയില്‍ നിര്‍മിച്ച രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങളില്‍ ക്ഷണം സ്വീകരിച്ച് പങ്കെടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. കോണ്‍ഗ്രസ് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കരുത് എന്നാണ് യുപി പിസിസി യുടെ ആവശ്യം. പോയില്ലെങ്കില്‍ ഹിന്ദു വിരുദ്ധരായി ചിത്രീകരിക്കപ്പെടുമോ എന്ന ആശങ്ക, പ്രവര്‍ത്തക സമിതി അംഗങ്ങള്‍ പോലും പ്രകടിപ്പിക്കുന്നുണ്ട്.
കോണ്‍ഗ്രസിന്റെ സംസ്ഥാന ഘടകങ്ങളില്‍ പലതും വിയോജിപ്പാണ് അറിയിച്ചിരിക്കുന്നത്. വിഷയത്തില്‍ വിവിധ നേതാക്കള്‍ പ്രതികരണവുമായി കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തുവന്നിരുന്നു. രാമക്ഷേത്ര നിര്‍മാണവും ഉദ്ഘാടനവും ബിജെപി രാഷ്ട്രീയപരിപാടിയായി മാറ്റിയ സ്ഥിതിക്ക്, ഈ പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കണം എന്നാണ് കോണ്‍ഗ്രസിലെ വലിയൊരു വിഭാഗത്തിന്റെ ആവശ്യം.
'ഇന്‍ഡ്യ' സഖ്യത്തിലെ പല കക്ഷികളും തങ്ങള്‍ പങ്കെടുക്കില്ലെന്ന നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല ബി.ജെ.പിയുടെ വലയില്‍ വിഴരുതെന്ന് ഇവര്‍ കോണ്‍ഗ്രസ് ഉള്‍പെടെ കക്ഷികള്‍ക്ക് മുന്നറിയിപ്പും നല്‍കുന്നു.
അതേസമയം, വിഷയത്തില്‍ പരസ്യപ്രതികരണത്തിന് കോണ്‍ഗ്രസില്‍ വിലക്കുണ്ട്. നേതാക്കളുടെ പ്രതികരണങ്ങളില്‍ അതൃപ്തിയെ തുടര്‍ന്നാണ് ഹൈക്കമാന്‍ഡ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ബി.ജെ.പിയുടെ അജണ്ടയില്‍ വീഴരുതെന്നാണ് നേതാക്കള്‍ക്ക് നേതൃത്വത്തിന്റെ മുന്നറിയിപ്പ്. അയോധ്യയിലേക്ക് പോകില്ലെന്ന നിലപാട് ആദ്യം സ്വീകരിച്ചത്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആണ്. ചടങ്ങില്‍ പങ്കെടുക്കില്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിയുടെ നിലപാട്. മതനിരപേക്ഷത എന്ന ആശയം ഉയര്‍ത്തി പിടിച്ചാണ്,ചടങ്ങില്‍ പങ്കെടുക്കില്ലെന്ന തീരുമാനത്തിലേക്ക് ലാലുപ്രസാദ് യാദവ്,മമത ബാനര്‍ജി,നിതീഷ് കുമാര്‍ എന്നീ നേതാക്കള്‍ എത്തിയിരിക്കുന്നത്.
എന്നാല്‍, ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ലെന്നും ക്ഷേത്രം യാഥാര്‍ഥ്യമാകുന്നതില്‍ സന്തോഷമുണ്ടെന്നുമാണ് നേരത്തെ എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ പറഞ്ഞിരുന്നത്. പ്രതിഷ്ഠാദിന ചടങ്ങില്‍ ക്ഷണമില്ലെങ്കിലും പങ്കെടുക്കുമെന്നാണ് ശിവസേന ഉദ്ധവ് വിഭാഗത്തിന്റെ നിലപാട്. പരിപാടിയില്‍ പങ്കെടുക്കാന്‍ ഉദ്ധവിന് ക്ഷണം ആവശ്യമില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കിയത്. തങ്ങളെ ക്ഷണിക്കാത്തതില്‍ സമാജ് വാദി പാര്‍ട്ടി എംപി ഡിമ്പിള്‍ യാദവും ജെര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സൊറനും പരിഭവം രേഖപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെയും നേതാക്കള്‍ വിഷയത്തില്‍ പ്രതികരണം നടത്തിയിരുന്നു.വിഷയത്തില്‍ നിലപാട് സ്വീകരിക്കേണ്ടത് കോണ്‍ഗ്രസ് ഹൈകമാന്‍ഡ് ആണെന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ പ്രതികരിച്ചത്. കോണ്‍ഗ്രസ് പങ്കെടുക്കുമോ എന്ന കാര്യത്തില്‍ കൃത്യ സമയത്ത് ഉത്തരംകിട്ടുമെന്നാണ് കെ.സി. വേണുഗോപാല്‍ പറഞ്ഞത്. 'ആളുകള്‍ ഇതിനെ രാഷ്ട്രീയമായി മാറ്റാന്‍ ശ്രമിക്കുന്നു. ഇത് ന്യായമാണോ?. അഥവാ പങ്കെടുത്താന്‍ പറയും കോണ്‍ഗ്രസ് ബി.ജെ.പിയുടെ കൈകളില്‍ ആയെന്ന്. പങ്കെടുത്തില്ലെങ്കിലോ ഹിന്ദു വിരുദ്ധരെന്ന് മുദ്രകുത്തുന്നു. ഇങ്ങനെ ഒരു പെട്ടിയില്‍ അടച്ച അവസ്ഥയാണ് കോണ്‍ഗ്രസിന്റേത്. അതുകൊണ്ട് വ്യക്തികള്‍ക്ക് സ്വയം തീരുമാനമെടുക്കാന്‍ അവസരം നല്‍കണണെന്നാണ് ഞാന്‍ കരുതുന്നത്. അവര്‍ക്ക് ശരിയെന്ന് തോന്നുന്നത് അവര്‍ ചെയ്യട്ടെ. വിഷയത്തില്‍ കോണ്‍ഗ്രസിന് തീരുമാനമെടുക്കാന്‍ സമയം തരണമെന്നും ശശി തരൂര്‍ എം.പി പറഞ്ഞു.
ഗുജറാത്തിലെ സോമനാഥക്ഷേത്രം പുതുക്കിപണിഞ്ഞ ശേഷം നടന്ന സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കരുത് എന്ന് വ്യക്തമാക്കി അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റു രാഷ്ട്രപതി രാജേന്ദ്രപ്രസാദിന് കത്തെഴുതിയിരുന്നു. ഭരണവും മതവും കൂട്ടികുഴക്കരുത് എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ എതിര്‍പ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."