മേഘവിസ്‌ഫോടനത്തില്‍ വിറങ്ങലിച്ച് ഇടുക്കിയുടെ ഹൈറേഞ്ച്
സ്വന്തം ലേഖകന്‍
തൊടുപുഴ: അതിതീവ്ര മഴയിലും ഇടിമിന്നലിലും കേരള തമിഴ്‌നാട് അതിര്‍ത്തി മേഖലയില്‍ വ്യാപക നാശം. നെടുങ്കണ്ടം, തൂക്കുപാലം, രാമക്കല്‍മെട്ട്, കരുണാപുരം മേഖലകളിലാണ് മേഘവിസ്‌ഫോടനത്തോടെ അതിതീവ്ര മഴ പെയ്തത്.
സംഭരണശേഷി കവിഞ്ഞതിനെത്തുടര്‍ന്ന് കല്ലാര്‍ ഡാം തുറന്നുവിട്ടു. കുമളി മൂന്നാര്‍ സംസ്ഥാന പാതയിലേക്ക് പാറയിടിഞ്ഞതിന് പിന്നാലെ മണ്ണിടിച്ചിലുമുണ്ടായി. ആലപ്പുഴ മധുര സംസ്ഥാന പാതയില്‍ വെള്ളം കയറി. മൊബൈല്‍ ടവറുകളില്‍ ഇടിമിന്നലേറ്റത് നെറ്റ്‌വര്‍ക്കും തകരാറിലാക്കി. ബുധനാഴ്ച രാത്രി 11 മുതല്‍ ഇന്നലെ പുലര്‍ച്ചെ മൂന്നു വരെയാണ് അതിര്‍ത്തി മേഖല കേന്ദ്രീകരിച്ച് അതിതീവ്ര മഴ പെയ്തത്.
ബുധനാഴ്ച വൈകുന്നേരം കനത്ത മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. രാത്രി 11ന് ഇടിമുഴക്കത്തെ തുടര്‍ന്നുണ്ടായ പ്രകമ്പനത്തിന് പിന്നാലെയാണ് കനത്ത മഴ പെയ്തത്. നിര്‍മാണത്തിലിരിക്കുന്ന നെടുങ്കണ്ടം മിനി വൈദ്യുത ഭവന്റെ കല്‍ക്കെട്ടിലും വെള്ളം കയറി. കല്ലാര്‍ ഡാമിന്റെ ടണല്‍ മുഖത്ത് മലവെള്ളപാച്ചിലില്‍ എത്തിയ മാലിന്യങ്ങള്‍ ടണല്‍ മുഖം അടച്ചു. ഇതോടെ കല്ലാര്‍ ഡാമില്‍ അപ്രതീക്ഷിത വെള്ളപ്പൊക്കം ഉണ്ടായി. മൂന്നു മണിക്കൂര്‍ പെയ്ത തുടര്‍ച്ചയായ മഴയാണ് നാശം വിതച്ചത്. 85 വീടുകള്‍ ഭാഗീകമായി തകര്‍ന്നു.
റവന്യു, അഗ്‌നിശമനസേന, കെ.എസ്.ഇ.ബി അധികൃതര്‍ സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. തൂക്കുപാലം രാമക്കല്‍മെട്ട് റോഡില്‍ വെള്ളം കയറിയത് പ്രതിസന്ധി സൃഷ്ടിച്ചു. പ്രദേശത്തെ വീടുകളില്‍ നിന്നും പാത്രങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ ഒഴുകിപ്പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."