'കാണാത്തപോലെ നില്‍ക്കാം' ഗൗരവം വിടാതെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സത്യപ്രതിജ്ഞാചടങ്ങില്‍
തിരുവനന്തപുരം: പരസ്പരം അഭിവാദ്യം ചെയ്യാതെ, മുഖത്തുപോലും നോക്കാതെ സഗൗരവം മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് വേദിയായ രാജ്ഭവനിലായിരുന്നു ഇരുവരും നേര്‍ക്കുനേര്‍ എത്തിയത്. ഏഴുമിനിറ്റോളം നീണ്ട ചടങ്ങിനിടെ പരസ്പരം നോക്കുക പോലും ചെയ്തില്ലെന്ന് മാത്രമല്ല ഇരുവരേയും ശരീരഭാഷയില്‍ തന്നെ അകല്‍ച്ച വ്യക്തവുമായിരുന്നു. മഞ്ഞുരുകാത്ത ഗവര്‍ണര്‍ സര്‍ക്കാര്‍ പോരിന്റെ പ്രത്യക്ഷ സൂചകമായി ഇന്നത്തെ സത്യപ്രതിജ്ഞാ ചടങ്ങ്.
മുഖ്യമന്ത്രിയും ഗവര്‍ണറും സൗഹാര്‍ദം പ്രകടിപ്പിക്കാതെ വേദി വിട്ടെന്നു മാത്രമല്ല, ചടങ്ങിന്റെ ഭാഗമായ ചായസത്കാരത്തിലും മുഖ്യമന്ത്രി പങ്കെടുത്തില്ല. പുതിയമന്ത്രിമാര്‍ക്ക് ഗവര്‍ണറായിരുന്നു രാജ്ഭവനില്‍ ചായ സല്‍കാരം ഒരുക്കിയത്. എന്നാല്‍, മുഖ്യമന്ത്രി ഇതില്‍ പങ്കെടുക്കാതെ സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം ക്ലിഫ് ഹൗസിലേക്ക് മടങ്ങുകയായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞാല്‍ ഗവര്‍ണര്‍ ഒരുക്കുന്ന ചായ സത്കാരത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പതിവ് തെറ്റി.
2023 ജനുവരി നാലിന് സജി ചെറിയാന്റെ സത്യപ്രതിജ്ഞാച്ചടങ്ങുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഗവര്‍ണറെ വിളിച്ചപ്പോഴാണ് കഴിഞ്ഞ നയപ്രഖ്യാപനത്തിനുമുമ്പ് രൂക്ഷമായിരുന്ന ശീതസമരത്തിന് അറുതിയായത്. അത് ഇത്തവണയും സംഭവിക്കുമെന്ന പ്രതീക്ഷയായിരുന്നു പലര്‍ക്കും ഉണ്ടായിരുന്നത്. അതുണ്ടായില്ലെന്നു മാത്രമല്ല, ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് ശക്തമായി തുടരുമെന്ന് വ്യക്തമാക്കുന്നതുമായി ഈ സത്യപ്രതിജ്ഞാ ചടങ്ങ്.
ഏറ്റുമുട്ടല്‍ രൂക്ഷമാകുകയും ഗവര്‍ണറെ പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നതിലേക്കുവരെ തര്‍ക്കം നീങ്ങുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്നു ഇന്നത്തെ ചടങ്ങ് നടന്നത്. സംസ്ഥാനത്തിന്റെ ക്രമസമാധാനനില ഇല്ലാതാക്കുന്നതിനും ഭരണഘടനാസ്ഥാപനങ്ങളുടെ തകര്‍ച്ചയ്ക്കും മുഖ്യമന്ത്രി വഴിവെക്കുന്നുവെന്ന ഗുരുതര ആരോപണം നരത്തെ ഗവര്‍ണറും ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള നവകേരള സദസ്സിനെ പരിഹസിച്ചുകൊണ്ടും ഗവര്‍ണര്‍ രംഗത്തെത്തി. തെരുവിലേക്ക് നീണ്ട തര്‍ക്കങ്ങള്‍ക്കിടെ ഡല്‍ഹിയിലേക്ക് പോയ ഗവര്‍ണര്‍ കഴിഞ്ഞ ദിവസം തലസ്ഥാനത്ത് മടങ്ങിയെത്തിയത് ഒരു വിട്ടുവീഴ്ചയ്ക്കും താന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ്.
തന്റെ കാര്‍ തടഞ്ഞാല്‍ ഇനിയും പുറത്തിറങ്ങി പ്രതിഷേധക്കാരെ നേരിടുമെന്ന് ഗവര്‍ണര്‍ പറയുകുണ്ടായി. വിമാനത്താവളത്തില്‍ നിന്ന് മാധ്യമങ്ങളോട് ഇത് പറഞ്ഞ് രാജ്ഭവനിലേക്ക് പോകുംവഴി ജനറല്‍ ആശുപത്രിക്കും എ.കെ.ജി. സെന്ററിനും ഇടയില്‍വച്ച് റോഡരികില്‍നിന്ന എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ വാഹനത്തിനു കരിങ്കൊടി വീശിയിരുന്നു. വിട്ടുകൊടുക്കാന്‍ ഭരണകക്ഷിയും തയ്യാറല്ലെന്ന സൂചനയാണ് ഇതിലൂടെ നല്‍കിയതെന്ന് ഇപ്പോള്‍ വ്യക്തമാകുന്നു.
'കാണാത്തപോലെ നില്‍ക്കാം' ഗൗരവം വിടാതെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സത്യപ്രതിജ്ഞാചടങ്ങില്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."