നിര്‍മാണ തൊഴിലാളികള്‍ക്ക് ഇസ്‌റാഈലില്‍ തൊഴിലവസരവുമായി യോഗി സര്‍ക്കാര്‍; 10000 ഒഴിവുകള്‍, 1.3ലക്ഷം രൂപ ശമ്പളം
നിര്‍മാണ തൊഴിലാളികള്‍ക്ക് ഇസ്‌റാഈലില്‍ തൊഴിലവസരവുമായി യോഗി സര്‍ക്കാര്‍; 10000 ഒഴിവുകള്‍, 1.3ലക്ഷം രൂപ ശമ്പളം
ലഖ്‌നൗ: നിര്‍മാണ തൊഴിലാളികള്‍ക്ക് ഇസ്‌റാഈലില്‍ ജോലി അവസരവുമായി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. പതിനായിരം ഒഴിവുകളുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
ഒന്ന് മുതല്‍ അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. തെരഞ്ഞെടുക്കപ്പെടുന്ന തൊഴിലാളികള്‍ക്ക് പ്രതിമാസം 1,34,000 രൂപ ശമ്പളമാണ് വാഗ്ദാനം. 21നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. ഇവര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് അടക്കമുള്ള സൗകര്യങ്ങള്‍ ലഭിക്കും. എന്നാല്‍ യാത്രാ ചെലവ് തൊഴിലാളികള്‍ വഹിക്കണം.
കഴിഞ്ഞ മേയില്‍ ഇസ്‌റാഈലില്‍ വിദേശകാര്യ മന്ത്രി എലി കോഹന്‍ ന്യൂഡല്‍ഹിയിലെത്തിയപ്പോള്‍ ഇരു രാജ്യങ്ങളും തമ്മില്‍ തൊഴില്‍ കരാറില്‍ ഒപ്പിട്ടിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്. 34,000 നിര്‍മാണ തൊഴിലാളികളും 8,000 നഴ്‌സുമാരും അടക്കം 42,000 ഇന്ത്യക്കാര്‍ക്ക് ഇസ്‌റാഈലില്‍ തൊഴിലവസരങ്ങള്‍ തേടാന്‍ അനുമതി നല്‍കുന്നതാണ് കരാര്‍.
അലീഗഢ്, ഹാഥറസ്, കസ്ഗന്‍ജ്, എറ്റാഹ് തുടങ്ങിയ ജില്ലകളില്‍നിന്നായി പതിനായിരത്തോളം പേര്‍ അപേക്ഷ നല്‍കിയതായി അലീഗഢ് സോണ്‍ ഡെപ്യൂട്ടി ലേബര്‍ കമീഷണര്‍ സിയറാം അറിയിച്ചു. ദേശീയ നൈപുണ്യ വികസന കോര്‍പറേഷനാണ് തൊഴിലാളികളെ ഇന്റര്‍വ്യൂ ചെയ്യുന്നത്. കല്‍പ്പണി, പ്ലംബര്‍, ടൈല്‍സ് ജോലി എന്നിവയുള്‍പ്പെടെ 54 വിദഗ്ധ തൊഴിലാളികളെ ഇതിനകം അലീഗഢില്‍നിന്ന് തെരഞ്ഞെടുത്തതായും സിയറാം പറഞ്ഞു.
അലീഗഢ് മേഖലയില്‍ മാത്രം ഏകദേശം 4.5 ലക്ഷം തൊഴിലാളികള്‍ തൊഴില്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരോട് ഇസ്‌റാഈലില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമുണ്ടോ എന്ന് സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ട്. തൊഴിലാളികളെ യുദ്ധ മേഖലകളിലേക്കല്ല, നിര്‍മാണ പദ്ധതികള്‍ നടക്കുന്ന പ്രദേശങ്ങളിലേക്കാണ് വിന്യസിക്കുക. ജോലിക്ക് അപേക്ഷിക്കുന്നവരുടെ മതമോ ലിംഗഭേദമോ നോക്കാതെ വിദഗ്ധരായവരെ തിരഞ്ഞെടുക്കുമെന്നും സിയറാം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."