HOME
DETAILS
MAL
'ദുരഭിമാന' തട്ടിയെടുക്കല്‍: സി.പി.എം പ്രതിരോധത്തില്‍
backup
October 23 2021 | 03:10 AM
തിരുവനന്തപുരം: തിരുവനന്തപുരത്ത് ദലിത് ക്രിസ്ത്യന്‍ യുവാവിനെ വിവാഹം കഴിച്ച എസ്.എഫ്.ഐ മുന്‍ നേതാവ് അനുപമ എസ്. ചന്ദ്രനില്‍ നിന്ന് വീട്ടുകാര്‍ കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തില്‍ സി.പി.എം കൂടുതല്‍ പ്രതിരോധത്തില്‍. പാര്‍ട്ടിക്ക് തുടക്കംമുതലേ ഇക്കാര്യങ്ങളെല്ലാം അറിയുമായിരുന്നുവെന്ന് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ സ്ഥിരീകരിച്ചതോടെയാണിത്. അനുപമയുടെ പിതാവും സി.പി.എം നേതാവുമായ ജയചന്ദ്രനോട് കുഞ്ഞിനെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നാണ് ആനാവൂര്‍ നാഗപ്പന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 19നാണ് അനുപമ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 22ന് ആശുപത്രിയില്‍ നിന്ന് മടങ്ങുംവഴിയാണ് കുഞ്ഞിനെ വീട്ടുകാര്‍ തട്ടിയെടുത്തത്. സഹോദരിയുടെ വിവാഹം കഴിയുന്നതോടെ കുഞ്ഞിനെ തിരിച്ചുതരാമെന്ന് വിശ്വസിപ്പിച്ചായിരുന്നുഇത്. വിവാഹശേഷം തിരികെ തരാതിരുന്നതോടെ ഏപ്രില്‍ മുതല്‍ അനുപമ കുഞ്ഞിന് വേണ്ടിയുള്ള പോരാട്ടത്തിലാണ്. സഹായം തേടി അനുപമ മുഖ്യമന്ത്രി, ഡി.ജി.പി, സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍, ആനാവൂര്‍ നാഗപ്പന്‍ തുടങ്ങിയവരെ സമീപിച്ചു.
എന്നാല്‍, ആരുടെ അടുത്തുനിന്നും അനുകൂല നടപടിയുണ്ടായില്ലെന്നാണ് യുവതിയുടെ പരാതി. മാത്രമല്ല, ആനാവൂര്‍ നാഗപ്പന്‍ പരുഷമായി പെരുമാറിയെന്നും അനുപമ ഇന്നലെ മാധ്യമങ്ങളോട് വെളിപ്പെടുത്തി. പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാകാരാട്ട് മാത്രമാണ് കൂടെ നിന്നതെന്നും അനുപമ പറഞ്ഞു.
കുഞ്ഞിനെ വിട്ടുകിട്ടുന്നതിനായി പാര്‍ട്ടിക്ക് മേല്‍കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെ അനുപമയെയും ഭര്‍ത്താവും ഡി.വൈ.എഫ്.ഐ പേരൂര്‍ക്കട മേഖലാ പ്രസിഡന്റായിരുന്ന അജിത്തിനെയും സി.പി.എമ്മില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. മകളുടെ കുഞ്ഞിനെ തട്ടിയെടുത്തെന്ന ആരോപണം നിലനില്‍ക്കെ എസ്.ചന്ദ്രനെ ലോക്കല്‍ കമ്മിറ്റിയംഗമായും സി.ഐ.ടി.യു സംസ്ഥാന ഖജാന്‍ജിയായും ഉയര്‍ത്തിയെന്നും അനുപമ ആരോപിച്ചു.
പുരോഗമന നിലപാട് ഉയര്‍ത്തിപ്പിടിക്കേണ്ട സി.പി.എം, ദുരഭിമാനത്തിന്റെ പേരില്‍ നവജാതശിശുവിനെ തട്ടിയെടുത്ത പാര്‍ട്ടി അംഗത്തെ സംരക്ഷിക്കുകയും അനുപമയുടെ പരാതി അവഗണിക്കുകയും ചെയ്തത് സാമൂഹികമാധ്യമങ്ങളിലും വലിയ ചര്‍ച്ചയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."