കാലവര്‍ഷക്കെടുതി ; മുന്നറിയിപ്പ് നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ മുന്നറിയിപ്പ് നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം നിയമസഭയില്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് അനുമതി ചോദിച്ച് നോട്ടിസ് നല്‍കിയത്. മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
പ്രളയ മുന്നറിയിപ്പില്‍ സര്‍ക്കാര്‍ വന്‍ പരാജയമായിരുന്നുവെന്ന് തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി. 2018ലെ പ്രളയത്തില്‍ നിന്ന് സര്‍ക്കാര്‍ പാഠം ഉള്‍ക്കൊണ്ടില്ലെന്നും മുന്നറിയിപ്പ് നല്‍കുന്നതില്‍ ദുരന്ത നിവാരണ അതോറിറ്റിക്ക് വീഴ്ച പറ്റിയെന്നും അദ്ദേഹം പറഞ്ഞു. ദുരന്ത നിവാരണ അതോറിറ്റി തലവന്‍ ഓഖി സമയത്തും ഇപ്പോഴും വിദേശത്തണ്. അദ്ദേഹത്തിന് വിദേശകാര്യ വകുപ്പില്‍ ജോലി നല്‍കുന്നതാണ് നല്ലത്. 2018ലെ പ്രളയത്തില്‍ നിന്ന് പാഠം പഠിച്ചിട്ടില്ല. ഹരിത അരക്ഷിത സംസ്ഥാനമായി കേരളം മാറുന്നു. ചുഴലിക്കാറ്റ് ഷെല്‍ട്ടറുകള്‍ സ്ഥാപിക്കാനുള്ള ഫണ്ട് സംസ്ഥാനം വിനിയോഗിച്ചില്ല. സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തിട്ടില്ല. പ്രളയ മാപ്പിങ് ഫലപ്രദമായി തയാറാക്കിയില്ലെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.
അതേ സമയം, സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പു ലഭിച്ചത് മുതല്‍ സംസ്ഥാനം ഒരുക്കങ്ങള്‍ നടത്തിയെന്ന് റവന്യൂമന്ത്രി കെ.രാജന്‍ മറുപടി നല്‍കി. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് (ഐ.എം.ഡി) സംസ്ഥാനത്തിന് കാലാവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നത്. ഐ.എം.ഡിയെ അവഗണിച്ച് മുന്നോട്ടുപോകാനാവില്ല. ഒക്‌ടോബര്‍ 16 ലെ പകലില്‍ ചില മേഖലകള്‍ കേന്ദ്രീകരിച്ചുണ്ടായ അതിതീവ്ര മഴ മറ്റ് ഏതെങ്കിലും ഏജന്‍സികളോ മോഡലുകളോ ശരിയായ രീതിയില്‍ കാലേക്കൂട്ടി പ്രവചിച്ചതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും അതുവരെ ദിവസങ്ങളില്‍ ഉണ്ടായതിന് വിഭിന്നമായി കൂട്ടിക്കല്‍, കൊക്കയാര്‍ മേഖലകളില്‍ മഴ ശക്തമായത് പെട്ടെന്നായിരുന്നുവെന്നും മന്ത്രി വിവരിച്ചു.
ന്യൂനമര്‍ദം രൂപപ്പെടുന്ന ദിവസം മുതല്‍ സംസ്ഥാനത്ത് എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കി. പ്രളയമുണ്ടായ ദിവസം കേരളത്തില്‍ ഒരിടത്തും കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നില്ല. ദുരന്തം ഉണ്ടായ സ്ഥലങ്ങളില്‍ ഓറഞ്ചും യെല്ലോ അലര്‍ട്ടും മാത്രമായിരുന്നു. 10 മണിക്കു ശേഷമാണ് തീവ്രമഴയുടെ മുന്നറിയിപ്പായി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതോടെ കേന്ദ്ര സേനയടക്കം ഈ ജില്ലകളിലേക്ക് പുറപ്പെട്ടു. എന്നാല്‍ പ്രധാന റോഡുകളില്‍ മിക്കയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായത് വെല്ലുവിളിയായി. പ്രദേശത്തെ ജനപ്രതിനിധികളും നാട്ടുകാരും സന്നദ്ധസേനാ പ്രവര്‍ത്തകരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതും മൃതദേഹങ്ങള്‍ കണ്ടെത്തിയതും. പിന്നീട് സൈന്യത്തിന്റെ ഉള്‍പ്പെടെ സഹായം തേടിയെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ അവകാശികള്‍ക്കും പരുക്കേറ്റവര്‍ക്കും വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും കൃഷിനാശം സംഭവിച്ചവര്‍ക്കും കന്നുകാലികളെ നഷ്ടപ്പെട്ടവര്‍ക്കും ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്കും മാനദണ്ഡപ്രകാരമുള്ള നഷ്ടപരിഹാര തുക അടിയന്തരമായി നല്‍കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ച് കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.
കേരളം നാലുവര്‍ഷം തുടര്‍ച്ചയായി പ്രകൃതി ദുരന്തങ്ങള്‍ക്കിരയായിട്ടും ദുരന്ത നിവാരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ വാക്കൗട്ട് പ്രസംഗത്തില്‍ പറഞ്ഞു.
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ സമഗ്രമായ ഏകോപനമാണ് വേണ്ടതെന്നും ഒരോ ജില്ലകളിലെയും വ്യത്യസ്തമായ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വികേന്ദ്രീകൃതമായി വേണമെന്നും സതീശന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."