കുറുപ്പന്തറയില്‍ വികസനത്തിന്റെ ചൂളം വിളിയെത്തി
കടുത്തുരുത്തി: വൈക്കം റോഡ്, കടുത്തുരുത്തി, കുറുപ്പന്തറ റെയില്‍വേ സ്റ്റേഷനുകളില്‍ വികസനത്തിന്റെ ചൂളം വിളിയെത്തി. ഇനി വേണ്ടത് കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ്.
മുളന്തുരുത്തി മുതല്‍ കുറുപ്പന്തറ വരെയുള്ള പാതയിരട്ടിപ്പിക്കലിന്റെ നിര്‍മാണം പൂര്‍ത്തിയായയതോടെ വൈക്കം റോഡ്, കടുത്തുരുത്തി, കുറുപ്പന്തറ റെയില്‍വേ സ്റ്റേഷനുകള്‍ ആധൂനിക രീതിയില്‍ നവീകരിച്ചു. പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി റെയില്‍വേ സ്റ്റേഷനുകളില്‍ ഇരുവശങ്ങളിലുമായി പ്ലാറ്റ്‌ഫോമുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചു.
പ്ലാറ്റ് ഫോമില്‍ വൈദ്യുതി ലൈറ്റുകളും ഇരിപ്പിടങ്ങളും തയാറാക്കി കൊണ്ടിരിക്കുകയാണ്. ചെറിയ റെയില്‍വേ സ്റ്റേഷനുകളായിരുന്ന വൈക്കം റോഡും കുറുപ്പന്തറയും കടുത്തുരുത്തി സ്റ്റേഷന്റേയും മുഖച്ഛായ ഒന്നാകെ മാറി. വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യത്തിന് നാളുകളുടെ പഴക്കമുണ്ട്.
ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസായിരുന്ന കാലത്ത് അനുവദിച്ച കേരളാ എക്‌സ്പ്രസിനും പാസഞ്ചര്‍ ട്രെയിനുകള്‍ക്കും മാത്രമാണ് ഇവിടെ ഇപ്പോഴും സ്റ്റോപ്പുള്ളത്. ദൂരെനിന്നെത്തുന്നവര്‍ക്ക് സമീപത്തെ തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരുന്നതിനു സഹായിക്കുന്ന റെയില്‍വേ സ്റ്റേഷനാണ് വൈക്കം റോഡ് റെയില്‍വേ സ്റ്റേഷന്‍.
വൈക്കം മഹാദേവ ക്ഷേത്രം, മള്ളിയൂര്‍ ക്ഷേത്രം, കുറവിലങ്ങാട് മാര്‍ത്താ മറിയം ഫൊറോനാപള്ളി, ആദിത്യപുരം സൂര്യദേവ ക്ഷേത്രം, തളിയില്‍ മഹാദേവ ക്ഷേത്രം, വിശുദ്ധ അല്‍ഫോണ്‍സാമ്മ ജീവിച്ച മുട്ടുചിറയിലെ അല്‍ഫോന്‍സാഭവന്‍, രാമപുരം നാലമ്പലം, മുട്ടുചിറ ഫൊറോനാ പള്ളി, ഭരണങ്ങാനം അല്‍ഫോണ്‍സാ തീര്‍ത്ഥാടന കേന്ദ്രം, കടുത്തുരുത്തി സെന്റ് മേരീസ് വലിയപള്ളിയും താഴത്തുപള്ളിയും തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് എത്തുന്നതിനുള്ള എളുപ്പ മാര്‍ഗമാണ് ഈ റെയില്‍വേ സ്റ്റേഷന്‍. കൂടാതെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫിസികളിലേക്കും ഇവിടെ നിന്നും എത്തിച്ചേരാന്‍ കഴിയും.
സ്റ്റേഷന്റെ സമീപത്തായാണ് കോട്ടയം-എറണാകുളം പ്രധാന പാത. ട്രെയിനിറങ്ങിയാല്‍ യാത്രക്കാര്‍ക്ക് വാഹനയാത്രയ്ക്കും തടസമില്ല. നിലവില്‍ കടുത്തുരുത്തിയിലും കുറുപ്പന്തറ സ്റ്റേഷനിലും പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് മാത്രമാണ് സ്റ്റോപ്പുള്ളത്.
പാലാ, കടുത്തുരുത്തി, വൈക്കം തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്ക് എളുപ്പ മാര്‍ഗ്ഗം എത്തിച്ചേരാന്‍ കഴിയുന്ന ഏക റെയില്‍വേ സ്റ്റേഷനാണ് വൈക്കം റോഡ് റെയില്‍വേ സ്റ്റേഷന്‍. ഇവിടെ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിന് നിരവധി നിവേദനങ്ങള്‍ റെയില്‍വേ അധികാരികള്‍ക്ക് നല്‍കിയിരുന്നു. പാതയിരട്ടിപ്പിക്കലും റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണവും പൂര്‍ത്തിയാകുമ്പോള്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."