ത്രിപുരയിലെ മുസ് ലിം വിരുദ്ധ കലാപം സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണം: മുസ് ലിം ലീഗ്
കോഴിക്കോട്
ത്രിപുരയിലെ ന്യൂനപക്ഷങ്ങൾക്കെതിരായ സംഘ്പരിവാർ അതിക്രമങ്ങളിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്ന് മുസ് ലിം ലീഗ് ദേശീയ അഡ്വൈസറി കമ്മിറ്റിയുടെയും പ്രത്യേക ക്ഷണിതാക്കളുടെയും യോഗം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് മുസ് ലിംകൾക്കെതിരേ അഴിഞ്ഞാടുന്ന അക്രമികൾക്കൊപ്പം നിൽക്കുകയാണ് ബി.ജെ.പി സർക്കാർ. അക്രമത്തിന് ഇരകളായവർക്ക് നീതി ലഭ്യമാക്കാനുള്ള ശ്രമങ്ങൾ പോലും അനുവദിക്കുന്നില്ല. ആർ.എസ്.എസ്, വി.എച്ച്.പി, ബജ്റംഗ്ദൾ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ത്രിപുരയിൽ പള്ളികൾ തകർക്കുകയും മുസ് ലിം സ്ഥാപനങ്ങൾ കൊള്ളയടിക്കുകയും വീടുകൾ നശിപ്പിക്കുകയും ചെയ്തത്. ജനാധിപത്യ ഇന്ത്യക്ക് വലിയ നാണക്കേടുണ്ടാക്കുന്ന വാർത്തകളാണ് ത്രിപുരയിൽനിന്ന് വന്നുകൊണ്ടിരിക്കുന്നത്. ഈ അക്രമങ്ങൾ ഉടൻ അവസാനിപ്പിക്കുകയും സംഭവത്തിൽ സമഗ്രാന്വേഷണം നടത്തുകയും വേണം.
യു.പി തെരഞ്ഞെടുപ്പ്, അസം കുടിയൊഴിപ്പിക്കൽ, ദേശീയ മെമ്പർഷിപ്പ് കാംപയിൻ, ദേശീയ ഫണ്ട് ശേഖരണം തുടങ്ങിയ കാര്യങ്ങളും യോഗം ചർച്ച ചെയ്തു. ഡിസംബർ മൂന്ന് മുതൽ 10 വരെ ദേശീയതലത്തിൽ ഫണ്ട് ശേഖരണ കാംപയിൻ സംഘടിപ്പിക്കും. വിവിധ സംസ്ഥാനങ്ങളുടെ ചുമതല ഭാരവാഹികൾക്ക് നൽകി.കോഴിക്കോട്, ചെന്നൈ എന്നിവിടങ്ങളിൽ ഹജ്ജ് എംബാർക്കേഷൻ പോയിന്റ് ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എ ഖാദർ മൊയ്തീൻ അധ്യക്ഷനായി. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സ്വാഗതം പറഞ്ഞു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ഇ.ടി മുഹമ്മദ് ബഷീർ എം.പി, പി.വി അബ്ദുൽ വഹാബ് എം.പി, ഡോ. അബ്ദുസ്സമദ് സമദാനി എം.പി, അഡ്വ. ഇഖ്ബാൽ അഹമ്മദ്, ഖുറം അനീസ് ഉമർ, കെ.പി.എ മജീദ് എം.എൽ.എ, പി.എം.എ സലാം, അഡ്വ. നൂർബിന റഷീദ്, അഡ്വ. ഫൈസൽ ബാബു, ടി.പി അഷ്റഫലി, എസ്.എച്ച് മുഹമ്മദ് അർഷദ്, ഡോ. മതീൻ ഖാൻ, കെ.എ.എം അബൂബക്കർ, നവാസ് കനി എം.പി, മുഹമ്മദ് തൗസീഫ്, എം.എസ്.എ ഷാജഹാൻ, എം. അബ്ദുൽ റഹ്മാൻ, എം.പി മൊയ്തീൻ കോയ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."