കേരളത്തിന് വിരുന്നൊരുക്കാൻ ഇനി ലുലു മാൾ; ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം
സംസ്ഥാനത്തെ ഏറ്റവും വലിയ ഷോപ്പിങ് വിസ്മയമൊരുക്കി ലുലു മാൾ ഇനി തിരുവനന്തപുരത്തും. ഔപചാരിക ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിങ് മാളുകളിലൊന്നാണിതെന്ന് ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസഫലി പറഞ്ഞു. 2,000 കോടി രൂപ നിക്ഷേപത്തിൽ 20 ലക്ഷത്തോളം ചതുരശ്രയടി വിസ്തീർണത്തിൽ ടെക്‌നോ പാർക്കിന് സമീപത്തായാണ് മാൾ. രണ്ടു ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലുള്ള ലുലു ഹൈപർ മാർക്കറ്റാണ് മാളിന്റെ മുഖ്യ ആകർഷണം.
ഗ്രോസറി, പഴം, പച്ചക്കറികൾ, വൈവിധ്യമാർന്ന മറ്റുൽപന്നങ്ങൾ, ബേക്കറി, ഓർഗാനിക് ഫുഡ്, ഹെൽത്ത് കെയർ വിഭാഗങ്ങളുമായി വ്യത്യസ്തമാണ് ഹൈപർ മാർക്കറ്റ്. ഇത് കൂടാതെ ഇന്ത്യൻ, അറബിക് ഭക്ഷണത്തിനായുള്ള പ്രത്യേക സെക്ഷനുകളുമുണ്ട്.
കുടുംബശ്രീ ഉൾപ്പെടെ പ്രാദേശികമായി സംഭരിച്ച ഉൽപന്നങ്ങളും ഇവിടെ പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്.
ഇതോടൊപ്പം ടെക്‌നോളജി ട്രെൻഡുകളുമായി ലുലു കണക്ട്, ലുലു ഫാഷൻ സ്റ്റോർ, ലുലു സെലിബ്രേറ്റ് എന്നിവയും ഇതിലുൾപ്പെടും. തിയറ്ററുകളും കിട്ടുകൾക്കുള്ള ഗെയിം സോൺ എന്നിവയും ഒരുക്കിയിട്ടുണ്ട്. 80,000 ചതുരശ്രയടി വിസ്തീർണത്തിലാണ് കുട്ടികൾക്ക് വിനോദത്തിനുള്ള ഫൺട്യൂറ ഒരുക്കിയിരിക്കുന്നത്.
200ൽപരം രാജ്യാന്തര ബ്രാൻഡുകളാണ് ലുലു മാളിലെ ഷോപുകളിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. വൈവിധ്യമാർന്ന രുചികളുമായി ഒരേസമയം 2,500 പേർക്ക് ഇരിക്കാവുന്ന ഫുഡ് കോർട്ടും ബഹുരാഷ്ട്ര ഭക്ഷ്യ കമ്പനികൾ മുതൽ നാടൻ വിഭവങ്ങൾവരെ ഒരുക്കി കഫേകളും റസ്റ്റോറന്റുകളും മാളിന് നിറംപകരുന്നു.
15,000ത്തോളം പേർക്കാണ് നേരിട്ടും അല്ലാതെയും ഇതുവഴി തൊഴിൽ ലഭിക്കുന്നത്. ഇതിൽ 100ലധികം പേർ മാൾ സ്ഥിതിചെയ്യുന്ന പ്രദേശത്തുള്ളവരാണ്. 3,500 ലധികം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാവുന്ന എട്ടു നിലകളിലായുള്ള പാർക്കിങ് സംവിധാനം മാളിന്റെ സവിശേഷതയാണ്. വാഹനങ്ങൾക്ക് സുഗമമായി മാളിലേക്ക് പ്രവേശിക്കാനും പുറത്തുകടക്കാനുമായി പാർക്കിങ് മാനേജ്‌മെന്റ് സിസ്റ്റം, ഇന്റലിജന്റ് പാർക്കിങ് ഗൈഡൻസ് എന്നീ സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അധ്യക്ഷനാകുന്ന ഉദ്ഘാടന ചടങ്ങിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ, സംസ്ഥാന മന്ത്രിമാർ എന്നിവർക്കൊപ്പം ശശി തരൂർ എം.പി, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖർ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികളും പങ്കെടുക്കും. നാളെ രാവിലെ ഒമ്പത് മുതലാണ് മാൾ പൊതുജനങ്ങൾക്കായി തുറക്കുന്നത്.
എം.എ അഷ്‌റഫ് അലി (എക്‌സിക്യൂട്ടീവ് ഡയരക്ടർ, ലുലു ഗ്രൂപ്പ്), എ.വി അനന്ത് റാം (ലുലു ഗ്രൂപ്പ് ഒമാൻ & ഇന്ത്യ ഡയരക്ടർ), എം.എ നിഷാദ് (ഡയറക്ടർ & സി.ഇ.ഒ), വി. നന്ദകുമാർ (ഡയരക്ടർ, മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ്) വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."