കിറ്റക്‌സ് ആക്രമണം: പത്ത്പേര്‍ കൂടി പിടിയില്‍, തൊഴിലാളി ക്യാംപുകളില്‍ ഇന്ന് പരിശോധന
തിരുവനന്തപുരം: കിഴക്കമ്പലം കിറ്റക്‌സ് കമ്പനിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലിസിനെ അക്രമിച്ച കേസില്‍ പത്ത് പേര്‍ കൂടി പിടിയില്‍. വിവിധ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും മൊബൈല്‍ ദൃശ്യങ്ങളില്‍ നിന്നും തിരിച്ചറിഞ്ഞവരാണ് അറസ്റ്റിലായത്. കിറ്റക്‌സിലെ തൊഴിലാളി ക്യാമ്പുകളില്‍ ഇന്ന് തൊഴില്‍ വകുപ്പ് പരിശോധന നടത്തിയേക്കും.
ക്രിസ്തുമസ് കരോള്‍ തടഞ്ഞ ഇതര സംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്യാന്‍ പൊലിസ് എത്തിയെന്ന പ്രചാരണത്തെ തുടര്‍ന്നാണ് ഒരു വിഭാഗം തൊഴിലാളികള്‍ പൊലിസിന് നേരേ അതിക്രമം നടത്തിയതെന്നാണ് നിഗമനം. അറസ്റ്റിലായവരുടെ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങളിലെ സംഭാഷണങ്ങള്‍ പൊലിസ് വിശദമായി പരിശോധിച്ച് വരികയാണ്. പ്രതികള്‍ മൊബൈലില്‍ നിന്നും നീക്കം ചെയ്ത ദൃശ്യങ്ങള്‍ പോലിസ് വീണ്ടെടുക്കുന്നുണ്ട്.
ഇന്നലെ പിടിയിലായ 10 പേരടക്കം ഇതു വരെ 174 തൊഴിലാളികള്‍ കേസില്‍ അറസ്റ്റിലായി. പ്രധാന പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലവും കൂടുതല്‍ വിവരങ്ങളും ലഭ്യമാക്കാനുള്ള ശ്രമവും അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ജില്ലാ ലേബര്‍ ഓഫീസറോട് തൊഴില്‍ വകുപ്പ് റിപ്പോര്‍ട്ട് തേടിയിരുന്നു. കിറ്റെക്‌സിലെ തൊഴിലാളികളുടെ ലഹരി ഉപയോഗം സംബന്ധിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പ്രതികള്‍ മദ്യം അല്ലാതെ മറ്റ് ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിരുന്നോ എന്ന കാര്യം എക്‌സൈസ് വിഭാഗവും അന്വേഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."