വൈദ്യുതി ഉപഭോഗത്തില്‍ 200 മെഗാവാട്ടിന്റെ കുറവ്: വൈദ്യുതി മന്ത്രി
തിരുവനന്തപുരം: വൈദ്യുതി ഉപഭോഗത്തില്‍ 200 മെഗാവാട്ടിന്റെ കുറവുണ്ടായെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ഇന്നലത്തെ ഉപഭോഗം 5800 മെഗാവാട്ടില്‍നിന്ന് 5600 ആയാണ് കുറഞ്ഞത്. ഉപഭോക്താക്കള്‍ സ്വയം നിയന്ത്രണം തുടങ്ങിയത് ഫലം കാണുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. അലങ്കാര ലൈറ്റുകളും മറ്റും ഓഫ് ചെയ്ത് ജനങ്ങള്‍ സഹകരിക്കണമെന്നും ഗാര്‍ഹിക ഉപഭോക്താക്കളെ പരമാവധി ബാധിക്കാതിരിക്കാനും സംസ്ഥാനത്ത് പവര്‍കട്ട് പരമാവധി ഏര്‍പ്പെടുത്താതിരിക്കാനുമാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു. പീക് ലോഡ് സമയത്തെ ആവശ്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍, ലോഡ് കൂടുന്ന മേഖലകളില്‍ പ്രാദേശിക നിയന്ത്രണം ഇന്നലെ മുതല്‍ ഏര്‍പ്പെടുത്തിയിരുന്നു.
സംസ്ഥാനത്ത് മുഴുവനായുള്ള ലോഡ്‌ഷെഡിങ് ഇല്ല. വിതരണ ശൃംഖല തകരാറിലാകാതെ നോക്കാനാണ് ക്രമീകരണമെന്നും വൈദ്യുതി മന്ത്രി അറിയിച്ചു. മതിയായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രണ്ടു ദിവസത്തെ സ്ഥിതി വിലയിരുത്തിയ ശേഷം ബോര്‍ഡ് വീണ്ടും സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കും. ചരിത്രത്തില്‍ ആദ്യമായി വ്യാഴാഴ്ച വൈദ്യുതി ഉപയോഗം 11.41852 കോടി യൂണിറ്റും പീക് ലോഡ് 5854 മെഗാവാട്ടും ആയി ഉയര്‍ന്നു.
യഥാര്‍ഥത്തില്‍ വൈദ്യുതി ആവശ്യം 6000 മെഗാവാട്ടില്‍ എത്തിയെന്നും പ്രാദേശിക നിയന്ത്രണം കൊണ്ടാണ് 5854 ല്‍നിന്നതെന്നും ബോര്‍ഡ് അധികൃതര്‍ ചൂണ്ടിക്കാട്ടി. രാത്രി സമയത്തുള്ള നിയന്ത്രണമാണ് ഇപ്പോഴുള്ളത്. വൈദ്യുതി ലൈനിലേക്കു ചാഞ്ഞുനില്‍ക്കുന്ന ചില്ലകള്‍ വെട്ടുന്നതടക്കമുള്ള വിവിധകാരണങ്ങള്‍ ചൂണ്ടിക്കാട്ടി പകല്‍ പലയിടങ്ങളിലും വൈദ്യുതി വിഛേദിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."