കൂട്ട അവധിയെടുത്ത ജീവനക്കാര്‍ക്കെതിരെ നടപടിയുമായി എയര്‍ ഇന്ത്യ; പിരിച്ചു വിടല്‍, നോട്ടിസ്
ന്യൂഡല്‍ഹി: കൂട്ടത്തോടെ അസുഖാവധിയെടുത്ത് മിന്നല്‍ സമരം നടത്തിയ ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടിസ് നല്‍കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 30 സീനിയര്‍ ക്രൂ മെമ്പര്‍മാരെ പിരിച്ചുവിട്ടതായി ദേശീയമാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂട്ടത്തോടെ അവധിയെടുത്ത് സര്‍വിസ് മുടക്കുന്നത് നിയമലംഘനം മാത്രമല്ല, എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സര്‍വിസ് ചട്ടങ്ങളുടെ ലംഘനം കൂടിയാണെന്ന് നോട്ടിസില്‍ ചൂണ്ടിക്കാട്ടുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍ കൂട്ടമായി അവധിയെടുത്ത് നടത്തിയ സമരത്തെ തുടര്‍ന്ന് ഇന്നലെ മാത്രം 80ഓളം വിമാനസര്‍വിസുകളാണ് മുടങ്ങിയത്. മാനേജ്‌മെന്റിനോടുള്ള പ്രതിഷേധത്തെതുടര്‍ന്നാണ് 200ലേറെ ജീവനക്കാര്‍ കൂട്ടമായി രോഗാവധിയെടുത്തത് ചൊവ്വാഴ്ച രാത്രി മുതല്‍ സമരത്തിന്റെ ഭാഗമായത്.
സമരത്തിനിറങ്ങിയ സീനിയില്‍ ക്രൂ അംഗങ്ങള്‍ക്ക് ഇ-മെയില്‍ വഴിയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നോട്ടീസ് അയച്ചത്. നീതീകരിക്കാവുന്ന ഒരു കാരണവുമില്ലാതെ ജീവനക്കാര്‍ ആസൂത്രിതമായി കൂട്ട അവധിയെടുത്തെന്ന് നോട്ടീസില്‍ പറയുന്നു. സര്‍വിസ് ഷെഡ്യൂള്‍ ചെയ്ത് അവസാന നിമിഷത്തിലാണ് ജീവനക്കാര്‍ അസുഖമാണെന്നും ഡ്യൂട്ടിക്ക് ഹാജരാകാനാവില്ലെന്നും അറിയിച്ചത്. നിരവധി സര്‍വിസുകള്‍ റദ്ദാക്കേണ്ടിവന്നു. ഇത് മറ്റ് സര്‍വിസുകളെയും ബാധിച്ചു. യാത്രക്കാര്‍ക്ക് വലിയ തോതിലുള്ള അസൗകര്യങ്ങള്‍ സൃഷ്ടിച്ചു. സര്‍വിസുകള്‍ മുടക്കുക ലക്ഷ്യമിട്ട് കരുതിക്കൂട്ടിയുള്ള അവധിയെടുക്കലാണ് നടന്നത് -നോട്ടീസില്‍ പറയുന്നു.
നോട്ടിസ് ലഭിച്ചവരെ ഇനി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരായി പരിഗണിക്കില്ലെന്നും ഔദ്യോഗിക ഇ-മെയില്‍, സെര്‍വര്‍ തുടങ്ങിയവ കൈകാര്യം ചെയ്യാന്‍ അനുമതിയുണ്ടാകില്ലെന്നും അറിയിച്ചു. തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്നും നോട്ടിസില്‍ പറയുന്നു.
സമരം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ കേരളത്തില്‍ നിന്നുള്‍പ്പെടെ നിരവധി സര്‍വീസുകളാണ് ഇന്ന് റദ്ദാക്കിയത്. കണ്ണൂരില്‍ നിന്നുള്ള ഷാര്‍ജ, അബുദാബി, ദമ്മാം തുടങ്ങി നാല് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. വിമാനത്താവളത്തിലെത്തിയപ്പോഴാണ് വിമാനങ്ങള്‍ റദ്ദാക്കിയ വിവരം ലഭിക്കുന്നതെന്ന് യാത്രക്കാര്‍ ആരോപിച്ചു. യാത്ര മെയ് 13-ന് ശേഷം മാത്രമേ തുടരാനാകൂവെന്ന് വിമാനക്കമ്പനി അറിയിച്ചതായും യാത്രക്കാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ജീവനക്കാരുടെ സമരം കാരണം മെയ് 13 വരെ സര്‍വിസുകള്‍ വെട്ടിക്കുറക്കേണ്ടിവരുമെന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സി.ഇ.ഒ അലോക് സിങ് അറിയിച്ചത്. സംഭവത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
അതേസമയം പ്രശ്ന പരിഹാരത്തിനായി എയര്‍ ഇന്ത്യ കമ്പനി സിഇഒ ആലോക് സിങ് ക്യാബിന്‍ ക്രൂവുമായി ചര്‍ച്ച നടത്തും. എയര്‍ ഇന്ത്യ എക്സ്പ്രസിലെ സമരം രാജ്യത്തെ വിമാന സര്‍വീസുകളെ സാരമായി ബാധിക്കുന്നുണ്ട്. മുന്നൂറിലധികം വരുന്ന ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുന്ന സാഹചര്യം കൂടൂതല്‍ വിമാന സര്‍വീസുകളെ ബാധിക്കുമോ എന്നതാണ് ആശങ്ക. ചുരുക്കം ചില വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ജീവനക്കാരും മാനേജുമെന്റും ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ തീരുമാനത്തിലെത്താന്‍ കഴിയാത്തത് സമരം നീണ്ടു പോകുമോ എന്ന ആശങ്കയും ശക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."