മുന്‍കൂര്‍ ഭരണാനുമതിയില്ലാതെ പൊലിസിന് 79 കോടി അനുവദിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും സംസ്ഥാന പൊലിസിന്റെ കുടിശ്ശിക തീര്‍ക്കാന്‍ മുന്‍കൂര്‍ ഭരണാനുമതി ഇല്ലാതെ 79 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ഇതോടൊപ്പം ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊലിസ് വകുപ്പിന്റെ ചെലവുകള്‍ക്കുള്ള തുകയും അനുവദിച്ചിട്ടുണ്ട്.
രണ്ട് വ്യത്യസ്ത ഉത്തരവുകളിലായി വകുപ്പ് സൃഷ്ടിച്ച കുടിശ്ശിക തീര്‍ക്കാന്‍ വ്യവസ്ഥകളോടെ 26.35 കോടി രൂപയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കായി 53.50 കോടി രൂപയുമാണ് അനുവദിച്ചത്. കേരള ഫിനാന്‍ഷ്യല്‍ കോഡിലെ ആര്‍ട്ടിക്കിള്‍ 40എ പ്രകാരം, അധികാരമുള്ള ഉദ്യോഗസ്ഥന്റെ ഭരണാനുമതിയുടെ അടിസ്ഥാനത്തില്‍ മാത്രമേ ചെലവ് ഏറ്റെടുക്കാന്‍ കഴിയൂ.
തെരഞ്ഞെടുപ്പിന് മുന്നോടിയായി കുടിശ്ശിക തീര്‍ക്കാന്‍ പൊലിസിന് സര്‍ക്കാര്‍ പണം അനുവദിച്ചതൊന്നും മുന്‍കൂര്‍ ഭരണാനുമതിയോടെ നടത്തിയതല്ല. ഏതെങ്കിലും സാഹചര്യത്തില്‍ ചെലവുകള്‍ക്കായി അനുവദിച്ച തുക അപര്യാപ്തമാണെങ്കില്‍ അധികമായി ആവശ്യമായ തുക ധനകാര്യ വകുപ്പിനെ മുന്‍കൂട്ടി അറിയിക്കണമെന്നും ഉചിതമായ ഭരണാനുമതി വാങ്ങണമെന്നും തുക അനുവദിച്ചുള്ള ഉത്തരവില്‍ ധനവകുപ്പ് അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യമായല്ല മുന്‍കൂര്‍ ഭരണാനുമതിയില്ലാതെ പെലിസിന്റെ ചെലവുകള്‍ക്കായി സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വകുപ്പിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 53.50 കോടി അനുവദിച്ച ഉത്തരവില്‍ യാത്രാ അലവന്‍സായി 22 കോടി രൂപയും ഇന്ധനച്ചെലവിന് 10 കോടി രൂപയും മോട്ടോര്‍ വാഹനങ്ങളുടെ വാടക ചാര്‍ജുകള്‍, അറ്റകുറ്റപ്പണികള്‍ എന്നിവയ്ക്കായി 3 കോടി രൂപ വീതം അനുവദിച്ചിട്ടുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടി.എയും ഡി.എയും ഒഴികെയുള്ള ബാക്കി ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ വഹിക്കേണ്ടിവരുമെന്നാണ് വിവരം. മറ്റു ചാര്‍ജുകള്‍ക്ക് 12 കോടി രൂപയാണ് അനുവദിച്ചത്.
തെരഞ്ഞെടുപ്പ് നടത്തിപ്പിന്റെ ഭാഗമായി ടെലിഫോണ്‍ ചാര്‍ജായി 50 ലക്ഷം രൂപ ചെലവായത് എങ്ങനെയെന്നും വ്യക്തമല്ല. സൗജന്യ ഇന്‍ട്രാ ഡിപ്പാര്‍ട്ട്മെന്റല്‍ കോളുകള്‍ക്കായി ടെലികോം സേവനദാതാക്കളുമായി പൊലിസിന് വിപുലമായ ക്രമീകരണമുണ്ട്. ചെലവുകളില്‍ കാണിച്ചിരിക്കുന്ന പല കണക്കുകളും അവിശ്വസനീയമാണെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. യാത്രാ അലവന്‍സ് 22 കോടി രൂപയാണ്. പൊലിസിന്റെ കണക്കുകള്‍ പ്രകാരം 6,000 കേന്ദ്ര പൊലിസ് സേനാംഗങ്ങള്‍ ഉള്‍പ്പെടുന്ന 41,976 പൊലിസുകാരെ തെരഞ്ഞെടുപ്പിനായി വിന്യസിച്ചിരുന്നു. അവര്‍ക്ക് സംസ്ഥാന പൊലിസ് ഒരു അലവന്‍സും നല്‍കേണ്ടതില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."