പ്ലസ് ടു: കാര്‍ത്തികേയന്‍ നായര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഇരുട്ടില്‍ - പരിഹാരം റിപ്പോര്‍ട്ട് നടപ്പാക്കുക മാത്രം
കോഴിക്കോട്: മലബാറിലെ ഹയര്‍ സെക്കന്‍ഡറി സീറ്റുകളുടെ അപര്യാപ്തത വീണ്ടും ചര്‍ച്ചയാകുമ്പോഴും പ്രൊഫ.കാര്‍ത്തികേയന്‍ നായര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഇരുട്ടിലാണ്. കഴിഞ്ഞ മെയ് 16നാണ് റിപ്പോര്‍ട്ട് വകുപ്പ് മന്ത്രിക്ക് കൈമാറിയത്. ഇതുവരെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയോ നിര്‍ദേശങ്ങളില്‍ ഒന്നുപോലും നടപ്പാക്കുകയോ ചെയ്തിട്ടില്ല.
പ്രീഡിഗ്രി നിര്‍ത്തലാക്കി ഹയര്‍ സെക്കന്‍ഡറി വ്യാപകമാക്കിയ 1998-2000 മുതല്‍ നിലനില്‍ക്കുന്നതാണ് മലബാറില്‍ ഹയര്‍ സെക്കന്‍ഡറി സീറ്റുകളിലെ ക്ഷാമം. പിന്നീട് വന്ന സര്‍ക്കാറുകള്‍ പ്രശ്ന പരിഹാരത്തിന് ശ്രമിച്ചെന്ന് വരുത്തിയെങ്കിലും വിജയശതമാനം വര്‍ധിക്കുന്നതോടെ സീറ്റുകള്‍ മതിയാകാതെ വന്നു. ഇതിനു വേണ്ടിയുള്ള മുറവിളി തുടര്‍ന്നതല്ലാതെ പരിഹാരം മാത്രം ഉണ്ടായില്ല.
അതേ സമയം തെക്കന്‍ കേരളത്തില്‍ മതിയായ കുട്ടികളില്ലാതെ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഈ അവസ്ഥയെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹയര്‍ സെക്കന്‍ഡറി മുന്‍ ഡയരക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷനായി കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചത്. നാലു മാസത്തിലേറെ എടുത്ത് അഞ്ചംഗ കമ്മിറ്റി തയാറാക്കിയ റിപ്പോര്‍ട്ട് വിദ്യാഭ്യാസ മന്ത്രിക്ക് നല്‍കി ഒരു വര്‍ഷമായിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സമഗ്രമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചതെന്ന് പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ സുപ്രഭാതത്തോട് പറഞ്ഞു. നടപടിയെടുക്കേണ്ടത് സര്‍ക്കാറാണ്. അവര്‍ക്ക് പല പരിമിതികളുണ്ടാകാം.
ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ കുട്ടികളെ വര്‍ധിപ്പിക്കുന്ന മാര്‍ജിനല്‍ ഇംക്രീസ് രീതി പരിഹാരമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. മതിയായ കുട്ടികളില്ലാത്ത ബാച്ചുകള്‍ മലബാര്‍ മേഖലയിലേക്ക് മാറ്റുകയാണ് ഒരു പരിഹാരം. മാനേജ്മെന്റ് സ്‌കൂളുകളിലെ ബാച്ചുകള്‍ മാറ്റുന്നതിന് പ്രയാസമുണ്ടാകും. അതത് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് രണ്ട് സ്‌കോര്‍ നല്‍കുന്ന രീതി ഉപേക്ഷിക്കണമെന്ന നിര്‍ദേശം ഉണ്ടെങ്കിലും അത് അത്ര പ്രധാനമല്ല- കാര്‍ത്തികേയന്‍ നായര്‍ പറഞ്ഞു.
പുതിയ ബാച്ചുകള്‍ അനുവദിക്കുന്നതിന് പകരം ക്ലാസുകളില്‍ കുട്ടികളെ കുത്തിനിറയ്ക്കുന്ന രീതിയാണ് ഈ വര്‍ഷവും സര്‍ക്കാര്‍ അവലംബിക്കുന്നത്. ഹയര്‍ സെക്കന്‍ഡറിയെ കുറിച്ച് പഠിച്ച പ്രൊഫ.പി.ഒ.ജെ. ലബ്ബ കമ്മിറ്റി നിര്‍ദേശിച്ചത് ക്ലാസില്‍ 40 കുട്ടികളാണ്.
കുട്ടികള്‍ 50ല്‍ കൂടരുതെന്ന് കാര്‍ത്തികേയന്‍ നായര്‍ കമ്മിറ്റിയും നിര്‍ദേശിച്ചു. സംസ്ഥാനത്ത് 3145 സ്‌കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറിയില്ല. ബാച്ചുകള്‍ കൂട്ടാതെ 30 ശതമാനം സീറ്റുകള്‍ കൂട്ടുമ്പോള്‍ 65 കുട്ടികളുണ്ടാവും. ബാച്ചില്‍ 50 കുട്ടികളെന്ന നിലയിലാണ് ക്ലാസുമുറികളും ലാബുകളും മറ്റു സൗകര്യങ്ങളും തയാറാക്കിയത്. കൗമാരക്കാരായ കുട്ടികള്‍ ബെഞ്ചില്‍ നാലുപേര്‍ ഇരിക്കേണ്ടിടത്ത് അഞ്ചും ആറും പേര്‍ വരുന്ന സ്ഥിതിയാണ്. വിദ്യാഭ്യാസ നിലവാരത്തെ ഇത് ബാധിക്കുമെന്ന് വിവിധ അധ്യാപക സംഘടനകളും വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."