കാലവര്‍ഷം മെയ് 19ഓടെ; അടുത്ത മണിക്കൂറില്‍ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കാലവര്‍ഷം ഇത്തവണ നേരത്തെയെത്തും. മെയ് 19 ഓടെ കേരളത്തില്‍ കാലവര്‍ഷം എത്തുമെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ആന്‍ഡമാന്‍ കടല്‍ നിക്കോബര്‍ ദ്വീപ് എന്നിവിടങ്ങളിലാണ് കാലവര്‍ഷം ആദ്യമെത്തുക. സാധാരണയായി മെയ് 22 ഓടു കൂടിയാണ് ആന്‍ഡമാന്‍ ഉള്‍കടലില്‍ കാലവര്‍ഷം ആരംഭിക്കാറുള്ളത്.
അതേസമയം അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ മുന്നറിയിപ്പുണ്ട്. ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനുമാണ് സാധ്യത.
അടുത്ത അഞ്ച് ദിവസത്തേക്ക് മഴ കനക്കുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."