ഇടുക്കിയില്‍ റെഡ് അലര്‍ട്ട്: നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും, വിനോദസഞ്ചാരികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
ഇടുക്കി:ഇടുക്കിയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിനോദസഞ്ചാരികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം. വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ടൂറിസം വകുപ്പ്, ഡി.ടി.പി.സി എന്നിവ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മഴ മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരും. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോരമേഖലകളില്‍ മഴ അവസാനിക്കുന്നതുവരെ നിയന്ത്രണങ്ങള്‍ ഉണ്ടാകും.
ജില്ലയില്‍ എത്തുന്ന വിനോദയാത്രക്കാര്‍ കാലാവസ്ഥ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കേണ്ടതും ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുമാണ്.
അതേസമയം നാല് ജില്ലകളില്‍ അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."