ഖത്തറിൽ നിന്നും കേരളത്തിലേക്ക് പുതിയ വിമാന സർവീസുകൾ ആരംഭിച്ച് ആകാശ എയര്‍
കൊച്ചി: ഖത്തറിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും പുതിയ വിമാന സർവീസുകൾ ആരംഭിച്ച് ആകാശ എയര്‍. കൊച്ചി-ദോഹ എയർപ്പോർട്ടുകൾ വഴി നാല് പ്രതിവാര വണ്‍-സ്‌റ്റോപ്പ് വിമാന സര്‍വീസുകളാണ് ആരംഭിച്ചത്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളില്‍ കൊച്ചിക്കും ദോഹക്കുമിടയില്‍ വിനോദ സഞ്ചാര മേഖലയിലെ മികച്ച സാധ്യതകൾ കൂടി കണക്കിലെടുത്താണ് പുതിയ സർവീസുകൾ. ബിസിനസ്, വിനോദം തുടങ്ങി വിവിധ വിഭാഗങ്ങളിലെ യാത്രക്കാരാണ് ടൂറിസം മേഖലക്ക് ഈ കുതിപ്പ് നല്‍കുന്നത്.
ബുധൻ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലാണ് മുംബൈ വഴിയുള്ള കൊച്ചി- ദോഹ വിമാന സര്‍വീസുകള്‍. കൊച്ചിയിൽ നിന്ന് ബുധൻ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.10ന് പുറപ്പെടുന്ന വിമാനം മുംബൈ വഴി കണക്ട് ചെയ്ത് രാത്രി 7.40ന് ദോഹയിൽ എത്തിച്ചേരും. തിരികെ ബുധൻ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ രാത്രി 8.40ന് ദോഹയിൽ നിന്ന് പുറപ്പെടുന്ന വിമാനം മുംബൈ വഴി കണക്ട് ചെയ്ത് പിറ്റേദിവസം രാവിലെ 11.20നാണ് കൊച്ചിയിൽ എത്തിച്ചേരുക.
2022 ഓഗസ്റ്റില്‍ ആരംഭിച്ച ആകാശ എയര്‍ 80 ലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്‍കി കഴിഞ്ഞുവെന്ന് കമ്പനി അറിയിച്ചു. ദോഹ (ഖത്തര്‍), ഛദ്ദ (സഊദി അറേബ്യ), കൊച്ചി, ഡല്‍ഹി, മുംബൈ, അഹമദാബാദ്, ബംഗളൂരു തുടങ്ങി 24 നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് നിലവിൽ ആകാശ എയർ വിമാന സര്‍വീസുകള്‍ നടത്തി വരുന്നു. ആകാശ എയറിന്റെ വെബ്‌സൈറ്റിലൂടേയും ആന്‍ഡ്രോയ്ഡ്, ഐ ഒ എസ് ആപ്പുകളിലൂടേയും പ്രമുഖ ട്രാവൽ ഏജന്റുമാരിലൂടെയും (ഒടിഎ) ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണെന്ന് കമ്പനി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."