അബുദബി ഷവാമെഖില്‍ ലുലു ഹൈപര്‍ മാര്‍ക്കറ്റ് തുറന്നു
അബുദബി: ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപര്‍ മാര്‍ക്കറ്റ് അബുദാബി ഷവാമെഖില്‍ പ്രവര്‍ത്തനമാരംഭിച്ചു. ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സാന്നിധ്യത്തില്‍ അല്‍ വത്ബ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ഹുമൈദ് അല്‍ മര്‍സൂഖി ഉദ്ഘാടനം നിര്‍വഹിച്ചു.
അബുദാബി നഗരത്തിന്റെ പ്രാന്തപ്രദേശമായ ഷവാമെഖില്‍ പുതുതായി ആരംഭിച്ച ഷവാമെഖ് സെന്‍ട്രല്‍ മാളിലാണ് ലുലു ഹൈപര്‍ മാര്‍ക്കറ്റ്. 85,000 ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള ഹൈപര്‍ മാര്‍ക്കറ്റില്‍ ഉപഭോക്തക്കളുടെ സൗകര്യം മുന്‍നിര്‍ത്തി ഏറ്റവും പുതിയ ലേഔട്ട് ഡിസൈനിലാണ് ഹൈപര്‍ മാര്‍ക്കറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നത്. സൂപര്‍ മാര്‍ക്കറ്റ്, ഹോട്ഫുഡ്‌സ്, ഫ്രഷ് ഫുഡ്, ബേക്കറി, ഇലക്‌ട്രോണിക്‌സ് വിഭാഗം, ലുലു ഫാഷന്‍ സ്റ്റോര്‍ തുടങ്ങിയ വിഭാഗങ്ങളുകളുമുണ്ട്. ഹൈപര്‍ മാര്‍ക്കറ്റ് കൂടാതെ മണി എക്‌സ്‌ചേഞ്ച്, ഫാര്‍മസി, ഫുഡ് & ബിവറേജസ് ഔട്‌ലെറ്റുകള്‍, എ.ടി.എം തുടങ്ങി വിവിധോദ്ദേശ്യ സ്ഥാപനങ്ങളുമുണ്ട്.
വ്യത്യസ്ത ജനസമൂഹങ്ങളെ സേവിക്കാന്‍ ലുലു ഗ്രൂപ് ആരംഭിച്ച ഷോപ്പിംഗ് കേന്ദ്രം പ്രാദേശിക കാര്‍ഷകര്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കുമെന്ന് ഹുമൈദ് അല്‍ മര്‍സൂഖി പറഞ്ഞു. നഗരത്തില്‍ മാത്രമല്ല, പ്രാന്തപ്രദേശങ്ങളിലും ലുലു ഗ്രൂപ് ജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു.
അബുദബിയില്‍ അടുത്ത വര്‍ഷാവസാനത്തോടെ 7 പുതിയ ഹൈപര്‍ മാര്‍ക്കറ്റുകള്‍ കൂടി ആരംഭിക്കുമെന്ന് എം.എ യൂസഫലി പറഞ്ഞു. ഇത് 268-ാമത്തെ ഹൈപര്‍ മാര്‍ക്കറ്റാണ്. അടുത്ത വര്‍ഷം അവസാനത്തോടെ ഹൈപര്‍ മാര്‍ക്കറ്റുകളുടെ എണ്ണം 300 എന്നതാണ് ലക്ഷ്യം. എമിറേറ്റിലെ ഉള്‍പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്കും ദീര്‍ഘ ദൂരം യാത്ര ചെയ്യാതെ വേണ്ടതെല്ലാം വാങ്ങാനാവുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഹൈപര്‍ മാര്‍ക്കറ്റ് നഗരത്തില്‍ നിന്നും മാറി ഷവാമെഖില്‍ ആരംഭിച്ചത്. ലുലു ഗ്രൂപ്പിന് യു.എ.ഇ ഭരണാധികാരികള്‍ നല്‍കുന്ന പിന്തുണക്ക് യൂസഫലി നന്ദി പറഞ്ഞു.
ലുലു ഗ്രൂപ് സി.ഇ.ഒ സൈഫി രൂപാവാല, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എം.എ അഷ് റഫ് അലി, ലുലു അബുദാബി ഡയറക്ടര്‍ അബൂബക്കര്‍, റീജ്യണല്‍ ഡയറക്ടര്‍ അജയ് കുമാര്‍ എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."