യു.പിയിൽ ജനിക്കാന്‍ പോകുന്നത് പെണ്‍കുട്ടിയാണോ എന്ന് പരിശോധിക്കാന്‍ ഭാര്യയുടെ വയര്‍ കീറി; യുവാവിന് ജീവപര്യന്തം
ജനിക്കാന്‍ പോകുന്നത് പെണ്‍കുട്ടിയാണോയെന്നറിയാന്‍ ഭാര്യയുടെ വയര്‍ കീറിയ യുവാവിന് ജീവപര്യന്തം ശിക്ഷ. ഉത്തര്‍പ്രദേശിലെ ബുദ്വാന്‍ സ്വദേശിയായ പന്ന ലാലിനാണ് ബറേലി ജില്ലാ കോടതി ശിക്ഷ വിധിച്ചത്. ഇയാള്‍ 50,000 രൂപ പിഴയും അടയ്ക്കണം.
പന്ന ലാലിന്റെ ഭാര്യ അനിത ദേവി എട്ട് മാസം ഗര്‍ഭിണി ആയിരിക്കെ, 2020 സെപ്റ്റംബറിലാണ് സംഭവമുണ്ടാകുന്നത്. 25 വര്‍ഷം മുമ്പായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. 5 പെണ്‍കുഞ്ഞുങ്ങളാണ് ദമ്പതികള്‍ക്ക്. പന്ന ലാലിന് ആഗ്രഹം ആണ്‍കുഞ്ഞ് വേണമെന്നും. ഈ പേരും പറഞ്ഞ് ഇയാള്‍ അനിതയെ ഉപദ്രവിക്കുക പതിവായിരുന്നു. ഇതിനിടെയാണ് അനിത വീണ്ടും ഗര്‍ഭിണിയാകുന്നത്.
ഈ കുഞ്ഞ് പെണ്ണ് ആണെന്നാണ് ഒരു പുരോഹിതന്‍ പന്ന ലാലിനെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. തുടര്‍ന്ന് ഗര്‍ഭച്ഛിദ്രം നടത്താന്‍ പന്ന ലാല്‍ സ്ഥിരം അനിതയെ നിര്‍ബന്ധിച്ചിരുന്നു. എന്നാലിവര്‍ വഴങ്ങിയിരുന്നില്ല. ഇതോടെയാണ് ഇവരുടെ വയര്‍ കീറി കുഞ്ഞിന്റെ ലിംഗനിര്‍ണയം നടത്താന്‍ പന്ന ലാല്‍ തീരുമാനിക്കുന്നത്. ഒരു ദിവസം രാത്രി ഇയാള്‍ വീട്ടിലെത്തി അരിവാള്‍ ഉപയോഗിച്ച് അനിതയുടെ വയര്‍ കീറുകയായിരുന്നു.
അയല്‍ക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ പൊലീസെത്തി അനിതയെ ആശുപത്രിയിലെത്തിച്ചു. ഇവരുടെ ജീവന്‍ രക്ഷിക്കാനായെങ്കിലും കുഞ്ഞ് മരിച്ചു. തുടര്‍ന്നാണ് കൊലപാതകശ്രമത്തിന് പന്ന ലാലിനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുന്നത്. തുടര്‍ന്ന് 2021ല്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഈ കേസിലാണ് വ്യാഴാഴ്ച കോടതി ശിക്ഷ വിധിച്ചത്. യുവതിയുടെ സമ്മതമില്ലാതെ ഗര്‍ഭം അലസിപ്പിച്ചതിന് ഇയാള്‍ക്കെതിരെ 313 വകുപ്പ് പ്രകാരവും കേസുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."