കൊല്‍ക്കത്ത-ഹൈദരാബാദ് ആരുയര്‍ത്തും മോഹക്കിരീടം; ഐ.പി.എല്‍ ഫൈനല്‍ ഇന്ന്
ചെന്നൈ:17ാം സീസണ്‍ ഐ.പി.എല്ലിലെ കിരീട ജേതാക്കളാരാണെന്ന് അറിയാനായി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് കായിക പ്രേമികള്‍. ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡൈഴ്‌സും പാറ്റ് കമ്മിന്‍സ് നയിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലാണ് ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ഇന്ന് അങ്കത്തിനിറങ്ങുന്നത്. ഐ.പി.എല്ലില്‍ രണ്ട് തവണ കിരീടം നേടിയ കൊല്‍ക്കത്ത മൂന്നാം കിരീടം ഷെല്‍ഫിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് പാഡണിയുന്നത്. നേരത്തെ 2012, 2014 വര്‍ഷങ്ങളിലായിരുന്നു കൊല്‍ക്കത്ത ഐ.പി.എല്‍ ജേതാക്കളായത്.
ടൂര്‍ണമെന്റിലെ ഗ്രൂപ്പ്ഘട്ടത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്താണ് കൊല്‍ക്കത്ത ഫൈനലുറപ്പിച്ചത്. 14 മത്സരം കളിച്ച കൊല്‍ക്കത്ത മൂന്ന് മത്സരത്തില്‍ മാത്രമേ തോല്‍വി രുചിച്ചിട്ടുള്ളു. ഒന്‍പത് മത്സരത്തില്‍ ജയിക്കുകയും ചെയ്തു. മത്സരത്തില്‍ കൂടുതല്‍ സമയത്തും പട്ടികയില്‍ ഒന്നാം സ്ഥാത്ത് തന്നെയായിരുന്നു കൊല്‍ക്കത്തയുടെ സ്ഥാനം. ഒന്നാം ക്വാളിഫയറില്‍ ഹൈദരാബാദിനെ തോല്‍പിച്ചാണ് കൊല്‍ക്കത്ത ഫൈനലില്‍ പ്രവേശിച്ചത്. അതേ ഹൈദരാബാദ് വീണ്ടും ഇന്ന് കൊല്‍ക്കത്തക്ക് മുന്നിലെത്തിയിരിക്കുകയാണ്. ക്വാളിഫയറില്‍ ഹൈദരാബാദിനെ 159 റണ്‍സില്‍ ചുരുട്ടിക്കെട്ടിയ കൊല്‍ക്കത്ത എട്ടു വിക്കറ്റിന്റെ ആധികാരിക ജയം നേടിയാണ് ഫൈനല്‍ ബര്‍ത്തുറപ്പിച്ചത്.
സീസണിലുടനീളം ബാറ്റിങ്ങിലും ബൗളിങ്ങിലും കൊല്‍ക്കത്തയിലെ ഒട്ടുമിക്ക താരങ്ങളും ഫോം നിലനിര്‍ത്തി എന്നത് തന്നെയാണ് കൊല്‍കത്തയുടെ ഏറ്റവും വലിയ കരുത്ത്. എന്നാല്‍ വെടിക്കെട്ട് താരം റിങ്കു സിങ് കൂടി ഫോമിലേക്കുയര്‍ന്നാല്‍ ഏത് വലിയ സ്‌കോറും കൊല്‍ക്കത്തക്ക് അനായാസം മറികടക്കാനാകും. ബൗളിങ്ങില്‍ സുനിര്‍ നരേന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, വരുന്‍ ചക്രബര്‍ത്തി എന്നിവര്‍ ഫോമിലേക്കുയര്‍ന്നാല്‍ ഹൈദരാബാദിന് മുന്നില്‍ കൊല്‍ക്കത്തക്ക് കാര്യങ്ങള്‍ എളുപ്പമാകും. അതേസമയം ഹൈദരാബാദിനെതിരേയുള്ള ഒന്നാം ക്വാളിഫയര്‍ കഴിഞ്ഞ് വിശ്രമിക്കാനും പരിശീലനം നടത്താനും കൊല്‍ക്കത്ത് മതിയായ സമയം ലഭിച്ചിട്ടുണ്ട്. 2016ല്‍ ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിട്ട ഹൈദരാബാദ് രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ന് കളത്തിലിറങ്ങുന്നത്.
സീസണില്‍ രണ്ടാം സ്ഥാനക്കാരായി കൊല്‍ക്കത്തക്കൊപ്പം പൊരുതിയായിരുന്നു ഹൈദരാബാദ് പ്ലേ ഓഫിലെത്തിയത്. എന്നാല്‍ ഒന്നാം ക്വാളിഫയറില്‍ കൊല്‍ക്കത്തയോട് കനത്ത പരാജയം ഏറ്റുവാങ്ങിയ ഹൈദരാബാദ് പ്ലേ ഓഫില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മിന്നും ജയം നേടിയാണ് എത്തുന്നത്. കൊല്‍ക്കത്തക്കെതിരേ എട്ടു വിക്കറ്റിന്റെ തോല്‍വിയായിരുന്നു. തുടര്‍ന്ന് രാജസ്ഥാനെതിരേ 175 റണ്‍സില്‍ ഒതുങ്ങിയെങ്കിലും വമ്പനടികള്‍ക്ക് മുതിര്‍ന്ന രാജസ്ഥാന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെടുത്താന്‍ ഹൈദരാബാദ് ബൗളര്‍മാര്‍ക്ക് കഴിഞ്ഞു. 175 മാത്രമേ സ്‌കോര്‍ ചെയ്തുള്ളുവെങ്കിലും 36 റണ്‍സിന്റെ ജയമായിരുന്നു ഹൈദാരാബാദ് നേടിയത്. രാജസ്ഥാനെതിരേ ബൗളിങ്ങില്‍ തിളങ്ങിയ ഷഹബാസ് അഹമ്മദ് ഫോം നിലനിര്‍ത്തുകയാണെങ്കില്‍ കൊല്‍ക്കത്ത ബാറ്റര്‍മാരെ വരച്ചവരയില്‍ നിര്‍ത്താനും ഹൈദരാബാദിന് കഴിയും. രാജസ്ഥാനെതിരേ ബാറ്റിങ്ങില്‍ തകര്‍ച്ച നേരിട്ടെങ്കിലും ബൗളിങ്ങില്‍ മികവ് പുലര്‍ത്തിയതായിരുന്നു ഫൈനലിലേക്കുള്ള വഴി തെളിച്ചത്.
പരിശീലനമില്ലാതെ ഹൈദരാബാദ്
ഹൈദരാബാദിനെതിരേയുള്ള ഒന്നാം ക്വാളിഫയര്‍ മത്സരത്തിന് ശേഷം വിശ്രമത്തിനും പരിശീലനത്തിനും മതിയായ സമയം ലഭിച്ചാണ് കൊല്‍ക്കത്ത എത്തുന്നത്. എന്നാല്‍ വെള്ളിയാഴ്ചയായിരുന്നു ഹൈദരാബാദിന്റെ രണ്ടാം ക്വാളിഫയര്‍ മത്സരം കഴിഞ്ഞത്. തുടര്‍ന്ന് വിശ്രമത്തിനും പരിശീലനത്തിനും മിതിയായ സമയം ലഭിക്കാതെയാണ് ഹൈദരാബാദ് ഇന്ന് കൊല്‍ക്കത്ത് മുന്നിലിറങ്ങുന്നത്. ചെന്നൈയില്‍ കനത്ത ചൂടായതും ഹൈദരാബാദ് പരിശീലനം ചെയ്യാന്‍ തടസമായി.
മഴയില്‍ കുതിരുമോ
ചെന്നൈ: ഇന്നത്തെ ഫൈനല്‍ പോരാട്ടം മഴയില്‍ കുതിരുമോ എന്നാണ് കായിക പ്രേമികള്‍ ഉറ്റുനോക്കുന്നത്. ഫൈനല്‍ നടക്കുന്ന ചെന്നൈയില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ നല്‍കുന്ന സൂചന.
ഇന്ന് ബംഗ്ലാദേശിലും വെസ്റ്റ് ബംഗാളിലും ചുഴലിക്കാറ്റ് എത്തും. ഇതിന്റെ ഫലമായി ചെന്നൈയിലും തമിഴ്‌നാട്ടിലെ മറ്റ് മേഖലകളിലും മഴപെയ്യുമെന്നാണ് നിരീക്ഷണം. മഴ കാരണം ഫൈനല്‍ മുടങ്ങിയാല്‍ മത്സരം റിസര്‍വ് ദിനമായ നാളെ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."