അനാസ്ഥയുടെ വിളനിലമായി ഫിഷറീസ് വകുപ്പ്; വകുപ്പിനെ വിശ്വസിച്ച് മത്സ്യകൃഷി ചെയ്തവര്‍ കടക്കെണിയില്‍
കണ്ണൂര്‍: ഫിഷറീസ് വകുപ്പിന്റെ കീഴിലെ ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍ മത്സ്യകൃഷി ചെയ്തവര്‍ കടുത്ത പ്രതിസന്ധിയില്‍. രണ്ടുവര്‍ഷമായി വാഗ്ദാനം ചെയ്ത ഒരാനുകൂല്യങ്ങളും കര്‍ഷകരിലെത്തിയില്ല. ശാസ്ത്രീയമായ മത്സ്യകൃഷി നടത്തുന്നതായിരുന്നു പദ്ധതി. വീട്ടിലും പരിസരത്തും കുളമുണ്ടാക്കിയായിരുന്നു കൃഷി. വരാല്‍, തിലോപ്പിയ, ആസാം വാളം തുടങ്ങയിവ വളര്‍ത്താം. സബ്സിഡി, മത്സ്യക്കുഞ്ഞുങ്ങള്‍ക്കുള്ള സൗജന്യതീറ്റ എന്നിവ ലഭിക്കുമെന്നായിരുന്നു പ്രഖ്യാപനം.
ഭൂരിഭാഗം പേരും ബാങ്ക് വായ്പയും സ്വര്‍ണപ്പണയവുമെല്ലാം വച്ചാണ് പദ്ധതി തുടങ്ങിയത്. എന്നാല്‍ ഒരു സബ്സിഡിയും അക്കൗണ്ടിലെത്തിയിട്ടില്ല. ഇതോടെ വായ്പ തിരിച്ചടക്കാനാകാതെ വലിയ പ്രതിസന്ധിയിലാണ്. ട്രഷറിയില്‍ നിന്നും ബില്ല് മാറിക്കിട്ടാത്തതാണ് പണം നല്‍കാന്‍ വൈകിയതെന്നാണ് അധികൃതരുടെ മറുപടി.
2022-23 വര്‍ഷത്തെ പദ്ധതി കഴിഞ്ഞ സെപ്തംബറിലായിരുന്നു ആരംഭിച്ചത്. രണ്ടായിരത്തിനടുത്ത് പേര്‍പദ്ധതിയില്‍ മത്സ്യകൃഷി ചെയ്തിട്ടുണ്ട്. ഇവരെ പ്രോത്സാഹിപ്പിക്കാന്‍ ജില്ലകളില്‍ 38 ഓളം പ്രമോട്ടര്‍മാരെയും നിയമിച്ചിരുന്നു. ചെലവായ തുക, തീറ്റ വാങ്ങിയതിന്റെ ബില്‍ എന്നിവ പ്രമോട്ടര്‍മാരെ ഏല്‍പ്പിച്ചു. ഇവര്‍ കോ-ഓര്‍ഡിനേറ്റര്‍ വഴി ബില്‍ എത്തിച്ചു.
കഴിഞ്ഞ മാര്‍ച്ച് 27നാണ് ഈ ഫണ്ട് പാസായത്. എന്നാല്‍ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ ബില്ലുകള്‍ മാറിക്കിട്ടാതെ തുക നഷ്ടപ്പെടുകയായിരുന്നു. ഓരോ വര്‍ഷവും ഓരോരോ കാരണങ്ങളാണ് അധികൃതര്‍ പറയുന്നത്. 2021-22 വര്‍ഷത്തെയും തുക മുക്കാല്‍ ഭാഗം കര്‍ഷകര്‍ക്കും ലഭിച്ചിട്ടില്ല. കുടുംബശ്രീ പ്രവര്‍ത്തകര്‍, വനിതാ സംഘങ്ങള്‍ തുടങ്ങിയവരാണ് ഈ പദ്ധതിയില്‍ കൂടുതലുമുള്ളത്. ആനുകൂല്യങ്ങളൊന്നും ലഭിക്കാതായതോടെ പലരും പദ്ധതി ഉപേക്ഷിച്ചതായി ഫീല്‍ഡ് പ്രമോട്ടര്‍മാര്‍ പറഞ്ഞു. താല്‍ക്കാലികമായി നിയമിച്ച പ്രൊമോട്ടര്‍മാരുടെ വേതനവും മാസങ്ങളായി കുടിശ്ശികയാണ്.
നാലുമാസത്തെ ശമ്പളം ഫെബ്രുവരിയില്‍ ഘട്ടം ഘട്ടമായാണ് നല്‍കിയത്. മാര്‍ച്ച് ഏപ്രില്‍ മാസത്തെ ശമ്പളം ലഭിക്കാനുണ്ട്.
പ്രൊമാട്ടര്‍മാരിലും വലിയ ശതമാനം പേര്‍ ജോലി മതിയാക്കിയിട്ടുണ്ട്. ആവേശത്തില്‍ വകുപ്പ് ആരംഭിച്ച പല പദ്ധതികളും പാതിവഴിയിലാണുള്ളത്. കൊവിഡിന് ശേഷം ധാരാളം പേരാണ് മത്സ്യകൃഷിയിലേക്ക് കടന്നുവന്നത്. എന്നാല്‍ വകുപ്പിന്റെ അനാസ്ഥമൂലം പലരും ഈ മേഖല പൂര്‍ണമായും ഉപേക്ഷിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."