കേരള-ഗള്‍ഫ് കപ്പല്‍ സര്‍വ്വീസ്;താത്പര്യവുമായി നാല് കമ്പനികള്‍
കേരള–ഗള്‍ഫ് യാത്രാ കപ്പല്‍ സര്‍വീസ് നടത്താന്‍ താത്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയത് നാല് കമ്പനികള്‍. കേരളത്തിലെ തുറമുഖങ്ങളില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ രാജ്യത്തെ മുന്‍നിര കപ്പല്‍ കമ്പനിയായ ജെഎം ബക്‌സി, സിത ട്രാവല്‍ കോര്‍പറേഷന്‍ ഇന്ത്യ, കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി കമ്പനി ഇന്റര്‍സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, തിരുവനന്തപുരത്തുള്ള ഗാങ്‌വെ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്‌സ് എന്നിവയാണ് താല്‍പര്യം അറിയിച്ച് രംഗത്തെത്തിയ കമ്പനികള്‍. ഏപ്രില്‍ 22 വരെ അപേക്ഷകള്‍ നല്‍കാവുന്നതാണ്. ഇനിയും കൂടുതല്‍ കമ്പനികള്‍ താല്‍പര്യം അറിയിക്കുമെന്നാണ് പ്രതീക്ഷയെന്ന് മാരിടൈം ബോര്‍ഡ് വ്യക്തമാക്കി.
വിഴിഞ്ഞം, കൊല്ലം, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങളില്‍ നിന്നു ഗള്‍ഫിലേക്ക് കപ്പല്‍ സര്‍വീസ് നടത്താന്‍ താത്പര്യമുള്ള കമ്പനികളില്‍ നിന്നു കേരള മാരിടൈം ബോര്‍ഡ് ഈ മാസം ആദ്യം താല്‍പര്യപത്രം ക്ഷണിച്ചിരുന്നു. ഹൈബ്രിഡ് മാതൃകയിലുള്ള ചെറുതോ വലുതോ ആയ കപ്പലുകള്‍ സര്‍വീസ് നടത്താന്‍ കഴിയുന്ന കമ്പനികളില്‍ നിന്നാണ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചത്. ഇതിന്റെ ഭാഗമായാണ് ഈ കമ്പനികള്‍ ബോര്‍ഡിനെ അവരുടെ താല്‍പര്യം അറിയിച്ചത്.ഇനിയും താത്പര്യവുമായി മുന്നോട്ടുവരുന്ന കമ്പനികളുമായി മാരിടൈം ബോര്‍ഡ് വിശദമായ ചര്‍ച്ചകള്‍ നടത്തും. അവര്‍ക്കാവശ്യമായ സര്‍വീസ് ഒരുക്കിയ ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.
ഓഫ് സീസണ്‍ സമയങ്ങളില്‍ യാത്രക്കാര്‍ കുറഞ്ഞാല്‍ സര്‍വീസ് പ്രതിസന്ധിയിലാകാനുള്ള സാധ്യതയുമുണ്ട്. ഇവ പരിഹരിക്കാനുള്ള ചര്‍ച്ചകളും നടത്തും. പ്രായോഗിക രീതിയിലുള്ള ധാരണകള്‍ രൂപപ്പെടുത്തിയ ശേഷമാകും ബോര്‍ഡ് പദ്ധതി അന്തിമമാക്കുക. കപ്പല്‍ യാത്ര പ്രവാസികള്‍ക്ക് നല്‍കുന്ന പ്രതീക്ഷ വളരെ വലുതാണ്. വിമാനയാത്രയുടെ പകുതി നിരക്കു പോലും യാത്രാക്കപ്പലിനാകില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
കേരള മാരിടൈമിന്റെ നേതൃത്വത്തില്‍ നാളെ കൊച്ചിയില്‍ കപ്പല്‍ യാത്രയുടെ സാധ്യതകള്‍ പരിശോധിക്കാനുള്ള ആദ്യഘട്ട ചര്‍ച്ച നടക്കും. വിവിധ കപ്പല്‍ കമ്പനികളുമായാണ് ചര്‍ച്ചകള്‍ നടക്കുക. ബോര്‍ഡ് ചെയര്‍മാന്‍ എന്‍ എസ് പിള്ള, ഉന്നത ഉദ്യോഗസ്ഥര്‍, പോര്‍ട്ട് ഓഫിസര്‍മാര്‍, കൊച്ചിന്‍ ഷിപ്‌യാഡ്, ടൂറിസം വകുപ്പ് പ്രതിനിധികള്‍, കപ്പല്‍ കമ്പനികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."