ഇന്ത്യയുടെ ഇതിഹാസ ഫുട്ബോൾ പരിശീലകൻ ടി.കെ ചാത്തുണ്ണി അന്തരിച്ചു
ഇന്ത്യയുടെ ഇതിഹാസ ഫുട്ബാൾ പരിശീലകനായിരുന്ന ടി.കെ ചാത്തുണ്ണി അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെ 7.45 ന് മരണം സംഭവിച്ചത്. കേരള മുൻ ഫുട്ബോൾ താരമായിരുന്ന അദ്ദേഹം രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ മികച്ച പരിശീലകരിൽ ഒരാളാണ്. മോഹൻ ബഗാൻ, ഡെംപോ ഗോവ, എഫ്സി കൊച്ചിൻ തുടങ്ങിയ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ നാല് പതിറ്റാണ്ടുകാലമായി ഇന്ത്യയുടെ ഫുട്ബോൾ മേഖലയിൽ സജീവമായിരുന്ന അദ്ദേഹത്തിന് ഇന്നലെ രോഗം മൂർച്ചിച്ചതിനെ തുടർന്നാണ് അങ്കമാലി കറുകുറ്റി അഡ്ലക്സ് അപ്പോളോ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. ക്യാൻസർ ബാധിതനായിരുന്നു.
ഇന്ത്യൻ ഫുട്ബോളിൻറെയും കേരള ഫുട്ബോളിൻറേയും ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട നാമമാണ് ടി.കെ ചാത്തുണ്ണിയുടേത്. സന്തോഷ് ട്രോഫിയിൽ കേരളത്തിനും ഗോവയ്ക്കുമായി ബൂട്ടണിഞ്ഞിട്ടുള്ള അദ്ദേഹം ഒരു പരിശീലകൻ എന്ന നിലയിലാണ് കൂടുതൽ ശ്രദ്ധ നേടിയത്. രാജ്യത്ത് ഏറ്റവും കൂടുതൽ ക്ലബുകളുടെ പരിശീലകനായിരുന്നു അദേഹം. കേരള പൊലിസ് ടീമിലൂടെ കേരളത്തിലേക്ക് ആദ്യമായി ഫെഡറേഷൻ കപ്പ് കിരീടം എത്തിച്ചത് ടി.കെ. ചാത്തുണ്ണിയാണ്. എഫ്സി കൊച്ചിനെ രാജ്യത്തെ മികച്ച ടീമാക്കിയതും അദ്ദേഹത്തിന്റെ പരിശീലന സമയത്താണ്. വിവാ കേരളയെ സംസ്‌ഥാന ചാംപ്യൻമാരാക്കിയതിലും അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്
എഫ്‌സി കൊച്ചിൻ, ഡെംപോ എസ്‌സി, മോഹൻ ബഗാൻ എഫ്‌സി, ചർച്ചിൽ ബ്രദേഴ്‌സ്, സാൽഗോക്കർ എഫ്‌സി, ചിരാഗ് യുണൈറ്റഡ് ക്ലബ്, ജോസ്‌കോ എഫ്‌സി തുടങ്ങിയ ക്ലബുകളെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. ഐ.എം വിജയൻ, സി.വി. പാപ്പച്ചൻ, ജോപോൾ അഞ്ചേരി, യു. ഷറഫലി അടക്കമുള്ള പ്രഗത്ഭരായ ശിഷ്യൻമാരുടെ നീണ്ട നിരയെ തന്നെ ടി.കെ ചാത്തുണ്ണി വളർത്തിയെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."