ഹര്‍ത്താലില്‍ നിശ്ചലമായി മലയോരം
ശ്രീകണ്ഠപുരം/ഇരിട്ടി/ആലക്കോട്: മലയോര ഹൈവേ നിര്‍ത്തിവച്ചുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരേ യു.ഡി.എഫ് ആഹ്വാനംചെയ്ത മലയോര ഹര്‍ത്താലില്‍ ജനജീവിതം സ്തംഭിച്ചു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ബസുകളടക്കം വാഹനങ്ങളൊന്നും സര്‍വിസ് നടത്തിയില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍ എന്നിവയും പ്രവര്‍ത്തിച്ചില്ല. രാഷ്ട്രീയ ഭേദമന്യേ മലയോരത്തിന്റെയാകെ പിന്തുണ ഹര്‍ത്താലിനുണ്ടായി. ചില സ്ഥലത്ത് വാഹനങ്ങള്‍ ഓടാന്‍ ശ്രമിച്ചെങ്കിലും ഹര്‍ത്താലനുകൂലികള്‍ തടഞ്ഞു. ഇരിക്കൂര്‍ നിയോജക മണ്ഡലത്തിനു പുറമേ ചെറുപുഴ പഞ്ചായത്തിലും പായം പഞ്ചായത്തിലെ വിളമനയിലും ഹര്‍ത്താല്‍ നടന്നു. ചെമ്പേരി, ശ്രീകണ്ഠപുരം, പയ്യാവൂര്‍, ഇരിക്കൂര്‍, ചെങ്ങളായി എന്നിവിടങ്ങളിലും മലയോരത്തിന്റെ വിവിധ ഭാഗങ്ങളിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.
ശ്രീകണ്ഠപുരത്ത് സര്‍വിസ് നടത്തിയ രണ്ടു കെ.എസ്.ആര്‍.ടി.സി ബസുകളും മറ്റു വാഹനങ്ങളും ഹര്‍ത്താനുകൂലികള്‍ തടഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എം.ഒ മാധവന്‍ (63), സുരേഷ് ജോര്‍ജ് (50), ജനാര്‍ദനന്‍ (55), മൂസാന്‍ (53) എന്നിവരെ ശ്രീകണ്ഠപുരം പൊലിസ് അറസറ്റുചെയ്തു ജാമ്യത്തില്‍ വിട്ടു. ടൗണുകളില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. നടുവിലില്‍ അഞ്ചു കെ.എസ്.ആര്‍.ടി.സി ബസ് ഉള്‍പ്പെടെ വാഹനങ്ങള്‍ തടഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്നു ബസുകള്‍ കണ്ണൂരിലേക്കു മടങ്ങി.
ഹൈവേ കടന്നുപോകുന്ന വള്ളിത്തോടിന്റെ ഭാഗമായ വിളമന വില്ലേജിലും ഹര്‍ത്താല്‍ ആചരിച്ചു. ഇരിട്ടി ടൗണും പരിസര പഞ്ചായത്തുകളും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കൂട്ടുപുഴ ഭാഗങ്ങളിലേക്കും തളിപ്പറമ്പ്, ഉളിക്കല്‍ ഭാഗങ്ങളില്‍ പോകേണ്ട ബസുകളും ഇരിട്ടി വരെ മാത്രമാണ് സര്‍വിസ് നടത്തിയത്.
ചുണ്ടപ്പറമ്പില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ കൈയേറ്റം
ശ്രീകണ്ഠപുരം: ഹര്‍ത്താല്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ഒരുസംഘം കൈയേറ്റം ചെയ്തു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സഹല്‍ സി മുഹമ്മദ്, കാമറാമാന്‍ കെ.ആര്‍ മുകുന്ദന്‍, ഡ്രൈവര്‍ ലിജില്‍, സീല്‍ ടി.വി കാമറാമാന്‍ ഡോളമി എന്നിവര്‍ക്കു നേരേയാണു കൈയേറ്റമുണ്ടായത്. ചുണ്ടപ്പറമ്പില്‍ നിന്നു ദൃശങ്ങള്‍ എടുത്ത് മടങ്ങവേ ഹര്‍ത്താലനുകൂലികള്‍ വാഹനത്തിന്റെ താക്കോല്‍ ഊരിയെടുക്കുകയും കാമറ പിടിച്ചുവാങ്ങാന്‍ ശ്രമിക്കുകയുമായിരുന്നു. സംഭവത്തില്‍ ഏഷ്യാനെറ്റ് സംഘം ശ്രീകണ്ഠപുരം പൊലിസില്‍ പരാതിനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."