'0.001 ശതമാനം വീഴ്ചയുണ്ടായാല്‍ അത് പോലും പരിഹരിക്കപ്പെടണം' നീറ്റ് പരീക്ഷ ക്രമക്കേടില്‍ എന്‍.ടി.എക്ക് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം, നോട്ടിസ് അയച്ചു
ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ പരീക്ഷാ നടത്തിപ്പുകാരായ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് (എന്‍.ടി.എ) സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം. എത്ര ചെറിയ വീഴ്ചയും പരിഹരിക്കപ്പെടണമെന്ന് പറഞ്ഞ കോടതി പരീക്ഷാ നടത്തിപ്പുകാരെന്ന നിലയില്‍ നീതിപൂര്‍വമായ രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള ബാധ്യത എന്‍.ടി.എക്ക് ഉണ്ടെന്നും നിരീക്ഷിച്ചു. കേസ് വാദം കേള്‍ക്കാനായി ജൂലൈ എട്ടിലേക്ക് മാറ്റി. ജസ്റ്റിസുമാരായ വിക്രം നാഥ്, എസ്.വി.എന്‍. ഭട്ടി എന്നിവരങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
'ആരുടെയെങ്കിലും ഭാഗത്തുനിന്ന് 0.001 ശതമാനം വീഴ്ചയുണ്ടായാല്‍ പോലും അത് പരിഹരിക്കപ്പെടണം. പരീക്ഷ നടത്തുന്ന ഏജന്‍സിയെന്ന നിലയില്‍ നീതിപൂര്‍വമായ രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള ബാധ്യത എന്‍.ടി.എക്ക് ഉണ്ട്. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് അംഗീകരിക്കാന്‍ ഏജന്‍സി തയാറാകണം. തങ്ങള്‍ സ്വീകരിക്കാന്‍ പോകുന്ന തുടര്‍ നടപടി എന്താണെന്നും ഏജന്‍സി വ്യക്തമാക്കണം. അത് നിങ്ങളുടെ പ്രവര്‍ത്തനത്തില്‍ വിശ്വാസ്യത നിലനിര്‍ത്തുകയെങ്കിലും ചെയ്യും' കോടതി പറഞ്ഞു.
പരീക്ഷയ്ക്ക് തയാറെടുക്കാനായി വിദ്യാര്‍ഥികള്‍ നീക്കിവെച്ച സമയത്തെയും അവരുടെ അധ്വാനത്തെയും ഏജന്‍സി മാനിക്കണമെന്നും കോടതി വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും ബുദ്ധിമുട്ടേറിയ പ്രവേശന പരീക്ഷകളില്‍ ഒന്നാണ് നീറ്റ്. ഭാവിയില്‍ ഡോക്ടറാകാനുള്ള തയാറെടുപ്പിലേക്കുള്ള പരീക്ഷയാണിത്. അതില്‍ കൃത്രിമം കാണിക്കുന്ന ഒരാള്‍ എത്രത്തോളം അധഃപതിച്ചയാളായിരിക്കും. കുട്ടികള്‍ നീറ്റില്‍ മികച്ച പ്രകടനം നടത്താനായി കഠിനാധ്വാനം ചെയ്യുകയാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.
നേരത്തെ, ഗ്രേസ് മാര്‍ക്ക് നല്‍കിയ 1563 വിദ്യാര്‍ഥികളുടെ ഫലം റദ്ദാക്കി, വീണ്ടും പരീക്ഷയെഴുതാന്‍ അവസരം നല്‍കുമെന്ന് എന്‍.ടി.എ സുപ്രിംകോടതിയില്‍ അറിയിച്ചിരുന്നു. ജൂണ്‍ 23നായിരിക്കും പുനഃപരീക്ഷ. 30ന് ഫലം പ്രസിദ്ധീകരിക്കും. പരീക്ഷയെഴുതാത്തവര്‍ക്ക് ഗ്രസ് മാര്‍ക്ക് ഒഴിവാക്കിയുള്ള സ്‌കോര്‍ നല്‍കുമെന്നും ഏജന്‍സി പറഞ്ഞിരുന്നു.
മെയ് അഞ്ചിന് 24 ലക്ഷം വിദ്യാര്‍ഥികള്‍ എഴുതിയ നീറ്റ് പരീക്ഷയുടെ ഫലം ജൂണ്‍ നാലിനാണ് പ്രസിദ്ധീകരിച്ചത്. 67 പേര്‍ക്ക് മുഴുവന്‍ മാര്‍ക്ക് ലഭിച്ചതോടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്നും പരീക്ഷയില്‍ ക്രമക്കേടുണ്ടായെന്നും വ്യാപക പരാതിയുയര്‍ന്നു. പരീക്ഷാ കേന്ദ്രത്തില്‍ സമയം നഷ്ടമായെന്ന് കാണിച്ച് നിരവധിപേര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."