സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; രോഗം ബാധിച്ച് 13 കാരി മരിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം സ്ഥിരീകരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച 13കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ തോട്ടടയിലെ രാഗേഷ് ബാബുവിന്റെയും ധന്യയുടെയും മകള്‍ ദക്ഷിണയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. തലവേദനയും ഛര്‍ദ്ദിയും ബാധിച്ച് കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
ഈ മാസം 12നാണ് കുട്ടി മരിച്ചത്. മരണകാരണം അത്യപൂര്‍വ അമീബയെന്നാണ് പരിശോധനാ ഫലം. സ്‌കൂളില്‍ നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് കുട്ടി പൂളില്‍ കുളിച്ചിരുന്നു. ഇതാണ് രോഗബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സാധാരണ അമീബ ശരീരത്തില്‍ പ്രവേശിച്ചാല്‍ അഞ്ച് ദിവസംകൊണ്ട് രോഗ ലക്ഷണങ്ങള്‍ കാണുകയും വളരെ പെട്ടന്നുതന്നെ ആരോഗ്യസ്ഥിതി മോശമാവുകയും ചെയ്യാറാണ് പതിവ്. എന്നാല്‍, ഈ കുട്ടിയ്ക്ക് പൂളില്‍ കുളിച്ച് മൂന്നര മാസം കഴിഞ്ഞാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ജനുവരി 28ന് യാത്രപോയ കുട്ടിക്ക് മേയ് എട്ടിനാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.
നട്ടെല്ലില്‍ നിന്നുള്ള നീരിന്റെ പരിശോധനയില്‍ അമീബിക് ട്രോഫോ സോയിഡ്സ് കാണപ്പെടുകയും അമീബിക് മെനിന്‍ഞ്ചോ എന്‍സെഫലൈറ്റസിനുള്ള ആറ് മരുന്നുകള്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, ഇത് മുമ്പ് റിപ്പോര്‍ട്ട് ചെയ്ത അമീബിക് മെനിഞ്ചൈറ്റിസില്‍ നിന്ന് വ്യത്യസ്തമായതിനാല്‍ അമീബിക് സ്പീഷീസ് ഏതെന്ന് കണ്ടെത്താനുള്ള പരിശോധനകള്‍ നടത്തിയിരുന്നുവെന്ന് കുട്ടിയെ ചികിത്സിച്ച ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് പീഡിയാട്രിക് ഇന്റന്‍സീവ് ഡോക്ടര്‍ അബ്ദുള്ള റൗഫ് പറഞ്ഞു. വെര്‍മമീബ വെര്‍മിഫോമിസ് എന്ന അപൂര്‍വ അമീബയുടെ സാന്നിദ്ധ്യമാണ് ഈ പരിശോധനയില്‍ കണ്ടെത്തിയത്. ഈ കേസ് ലോകത്തുതന്നെ അപൂര്‍വമായതിനാല്‍ രോഗാണുവിന്റെ ഇന്‍ക്യുബേഷന്‍ പിരീഡ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണ്ടെത്താന്‍ വിദഗ്ദ്ധ പഠനം ആവശ്യമാണെന്നും ഡോക്ടര്‍ പറഞ്ഞു.
ഇതിന് മുമ്പ് മലപ്പുറത്തും മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനഞ്ചോ എന്‍സെഫലൈറ്റിസ്) ബാധിച്ച് അഞ്ച് വയസുകാരി മരിച്ചിരുന്നു. മലപ്പുറം മൂന്നിയൂര്‍ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കല്‍ ഹസന്‍കുട്ടി-ഫസ്‌ന ദമ്പതികളുടെ മകള്‍ ഫദ്വയാണ് മരിച്ചത്. കളിയാട്ടമുക്ക് എ.എം.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."