പാലക്കാട് ആര്...? പോര് മുറുകുന്നു; ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ ചൊല്ലി കോണ്‍ഗ്രസില്‍ ചേരിതിരിവ്
പാലക്കാട്: ഷാഫി പറമ്പില്‍ വടകരയില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്ക് കൊഴുക്കുന്നു. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായതിനാല്‍ സ്ഥാനാര്‍ഥി ചര്‍ച്ചയിലും അവര്‍തന്നെയാണ് മുന്നില്‍. പാലക്കാട് നഗരസഭ, കണ്ണാടി, പിരായി, മാത്തൂര്‍ പഞ്ചായത്തുകളടങ്ങുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിലെ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ സ്വീകാര്യനായ ഷാഫി പാലക്കാട്ടുനിന്ന് മാറിയപ്പോള്‍ തുല്യശക്തനായ സ്ഥാനാര്‍ഥിയെ കണ്ടെത്തുന്നതില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ചേരിതിരിവിലേക്ക് മാറുകയാണ്.
ഉപതെരഞ്ഞെടുപ്പില്‍ ജില്ലയ്ക്കകത്ത് നിന്നുള്ള സ്ഥാനാര്‍ഥി മതിയെന്ന നിലപാടെടുക്കുന്ന ഡി.സി.സിക്കെതിരേ ഒരുവിഭാഗം എ.ഐ.സി.സി നേതൃത്വത്തെ നേരിട്ട് താല്‍പര്യമറിയിക്കാന്‍ ഡല്‍ഹിയിലെത്തിയതായാണ് വിവരം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനായാണ് ഇവര്‍ ഡല്‍ഹിയിലെത്തിയിരിക്കുന്നത്. മുന്‍ എം.എല്‍.എ ഷാഫിയോടടുത്ത വൃത്തങ്ങളെല്ലാം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്റെ പേരാണ് പറയുന്നത്. രാഹുലാകട്ടെ പാലക്കാട് കേന്ദ്രീകരിച്ചു ചില പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കെട്ടിയിറക്കുന്ന സ്ഥാനാര്‍ഥികള്‍ ജില്ലയില്‍ വേണ്ടെന്ന നിലപാടിലാണ് ഡി.സി.സി നേതൃത്വം. ഇക്കാര്യം കെ.പി.സി.സിയെ അറിയിച്ചിട്ടുമുണ്ട്.
വി.കെ ശ്രീകണ്ഠന്‍ എം.പി, ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പന്‍ മുതലായ നേതാക്കള്‍ മുന്നോട്ടുവച്ചത് വി.ടി ബല്‍റാം, ഡോ. പി. സരിന്‍ എന്നീ പേരുകളാണെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് എ.ഐ.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ കാണാന്‍ സരിന്‍ ഡല്‍ഹിയിലെത്തിയത്. മെട്രോമാനോട് പൊരുതി നേടിയ സീറ്റില്‍ ആരെ നിര്‍ത്തണമെന്നത് കോണ്‍ഗ്രസിനു മുന്നിലും ഗൗരവകരമായ ചോദ്യം തന്നെയാണ്. സീറ്റിന്റെ കാര്യത്തില്‍ കൂടുതല്‍ നേതാക്കള്‍ ഹൈക്കമാന്റിനെ സമീപിച്ചതോടെ ഡല്‍ഹിയിലെ തീരുമാനവും നിര്‍ണയകമാവും. ഷാഫി ബി.ജെ.പിയോട് പൊരുതി ജയിക്കുന്ന പാലക്കാട് മണ്ഡലത്തില്‍ പകരക്കാരനെ കണ്ടെത്താന്‍ വിയര്‍ക്കുകയാണ് നേതൃത്വം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."