ഇസ്‌റാഈലിന്റേയും കൂട്ടാളികളുടേയും ഉറക്കം കെടുത്തിയ ജൂണ്‍; കപ്പലുകള്‍ക്ക് നേരയുള്ള ആക്രമണം ഏറ്റവും കൂടുതല്‍ നടന്നത് കഴിഞ്ഞമാസം
ആരുടെ വാക്കുകള്‍ക്കും ഒരു വിലയും കല്‍പിക്കാതെ ഗസ്സയെ തകര്‍ത്തു തരിപ്പണമാക്കുന്ന ഇസ്‌റാഈലിന് നല്‍കുന്ന തിരിച്ചടികള്‍ ഹൂത്തികള്‍ അവസാനിപ്പിച്ചെന്ന് കരുതിയവര്‍ക്ക് തെറ്റി. ഇസ്‌റാഈലിനേയും കൂട്ടാളികളേയും പാഠം പഠിപ്പിക്കുമെന്ന നിലപാടില്‍ നിന്ന് ഹൂത്തികള്‍ ഒരടി പോലും പിന്നോട്ടില്ലെന്നാണ് കഴിഞ്ഞമാസത്തെ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. 16 ആക്രമണങ്ങളെങ്കിലും വാണിജ്യകപ്പലുകള്‍ക്ക് നേരെ കഴിഞ്ഞമാസം ഹൂതികള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹൂതികളെ തുരത്താന്‍ അമേരിക്കയും ബ്രിട്ടനും പഠിച്ച പണി പതിനെട്ടും തുടരുന്നതിനിടെയാണിത്.
ഗസ്സയിലെ ഫലസ്തീനികള്‍ക്ക് നേരെയുള്ള ഇസ്‌റാഈലിന്റെ അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് ഹൂത്തികള്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം ആരംഭിച്ചത്. ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇതിനോടകം നിരവധി കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ മിസൈലുകള്‍ തൊടുത്തുവിട്ടു കഴിഞ്ഞു. ചെങ്കടല്‍. ഏഥന്‍ കടലിടുക്ക്, അറബിക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം തുടങ്ങിയ കടല്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്ന കപ്പലുകള്‍ക്ക് നേരെയാണ് ഹൂതികള്‍ കൂടുതലായും ആക്രമണം നടത്തിയിരുന്നത്. ഇതുവരെ 60ല്‍ അധികം കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ ആക്രമണം നടത്തിയിട്ടുണ്ട്. സ്ഥിരീകരിക്കാത്ത നിരവധി ആക്രമണങ്ങളും നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മാരിടൈം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ബാബ് അല്‍മന്ദാബ് കടലിടുക്കില്‍ കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് ഏറ്റവും കൂടുതല്‍ ആക്രമണം നടത്തിയത്. നവംബറില്‍ മൂന്ന് നാവികരെങ്കിലും ഹൂത്തികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജൂണ്‍ 12ന് ഹൂതികളുടെ ആക്രമണത്തില്‍ ഗ്രീക്ക് ഉടമസ്ഥതയിലുള്ള രണ്ട് കപ്പലുകള്‍ കടലില്‍ പൂര്‍ണമായും മുങ്ങിയിരുന്നു. ഹൂതികളുടെ ആക്രമണത്തെ ചെറുക്കന്‍ അമേരിക്കയും ബ്രിട്ടനും ചേര്‍ന്ന് രൂപീകരിച്ച സംയുക്ത സൈന്യത്തിന്റെ പരാജയം കൂടിയാണ് ഈ കണക്കുകള്‍.
ഒക്ടോബര്‍ ഏഴിന് ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസ് പ്രത്യാക്രമണം നടത്തിയതിന് പിന്നാലെയാണ് ഇസ്‌റാഈല്‍ഫലസ്തീന്‍ സംഘര്‍ഷം രൂക്ഷമാകുന്നത്. അതിനെ തുടര്‍ന്നാണ് ഇസ്‌റാഈലുമായി ബന്ധമുള്ള കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ ആക്രമണം നടത്താന്‍ ആരംഭിച്ചത്. ഗസയിലെ അതിക്രമങ്ങള്‍ ഇസ്‌റാഈല്‍ അവസാനിപ്പിക്കുമ്പോള്‍ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമങ്ങള്‍ തങ്ങളും നിര്‍ത്തുമെന്നാണ് ഹൂതികള്‍ ലോകരാഷ്ട്രങ്ങളോട് പറഞ്ഞിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."