ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട്; നടപ്പാകുമോ വിപ്ലവകരമായ മാറ്റങ്ങൾ?
തിരുവനന്തപുരം: സർക്കാർ മുക്കിയെന്ന പരാതിയും വിമർശനങ്ങളുമുയർന്ന ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന വിവരാവകാശ കമ്മിഷൻ്റെ ഉത്തരവോടെ വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുങ്ങുമെന്നാണ് വിലയിരുത്തൽ.
കണ്ടെത്തലുകളിൽ കമ്മിഷൻ്റെ നിർദേശങ്ങൾ നടപ്പാക്കുന്നത് എപ്രകാരമായിരിക്കുമെന്നതിലോ തുടർ നടപടികളെന്താകുമെന്നോ വ്യക്തത വന്നിട്ടില്ല. 2018 മെയിലാണ് ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിക്കാനായി ജസ്റ്റിസ് ഹേമ കമ്മിഷനെ സർക്കാർ നിയോഗിച്ചത്. ജസ്റ്റിസ് ഹേമയ്‌ക്കൊപ്പം, കെ.ബി വത്സല കുമാരി, നടി ശാരദ എന്നിവരും കമ്മിഷനിൽ അംഗങ്ങളായിരുന്നു. മുൻനിര നടിമാരും സാങ്കേതിക രംഗത്തെ വനിതകളുമുൾപ്പെടെ നിർഭയം ജസ്റ്റിസ് ഹേമക്കു മുമ്പാകെ മൊഴിനൽകി. ഇതിൽ ഞെട്ടിക്കുന്ന പല വിവരങ്ങളുമുണ്ടെന്നാണ് പല ഘട്ടങ്ങളിലായി ഇതുസംബന്ധിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ.
എന്നാൽ പഠനം നടത്തി ഒന്നര വർഷത്തിനു ശേഷം 2019 ഡിസംബർ 3ന് ഹേമ കമ്മിഷൻ റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിച്ചെങ്കിലും വെളിച്ചം കണ്ടില്ല. റിപ്പോർട്ട് പുറത്തുവിട്ടാൽ വലിയപ്രശ്നം അഭിമുഖീകരിക്കേണ്ടി വരുമെന്ന രീതിയിലായിരുന്നു സർക്കാർ പ്രതികരണം. വിമൻ ഇൻ സിനിമാ കലക്ടീവ് (ഡബ്ല്യു.സി.സി) പോലുള്ള സംഘടനകൾ സർക്കാർ നടപടിയിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നെങ്കിലും മേഖലയിലെ ഇടതു സഹയാത്രികരുടെ സഹായത്തോടെ ഇതൊക്കെ തണുപ്പിക്കാൻ സർക്കാരിന് സാധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."