'കുറിച്ച് വെച്ചോളൂ...ഗുജറാത്തില്‍ നിങ്ങളെ നിലംപരിശാക്കും' മോദിയോട് രാഹുല്‍ വീണ്ടും പറയുന്നു; കഴിഞ്ഞതല്ല, ഇനി കാണാനുള്ളതാണ് ശരിയായ അങ്കം
'അവര്‍ നമ്മളെ വെല്ലുവിളിച്ചിരിക്കുകയാണ്. കുറിച്ചു വെച്ചോളൂ. ഗുജറാത്തില്‍ മോദിയേയും ബി.ജെ.പിയേയും
നമ്മള്‍ പരാജയപ്പെടുത്തിയിരിക്കും. അയോധ്യയില്‍ സംഭവിച്ചത് ഗുജറാത്തിലും ആവര്‍ത്തിച്ചിരിക്കും'' അഹമ്മദാബാദില്‍ തടിച്ചു കൂടിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു മുന്നില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞ വാക്കുകള്‍. എന്നത്തേതിനേക്കാള്‍ മൂര്‍ച്ചയും കരുത്തുമുണ്ട് ആ വാക്കുകള്‍ക്ക്. ഇന്ത്യന്‍ ജനത നല്‍കിയ ആത്മ വിശ്വാസത്തിന്റെ കരുത്ത്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ നടത്തിയ കന്നിപ്രസംഗത്തിലുമുണ്ടായിരുന്നു ഇതേ ആത്മവിശ്വാസം. കരുത്ത്. തീക്ഷണത.
അഹമ്മദബാദില്‍ വെച്ച് പ്രവര്‍ത്തകരോട് ഒരു കാര്യം കൂടി അദ്ദേഹം പറഞ്ഞു. അതിനുള്ള പ്രവര്‍ത്തനം ഞങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇത്രയും ആത്മവിശ്വാസത്തോടെ മോദിയുടെ തട്ടകത്ത് നിന്ന് ഇങ്ങനെ പറയണമെങ്കില്‍ എന്തെങ്കിലും കാണാതെയാവില്ല.
അയോധ്യ നല്‍കിയ തിരിച്ചടി ചെറുതൊന്നമല്ല മോദിക്കും കൂട്ടര്‍ക്കും. തെരഞ്ഞെടുപ്പില്‍ പ്രധാന തുറുപ്പ് ചീട്ടായിരുന്നു അവര്‍ക്ക് അയോധ്യ. അത്തരത്തിലാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ വരെ അവര്‍ പദ്ധതിയിട്ടത്. എന്നാല്‍ മറ്റിടങ്ങളില്‍ പോട്ടെ അയോധ്യയില്‍ പോലും ഇതൊന്നും മോദിയുടെ രക്ഷക്കെത്തിയില്ല. രാമനും ക്ഷേത്രവുമൊന്നും രക്ഷക്കെത്തില്ലെന്ന് ബി.ജെ.പിക്കും മോദിക്കും ബോധ്യമായിത്തുടങ്ങിയിരിക്കുന്നു. അതുതന്നെയാണ് രാഹുലിന്റേയും സംഘത്തിന്റേയും ആയുധവും. ബി.ജെ.പി വീണിടത്തു നിന്ന് തങ്ങള്‍ തുടങ്ങുക.
പ്രാനുകളൊക്കെ ആ നിലക്കായിരുന്നു ബി.ജെ.പി കൊണ്ടുപോയിരുന്നത്. എന്നാല്‍ എട്ടുനിലയില്‍ പൊട്ടിയതോടെ രാമനും ക്ഷേത്രവുമൊന്നും ബി.ജെ.പിയുടെ രക്ഷക്കെത്തില്ലെന്ന് മനസിലായി. ഹിന്ദുത്വ പരീക്ഷണശാലയാണ് ഗുജറാത്ത്. അയോധ്യയില്‍ തോല്‍പിച്ച സ്ഥിതിക്ക് ഗുജറാത്തിലും എന്തുകൊണ്ട് ആയിക്കൂടാ എന്ന ചിന്ത ഇങ്ങനെയാണ് വരുന്നത്.
'ഇന്‍ഡ്യ' സഖ്യവും കോണ്‍ഗ്രസിന്റെ പ്രതീക്ഷയേറ്റുന്നു. ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ അടിത്തറ ഇളക്കിയത് സമാജ്‌വാദി(എസ്.പി) പാര്‍ട്ടിയുടെ സഹായത്തോടെയാണ്. എന്നാല്‍ ഗുജറാത്തില്‍ എസ്.പിക്ക് കാര്യമായ റോളില്ല. എന്നാല്‍ ആം ആദ്മി പാര്‍ട്ടി (എ.എ.പി) അവിടെ സജീവവുമാണ്.
2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യമില്ലാതെയായിരുന്നു എ.എ.പിയും കോണ്‍ഗ്രസും മത്സരിച്ചിരുന്നത്. എ.എ.പിയുടെ ഗുജറാത്ത് പ്രവേശം വന്‍ ആവേശത്തോടെയായിരുന്നു ദേശീയമാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തതെങ്കിലും അഞ്ച് സീറ്റുകളെ നേടാനായിരുന്നുള്ളൂ. നഗരമേഖലകളില്‍ ഓളം സൃഷ്ടിച്ച എ.എ.പിക്ക് ഗ്രാമങ്ങളിലേക്ക് ചേക്കേറാന്‍ എ.എ.പിക്ക് അന്ന് കഴിഞ്ഞില്ല. കോണ്‍ഗ്രസും എ.എ.പിയും ഒരുമിച്ച് മത്സരിക്കുകയാണെങ്കില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തല്‍.
ഭരണവിരുദ്ധ വികാരം ആവോളം ഗുജറാത്ത് സര്‍ക്കാറിനുണ്ട്. ഭൂപേന്ദ്രപട്ടേലാണ് നിലവില്‍ സര്‍ക്കാറിനെ നയിക്കുന്നത്. െേതാഴിലില്ലായ്മയും വിലക്കയറ്റവുമെല്ലാം ആളുകള്‍ പ്രശ്‌നമായി ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. കര്‍ഷകരും സംതൃപ്തരല്ല.
എന്നാല്‍ ഈ ഭരണവിരുദ്ധ വികാരത്തെ മുതലെടുക്കാന്‍ പാകത്തിലുള്ളൊരു നേതാവ് പ്രതിപക്ഷത്ത് നിന്ന് ഇല്ലാതെ പോയതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊക്കെ ബി.ജെ.പിക്ക് എളുപ്പമായത്. ഇത്തവണ രാഹുലിന്റെ കരുത്തില്‍ അത് മറികടക്കുമെന്നാണ് കണക്കുകൂട്ടല്‍.
ഇക്കാര്യം മനസിലാക്കിയാണ് രാഹുല്‍ഗാന്ധിയും ഇറങ്ങുന്നത്. ഭാരത് ജോഡോ യാത്രയും അതുവഴി സൃഷ്ടിച്ചെടുത്ത പ്രതിച്ഛായയുമെല്ലാം രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും ഉണര്‍വേകിയിട്ടുമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മിന്നുന്ന പ്രകടനവും പ്രതിപക്ഷ നേതാവ് എന്ന നിലയിലെ പ്രവര്‍ത്തനങ്ങളുമെല്ലാം ഗുജറാത്തില്‍ ഗുണംചെയ്യുമെന്നും വിലയിരുത്തുന്നു.
1995 മുതല്‍ ബി.ജെ.പിയാണ് ഗുജറാത്ത് ഭരിക്കുന്നത്. മുഖ്യമന്ത്രിമാര്‍ മാറുന്നുണ്ടെങ്കിലും ഭരണത്തില്‍ മാറ്റമൊന്നുമില്ല. ഏഴാം ടേം കൂടി പൂര്‍ത്തിയായാല്‍ 32 വര്‍ഷമാകും ഗുജറാത്തിലെ ബി.ജെ.പിയുടെ ഭരണം. 2027ലാണ് അടുത്ത തെരഞ്ഞെടുപ്പ്. അതിന് ഇനിയും മൂന്ന് വര്‍ഷം ബാക്കിയുണ്ട്.
2022ലാണ് ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞത്. 188 അംഗ നിയമസഭയില്‍ 156 സീറ്റുകള്‍ നേടി റെക്കോര്‍ഡ് സൃഷ്ടിച്ചായിരുന്നു ബി.ജെ.പി അധികാരം നിലനിര്‍ത്തിയത്. 1985ല്‍ കോണ്‍ഗ്രസ് നേടിയ 149 സീറ്റുകളെന്ന റെക്കോര്‍ഡാണ് ബി.ജെ.പി മറികടന്നത്. 17 സീറ്റുകളാണ് കോണ്‍ഗ്രസിനുള്ളത്. അഞ്ച് സീറ്റുകള്‍ ആം ആദ്മി പാര്‍ട്ടിക്കാണ്. മൂന്ന് സ്വതന്ത്രന്മാരാണ് ശേഷിക്കുന്നവര്‍. ഒരു സീറ്റ് എസ്.പിക്കും.
ഒരു ദശാബ്ദത്തിന് ശേഷം ഗുജറാത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും അക്കൗണ്ട് തുറന്നതും പാര്‍ട്ടി പ്രതീക്ഷയോടെയാണ് കാണുന്നത്. ബനസ്‌കന്ത സീറ്റില്‍ നിന്നാണ് കോണ്‍ഗ്രസ് നീണ്ട ഇടവേളയ്ക്ക് ശേഷം വിജയിച്ച് കയറിയത്. ജെനിബെന്‍ താക്കൂറാണ് വിജയിച്ചത്.
രാഹുല്‍ ഗാന്ധി തന്നെ നേരിട്ട് ഇറങ്ങിയാല്‍ എന്തെങ്കിലും ഒന്ന് സംഭവിക്കുമെന്ന് ഉറപ്പാണ്. ആ ഉറപ്പിലാണ് ജനങ്ങളുടെ പ്രതീക്ഷയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."