മൂന്നാമതാര്? കോപ അമേരിക്കയിൽ ഉറുഗ്വെ - കാനഡ ലൂസേഴ്‌സ് ഫൈനൽ
ന്യൂയോർക്ക്: കോപ അമേരിക്ക ടൂർണമെന്റിലെ ഫൈനൽ മത്സരത്തിന്റെ വിസിലിനായി കാത്തിരിക്കുകയാണ് ഫുട്ബാൾ ലോകം. മെസ്സിപ്പടയോ ജെയിംസ് റോഡ്രിഗസിന്റെ പടയോ ചമ്പ്യാന്മാർ എന്നറിയുന്നതിന് മുൻപ് മറ്റൊരു ആവേശ മത്സരം കൂടി ലോകം കാണാൻ ബാക്കിയുണ്ട്. മൂന്നാം സ്ഥാനക്കാർ ആരാണെന്നറിയാനുള്ള പോരാട്ടം നാളെ രാവിലെ 5.30ന് നടക്കും. ആദ്യ സെമി ഫൈനലിൽ അർജന്റീനയോട് പരാജയപ്പെട്ട കാനഡയും രണ്ടാം സെമിയിൽ കൊളംബിയയോട് തോറ്റ ഉറുഗ്വെയുമാണ് മൂന്നാം സ്ഥാന മത്സരത്തിനായി പോരാട്ടത്തിന് ഇറങ്ങുന്നത്.
ആദ്യമായി കോപ അമേരിക്ക ടൂർണമെന്റിലെത്തിയ കാനഡ ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കി മടങ്ങാനുള്ള ഒരുക്കത്തിലാണ്. എന്നാൽ എതിരാളികൾ ഉറുഗ്വെ ആണെന്നതിനാൽ അവർ അൽപം കരുതിയിരിക്കേണ്ടി വരും. എന്നാൽ ഫൈനലിൽ കളിക്കാൻ കരുത്തുണ്ടായിരുന്നിട്ടും സെമിയിൽ കൊളംബിയയോട് നിർഭാഗ്യം കൊണ്ട് തോറ്റു പോയതായിരുന്നു ഉറുഗ്വെ.
ചരിത്രത്തിൽ ഇതുവരെ 15 തവണയാണ് ഉറുഗ്വെ-കാനഡ മത്സരം നടന്നത്. അതിൽ ഒരു മത്സരം പോലും ജയിക്കാൻ കാനഡക്ക് കഴിഞ്ഞിട്ടില്ലെന്നതാണ് ഉറുഗ്വെക്ക് ആശ്വാസം. ഏഴു തവണ ഉറുഗ്വെക്ക് ജയിക്കാനായിട്ടുണ്ട്. ബാക്കി മത്സരങ്ങളെല്ലാം സമനിലയിൽ അവസാനിക്കുകയായിരുന്നു. എന്നാൽ കോപയിൽ മിന്നും പ്രകടനം നടത്തുന്ന കാനഡയെ ശക്തമായി പ്രതിരോധിച്ചാൽ മാത്രമേ ഉറുഗ്വെക്ക് മൂന്നാം സ്ഥാനമെങ്കിലും നേടി മത്സരം അവസാനിപ്പിക്കാനാകൂ. മറുവശത്ത് ആദ്യ കോപ മത്സരത്തിൽ തന്നെ വരവറിയിച്ച കാനഡ മൂന്നാം സ്ഥാനത്തിനുള്ള കപ്പും വാങ്ങിയാണോ മടങ്ങുക എന്നാണ് ഫുട്ബാൾ ആരാധകർ നോക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."