മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിൽ അധ്യാപക നിയമനം വൈകുന്നു
പാലക്കാട്: പട്ടികജാതി, പട്ടിക വർഗ വിദ്യാർഥികൾക്കായുള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലും ഹോസ്റ്റലുകളിലും അധ്യാപക നിയമനം വൈകുന്നതായി പരാതി. വിദ്യാർഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനായാണ് സ്‌കൂളുകൾക്ക് പുറമെ ഹോസ്റ്റലുകളിലും വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്നതിനായി പ്രത്യേകം അധ്യാപകരെ നിയമിച്ചിരുന്നത്. എന്നാൽ ഇത്തവണ സ്‌കൂൾ തുറന്ന് ഒന്നര മാസം ആകുമ്പോഴും പലയിടത്തും അധ്യാപകരെ നിയമിക്കാത്തത് വിദ്യാർഥികളുടെ പഠനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ.
വളരെ പിന്നോക്കാവസ്ഥയിലും പഠന അന്തരീക്ഷം ഇല്ലാത്ത ചുറ്റുപാടുകളിലുമുള്ള കുട്ടികളിൽ നിന്നും പഠന മികവ് തെളിയിക്കുന്നവർക്കാണ് മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ പ്രവേശനം നൽകുന്നത്. പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനോടൊപ്പം വിദ്യാർഥികൾക്ക് വ്യക്തിത്വ വികസനവും തൊഴിലവസരങ്ങളും ലഭ്യമാക്കുകയെന്ന ലക്ഷ്യം കൂടി ഇത്തരം സ്‌കൂളുകൾക്കുണ്ട്. ഭാഷാപരമായ വെല്ലുവിളികൾ നേരിടുന്നവരും മറ്റ് പഠന വൈകല്യങ്ങൾ ഉള്ളവർക്കും പ്രത്യേക പരിശീലനവും നൽകുന്നുണ്ട്. ഇതിന് വിദ്യാർഥികളെ സഹായിക്കുന്നതിനായാണ് സ്‌കൂളുകൾക്ക് പുറമെ ഹോസ്റ്റലുകളിലും ട്യൂട്ടർമാരെ നിയമിക്കുന്നത്. സ്‌കൂൾ അധ്യാപകരുടെ അതേ യോഗ്യതയുള്ളവരെയാണ് ട്യൂട്ടർമാരായും നിയമിക്കുന്നത്. സംസ്ഥാനത്ത് എസ്.സി, എസ്.ടി വകുപ്പിന് കീഴിൽ 20 മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ ആണ് ഉള്ളത്. ഇവയിൽ രണ്ടെണ്ണം സി.ബി.എസ്.സി സിലബസ് പിന്തുടരുന്നവയാണ്. സ്‌കൂൾ തുറന്ന് നാളുകൾ ഏറെയായിട്ടും അധ്യാപക നിയമനം പൂർത്തിയാകാത്തതിനാൽ രക്ഷിതാക്കളും പ്രതിഷേധത്തിലാണ്. എന്നാൽ, അധ്യാപകരുടെ ട്യൂട്ടർമാരുടെയും നിയമന നടപടികൾ അവസാന ഘട്ടത്തിലാണെന്നാണ് പട്ടികജാതി വികസന വകുപ്പ് അധികൃതരുടെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."