'രാഷ്ട്രപതി നില്‍ക്കുന്നു, നിങ്ങള്‍ ഇരിക്കുന്നു... ഇതാണോ ബഹുമാനം'; പ്രധാനമന്ത്രിക്കെതിരെ മമത
കൊല്‍ക്കത്ത: രാഷ്ട്രപതി ദൗപദി മുര്‍മുവിന്റെ പശ്ചിമ ബംഗാള്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയും കസേരയില്‍ ഇരിക്കുമ്പോള്‍ രാഷ്ട്രപതി തൊട്ടടുത്ത് നില്‍ക്കുന്നതിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് മമത പ്രധാനമന്ത്രിയ്ക്ക് മറുപടി നല്‍കിയത്. ഇങ്ങനെയാണോ രാഷ്ട്രപതിയെ ബഹുമാനിക്കുന്നത് എന്ന് മമത ചോദിച്ചു.
' രാഷ്ടപതിയോടുള്ള ബഹുമാനത്തെ കുറിച്ച് പ്രധാനമന്ത്രി പറഞ്ഞുകൊണ്ടേ ഇരിക്കുകയാണ്. ഈ ചിത്രം നോക്കൂ.. രാജ്യത്തെ ആദ്യ ഗോത്രവര്‍ഗക്കാരിയായ രാഷ്ട്രപതി നില്‍ക്കുമ്പോള്‍ പ്രധാനമന്ത്രി സുഖമായി കസേരയില്‍ ഇരിക്കുകയാണ്. രാഷ്ടപതിയോടുള്ള ബഹുമാനത്തിന്റെ എല്ലാ പ്രഖ്യാപനങ്ങളും പൊള്ളയായി തോന്നുന്നു' തൃണമൂല്‍ കോണ്‍ഗ്രസ് എക്‌സില്‍ കുറിച്ചു.
പ്രധാനമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ 2024-ല്‍ എല്‍.കെ. അദ്വാനിക്ക് ഭാരതരത്ന നല്‍കുന്ന ചടങ്ങിനിടെ എടുത്ത ഒരു ചിത്രമാണ് എക്‌സിലൂടെ പുറത്തുവിട്ടത്.
രാജ്യത്തെ പരമോന്നത പദവിയെ രാഷ്ട്രീയ നേട്ടത്തിനായി ബി.ജെ.പി ദുരുപയോഗം ചെയ്യുകയാണെന്നും മമത ബാനര്‍ജി നേരത്തെ ആരോപിച്ചിരുന്നു. രാഷ്ട്രപതിയെ ഡാര്‍ജിലിങ്ങില്‍ അപമാനിച്ചുവെന്ന ബി.ജെ.പി ആരോപണം അടിസ്ഥാന രഹിതമാണ്. അന്താരാഷ്ട്ര സാന്താള്‍ കൗണ്‍സില്‍ എന്ന സ്വകാര്യ സംഘടനയാണ് പരിപാടിക്കായി രാഷ്ട്രപതിയെ ക്ഷണിച്ചത്. പരിപാടിയുടെ ക്രമീകരണത്തില്‍ അപാകതയുണ്ടെന്ന് ജില്ലാ ഭരണകൂടം നേരത്തെ തന്നെ രാഷ്ട്രപതി സെക്രട്ടറിയേറ്റിനെ അറിയിച്ചിരുന്നു. എന്നാല്‍, പരിപാടിയുമായി മുന്നോട്ടുപോകാനാണ് അവര്‍ തീരുമാനിച്ചത്. പ്രോട്ടോക്കോള്‍ പ്രകാരം തയാറാക്കിയ പട്ടിക പ്രകാരമാണ് ഉദ്യേഗസ്ഥര്‍ രാഷ്ട്രപതിയെ സ്വീകരിച്ചത്. അതില്‍ മുഖ്യമന്ത്രിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. പരിപാടിയുടെ മുന്നൊരുക്കത്തില്‍ ജില്ലാ ഭരണകൂടത്തിന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ല. വസ്തുതകള്‍ മറച്ചുവച്ചാണ് ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഇത്തരം നീക്കങ്ങള്‍ ബംഗാള്‍ ജനതയെ അപമാനിക്കാനാണെന്നും മമത കൂട്ടിച്ചേര്‍ത്തു.
പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പങ്കെടുത്ത അന്താരാഷ്ട്ര സാന്താള്‍ സമ്മേളനത്തിലെ ക്രമീകരണത്തില്‍ വീഴ്ച വരുത്തിയെന്നും പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്നും ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസിനെതിരേ രൂക്ഷ വിമര്‍ശനവുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരുന്നത്. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോട് ബംഗാള്‍ സര്‍ക്കാര്‍ കാണിച്ചത് ഭരണഘടനയോടും ജനാധിപത്യ തത്വങ്ങളോടുമുള്ള ധിക്കാരമാണെന്നും തൃണമൂലിന്റെ വൃത്തികെട്ട രാഷ്ട്രീയവും അഹങ്കാരവും ബംഗാളിലെ ജനങ്ങള്‍ തകര്‍ക്കുമെന്നും മോദി പറഞ്ഞു. ദ്രൗപദി മുര്‍മുവിനെതിരായ അപമാനം രാജ്യവും നാരീശക്തിയും പൊറുക്കില്ല. സാന്താള്‍ സമുദായത്തിന്റെ പ്രധാന ആഘോഷ പരിപാടിയില്‍ സംബന്ധിക്കാനാണ് രാഷ്ട്രപദി ബംഗാളിലെത്തിയത്. രാഷ്ട്രപതിയെ ബിഹുമാനിക്കുന്നതിന് പകരം ചടങ്ങ് ബഹിഷ്‌കരിച്ച തൃണമൂല്‍ അവരെ അപമാനിക്കുകയായിരുന്നു. ഇത് രാഷ്ട്രപതിക്കെതിരായ അപമാനം മാത്രമല്ലെന്നും ഭരണഘടനയ്ക്കെതിരായ അപമാനം കൂടിയാണെന്നും മോദി പറഞ്ഞിരുന്നു.
അതേസമയം, വിവാദത്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ സംസ്ഥാന ചീഫ് സെക്രട്ടറി നന്ദിനി ചക്രവര്‍ത്തിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. രാഷ്ട്രപതിയെ സ്വീകരിക്കാനും യാത്രയാക്കാനും മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവര്‍ എത്തിയില്ല, രാഷ്ട്രപതിക്കായി സജ്ജീകരിച്ച ശുചിമുറിയില്‍ വെള്ളമില്ലായിരുന്നു, സഞ്ചരിക്കാനായി ഭരണകൂടം തെരഞ്ഞെടുത്ത വഴി മാലിന്യം നിറഞ്ഞതായിരുന്നു എന്നിങ്ങനെയുള്ള ആരോപണങ്ങളിലാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
ഇതിന് ഉത്തരവാദികളായ ഡാര്‍ജിലിങ് ജില്ലാ കലക്ടര്‍, സിലിഗുരി പൊലിസ് കമ്മിഷണര്‍, അഡിഷണല്‍ ജില്ലാ കലക്ടര്‍ എന്നിവര്‍ക്കെതിരേ എന്തു നടപടി സ്വീകരിച്ചു എന്ന കാര്യത്തിലും മറുപടി നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സംസ്ഥാന സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരും കേന്ദ്രത്തിലെ ഭരണകക്ഷിയായ ബി.ജെ.പിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍.
West Bengal Chief Minister Mamata Banerjee has strongly criticized Prime Minister Narendra Modi, accusing him of showing disrespect to President Droupadi Murmu during a recent public event. Mamata questioned the Prime Minister’s conduct, alleging that while the President was standing, he remained seated, and asked whether this reflected the respect that should be shown to the country’s highest constitutional authority.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."