ഉത്തരാഖണ്ഡ് ഗ്രാമത്തിലെ മുസ്‌ലിംകളെ കൂട്ടത്തോടെ കുടിയൊഴിപ്പിച്ച 'ലൗ ജിഹാദ് തിരക്കഥ' ഒടുവില്‍ പൊളിഞ്ഞു; പ്രതികളെ കോടതി വെറുതെ വിട്ടു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഒരു പ്രദേശത്തെ മുസ് ലിംകള്‍ ഒന്നാകെ കുടിയൊഴിയുന്ന സാഹചരിയത്തിലേക്ക് നയിച്ച ലൗജിഹാദ് കേസ് കെട്ടിച്ചമച്ച തിരക്കഥയെന്ന് ഒടുവില്‍ കോടതിയില്‍ തെളിഞ്ഞിരിക്കുന്നു. സംഭവത്തില്‍ അറസ്റ്റിലായവരെ വെറുതെ വിടുകയും ചെയ്തിരിക്കുന്നു കോടതി. ഉത്തരകാശി ജില്ലാ സെഷന്‍സ് കോടതിയാണ് 'ലവ് ജിഹാദ്' കഥ തന്നെ വ്യാജമാണെന്ന് വിധിച്ചത്.
കഴിഞ്ഞ ജൂണിലായിരുന്നു സംഭവം. ഉത്തരാഖണ്ഡിലെ ഒരു കൊച്ചു ടൗണില്‍ ഒരു സംഘര്‍ഷമുണ്ടാവുന്നു. തീവ്ര ഹിന്ദുത്വവാദികളാണ് ഇതിന് തുടക്കമിടുന്നത്. പ്രദേശത്തെ മുസ്‌ലിംകള്‍ ഒന്നാകെ അവിടെ നിന്ന് പോകണമെന്ന ക്യാംപയിനുമായി അവര്‍ രംഗത്തെത്തി. ചുരുങ്ങിയത് 41 കുടുംബങ്ങളെങ്കിലും അവിടെ നിന്ന് മാറി താമസിച്ചു. ഇതില്‍ ആറ് കുടുംബങ്ങളെങ്കിലും അവിടെ നിന്ന് സ്ഥിരമായി താമസം മാറി. തീവ്രഹിന്ദു സംഘം ഒരുക്കിയ ലൗ ജിഹാദ് തിരക്കഥയായിരുന്നു അവരവിടെ നിന്ന് ഒഴിയാന്‍ കാരണം. അവിടെ നിന്നാല്‍ തങ്ങള്‍ കൊല്ലപ്പെടുമെന്ന ഭയം. ജീവനോടുള്ള ഭീതി.
പുരോലയില്‍ മുസ്‌ലിം യുവാവും സുഹൃത്തും ചേര്‍ന്ന് 14 വയസ്സുള്ള ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നും മതംമാറ്റാന്‍ ശ്രമിക്കുന്നുവെന്നുമായിരുന്നു പ്രചാരണം. ഒരു പ്രദേശിക മാധ്യമത്തില്‍ വന്ന വാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ വരെ ഏറ്റെടുത്തു. സംഭവത്തില്‍ രണ്ട് യുവാക്കള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഉബൈദ് ഖാന്‍, ജിതേന്ദ്ര സൈനി എന്നിവര്‍ക്കെതിരെയായിരുന്നു കേസ്. ജിതേന്ദ്രസൈനിയുടെ പേര് മറച്ചുവച്ചായിരുന്നു ഹിന്ദുത്വവാദികള്‍ സംഭവം മുസ്‌ലിംകള്‍ക്കെതിരേ ഉപയോഗിച്ചത്. ഏതായാലും ഒരു പ്രദേശത്ത് കലാപാന്തരീക്ഷം സൃഷ്ടിക്കുകയും അവിടുത്തെ മുസ്‌ലിംകളെ ഒന്നായി കുടിയൊഴിപ്പിക്കുകയും ചെയ്ത 'ലൗ ജിഹാദ്' വ്യാജമാണെന്ന് തെളിയിച്ചിരിക്കുകയാണ് കോടതി.
പൊലിസിനെതിരേയും ശക്തമായ വിമര്‍ശനമുന്നയിച്ചു കോടതി. മുസ്‌ലിംകള്‍ക്കെതിരായ വികാരം സൃഷ്ടിക്കുന്നതില്‍ പൊലിസിന് വലിയ പങ്കുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉബൈദ് ഖാനും ജിതേന്ദ്ര സൈനിയും തന്നെ തട്ടിക്കൊണ്ടുപോയെന്ന് പറയാന്‍ പൊലിസ് തന്നെ നിര്‍ബന്ധിച്ചതായി 14കാരി കോടതിയില്‍ വ്യക്തമാക്കിയിരുന്നു. മാത്രമല്ല കേസിലെ ഏക സാക്ഷി ആര്‍.എസ്.എസ് അംഗംകൂടിയായ ആശിഷ് ചുനാറിന്റെ മൊഴിയില്‍ നിറയെ വൈരുധ്യമുള്ളതായും കോടതി കണ്ടെത്തി. രണ്ടുപ്രതികളും പെണ്‍കുട്ടിയെ ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നതിന് തെളിവുകളോ മൊഴികളോ നല്‍കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായും ജഡ്ജി ഗുരുബക്ഷ് സിങ് വ്യക്തമാക്കി.
പുരോലയിലെ 35,000 ആളുകളില്‍ 99 ശതമാനവും ഹിന്ദുക്കളാണ്. 2011ലാണ് ഉബൈദ് ഖാന്റെതുള്‍പ്പെടെയുള്ള ഏതാനും മുസ്‌ലിം കുടുംബങ്ങള്‍ പടിഞ്ഞാറന്‍ യു.പിയില്‍നിന്ന് ഇവിടെ താമസിക്കാനെത്തിയത്. കച്ചവടാവശ്യാര്‍ഥമാണ് ഇവരെത്തുന്നത്. ഫര്‍ണിച്ചറുകള്‍, മെത്തകള്‍, ഐസ്‌ക്രീം എന്നിവ വില്‍ക്കുന്ന കടകള്‍ ഉബൈദ് ഖാന്റെ കുടുംബത്തിന് ഉണ്ടായിരുന്നു. 2021ല്‍ പുരോലയിലേക്ക് താമസം മാറിയ ജിതേന്ദ്ര സൈനിക്ക് വര്‍ക്ക്‌ഷോപ്പും ഉണ്ട്. ഇരുവരും അടുത്ത സുഹൃത്തുക്കളും ആണ്. ഇവര്‍ ഒന്നിച്ച് സൗഹൃദത്തോടെ ജീവിക്കുന്നതിനിടെയാണ് 'ലൗ ജിഹാദ്' കേസില്‍പ്പെടുന്നത്.
ലൗ ജിഹാദ് കേസിന്റെ പേരില്‍ ഹിന്ദുത്വവാദികള്‍ വ്യാപക ആക്രമണമാണ് മുസ്‌ലിംകളെ ലക്ഷ്യംവച്ച് നടത്തിയത്. ഉബൈദ് ഖാനും ജിതേന്ദ്ര സൈനിയും അറസ്റ്റിലായതോടെ പുരോലിയയില്‍നിന്ന് എല്ലാ മുസ്‌ലിം വ്യാപാരികളെയും സംഘ്പരിവാര്‍ സംഘടനകള്‍ ഒഴിപ്പിച്ചു. 40 ലേറെ മുസ്‌ലിം കുടുംബങ്ങള്‍ ഹിന്ദുത്വവാദികളുടെ അക്രമം ഭയന്ന് പലായനം ചെയ്തു. പ്രദേശത്തെ മുസ്‌ലിം വ്യാപാരികള്‍ ദിവസങ്ങളോളം കടകള്‍ അടച്ചിട്ടു. ചില കടകള്‍ എല്ലാ കാലത്തേക്കുമായി പൂട്ടി. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളും തീവ്രവിദ്വേഷം ജനിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുകയുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."