വൈദ്യുതി തകരാറുകള്‍ അവഗണിക്കരുത്; ജാഗ്രതാ നിര്‍ദ്ദേശവുമായി അപകട ബഹ്‌റൈന്‍ പൊലീസ്
മനാമ: വീടുകളിലെ വൈദ്യുതി സംവിധാനങ്ങളില്‍ ഉണ്ടാകുന്ന ചെറിയ തകരാറുകള്‍ പോലും ഗൗരവത്തോടെ കാണണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വൈദ്യുതി ഇന്ന് ജീവിതത്തിലെ അനിവാര്യഘടകമായിരുന്നാലും അതുമായി ബന്ധപ്പെട്ട അശ്രദ്ധ ഗുരുതരമായ അപകടങ്ങള്‍ക്ക് വഴിവെക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഹിദ്ദ് പൊലീസ് സ്റ്റേഷന്‍ മേധാവി കേണല്‍ ഡോ. ഒസാമ ബഹര്‍ 'അല്‍ അമന്‍' സാമൂഹ്യ മാധ്യമ പരിപാടിയിലൂടെയാണ് പൊതുജനങ്ങളെ ജാഗ്രതപ്പെടുത്തിയത്. വീടുകളിലെ വൈദ്യുതി ലൈനുകളും ഉപകരണങ്ങളും ഇടയ്ക്കിടെ അംഗീകൃത ഇലക്ട്രീഷ്യന്മാരെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ചെറിയ പ്രശ്‌നങ്ങളായി തോന്നുന്ന കാര്യങ്ങള്‍ പിന്നീട് വലിയ തീപിടിത്തം പോലുള്ള ഗുരുതര സംഭവങ്ങളിലേക്ക് മാറാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്ലഗുകള്‍ അമിതമായി ചൂടാകുക, സ്വിച്ച് ഓണാക്കുമ്പോള്‍ അസാധാരണ ശബ്ദം കേള്‍ക്കുക, സ്പാര്‍ക്ക് ഉണ്ടാകുക, വയറുകള്‍ക്ക് നിറമാറ്റം സംഭവിക്കുക, കത്തുന്ന ഗന്ധം അനുഭവപ്പെടുക തുടങ്ങിയവ എല്ലാം അപകട സൂചനകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് വാട്ടര്‍ ഹീറ്റര്‍ പോലുള്ള ഉപകരണങ്ങള്‍ക്കടുത്ത് ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വിദഗ്ധ സഹായം തേടണമെന്നും നിര്‍ദേശം നല്‍കി.
മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുമ്പോഴും ജാഗ്രത പാലിക്കണം. കേടായതോ ഗുണമേന്മയില്ലാത്തതോ ആയ ചാര്‍ജറുകള്‍ ഉപയോഗിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കും. വായുസഞ്ചാരം ഇല്ലാത്ത ഇടങ്ങളില്‍, പ്രത്യേകിച്ച് തലയിണയ്ക്കടിയില്‍, ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് തീപിടിത്തത്തിന് കാരണമാകാമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.
സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിലൂടെ വീടുകളിലെ വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Bahrain authorities have issued a public safety warning urging residents to regularly inspect home electrical systems and avoid unsafe charging practices to prevent fire and electrical accidents.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."