തെലങ്കാനയില്‍ പള്ളി പൊളിച്ചുമാറ്റി ഭൂമി വില്‍ക്കാന്‍ നീക്കം
ഹൈദരാബാദ്: തെലങ്കാനയില്‍ പള്ളി ജെ.സി.ബി കൊണ്ട് ഇടിച്ചുനിരപ്പാക്കി ഭൂമി വില്‍ക്കാന്‍ ശ്രമം നടത്തിയവര്‍ക്കെതിരേ കടുത്ത വകുപ്പുകള്‍ പ്രകാരം കേസ്. തെലങ്കാനയിലെ മുഈനാബാദില്‍ ചരിത്രപ്രധാനമായ മസ്ജിദാണ് തകര്‍ത്തത്. രംഗറെഡ്ഡി ജില്ലയിലെ ചില്‍ക്കൂര്‍ ഗ്രാമത്തിലുള്ള ഖുതുബ് ഷാഹി മസ്ജിദ് എന്ന ജാഗിര്‍ദാര്‍ പള്ളി സമീപത്തെ ഭൂവുടമയായ പ്രസാദും കൂട്ടാളികളുമാണ് ജെ.സി.ബി ഉപയോഗിച്ച് ഇടിച്ചുനിരപ്പാക്കിയത്. സംസ്ഥാന വഖഫ് ബോര്‍ഡിനു കീഴിലുള്ള പള്ളിയുടെ ഭൂമി നിരപ്പാക്കി സമീപത്തെ ഇയാളുടെ ഭൂമിക്കൊപ്പം വില്‍ക്കാനായിരുന്നു പ്രസാദിന്റെ നീക്കം.
സംഭവത്തില്‍ പ്രസാദ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസെടുത്ത മുഈനാബാദ് പൊലിസ്, ജെ.സി.ബി ഡ്രൈവറെ അറസ്റ്റ്‌ചെയ്തു. പള്ളിക്ക് സമീപത്തെ ലഈഖുന്നിസ നല്‍കിയ പരാതിയില്‍ അതിക്രമിച്ച് കടക്കല്‍, നാശനഷ്ടം വരുത്തല്‍, ആരാധനാലയത്തിന് നാശനഷ്ടം വരുത്തല്‍, സാമുദായിക സൗഹാര്‍ദം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഇരുവിഭാഗങ്ങള്‍ക്കിടയിലും വൈരം വളര്‍ത്തല്‍, മതപരമായ ഒത്തുചേരല്‍ തടയല്‍ എന്നീ വകുപ്പുകളും പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട വകുപ്പുകളും ചേര്‍ത്താണ് കേസെടുത്തത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ പ്രാര്‍ഥനയ്‌ക്കെത്തിയവരെല്ലാം പോയസമയത്താണ് പൗരാണികരീതിയില്‍ നിര്‍മിച്ച ഏറെ ഉയരമുള്ള ഒറ്റനില പള്ളി തകര്‍ത്തത്. നാട്ടുകാര്‍ അറിയിച്ചതുപ്രകാരം വഖ്ഫ് ബോര്‍ഡ്, ന്യൂനപക്ഷവകുപ്പ് ഉദ്യോഗസ്ഥരും വിവിധ സാമുദായിക, മതനേതാക്കളും സംഭവസ്ഥലം സന്ദര്‍ശിച്ചു. പള്ളി നിലനിന്ന സ്ഥാനത്ത് പ്രദേശത്തെ മുസ്‌ലിംകള്‍ താല്‍ക്കാലിക നിര്‍മിതിയുണ്ടാക്കി പ്രാര്‍ഥനനടത്തുകയാണിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."