അബൂദബിയില്‍ 400 മെഗാവാട്ട് ബാറ്ററി എനര്‍ജി സ്റ്റോറേജ് പദ്ധതി നടപ്പാക്കുന്നു
അബൂദബി: എമിറേറ്റ്‌സ് വാട്ടര്‍ ആന്‍ഡ് ഇലക്ട്രിസിറ്റി കോര്‍പറേഷന്‍ (ഇ.ഡബ്ല്യു.ഇ.സി) അബൂദബിയില്‍ 400 മെഗാ വാട്ട് ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം പദ്ധതി നടപ്പാക്കുന്നു. ഈ പ്രൊജക്റ്റിനായുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു. വര്‍ഷാവസാനത്തോടെ ലേല നടപടികള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ഈ വര്‍ഷം മൊത്തം 93 കമ്പനികളും കണ്‍സോര്‍ഷ്യങ്ങളുമാണ് ടെന്‍ഡറിനായി അപേക്ഷകള്‍ സമര്‍പ്പിച്ചത്. അതില്‍ 27 എണ്ണം യോഗ്യത നേടി.
അബൂദബി പവര്‍ ഗ്രിഡിന്റെ സുസ്ഥിരത മെച്ചപ്പെടുത്താനും ഉയര്‍ന്ന വൈദ്യുതി ആവശ്യത്തോട് ഫലപ്രദമായി പ്രതികരിക്കാനും വര്‍ധിച്ചു വരുന്ന പുനരുപയോഗ ഊര്‍ജോല്‍പാദനം കൂട്ടാനുമാണ് ഈ പദ്ധതി വഴി ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. 2030ഓടെ സൗരോര്‍ജ ഉല്‍പാദനത്തിന്റെ മൊത്തം സ്ഥാപിത ശേഷി 7.5 ജിഗാ വാട്ടായി ഉയര്‍ത്തുകയെന്ന ഇ.ഡബ്ല്യു.ഇ.സിയുടെ ലക്ഷ്യത്തെ പിന്തുണയ്ക്കുന്ന, ഫ്രീക്വന്‍സി റെസ്‌പോണ്‍സ് റഗുലേഷന്‍, വോള്‍ട്ടേജ് നിയന്ത്രണം തുടങ്ങിയ സഹായ സേവനങ്ങള്‍ക്കാണ് ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം പ്രധാനമായും ഉപയോഗിക്കുന്നത്.
പുനരുപയോഗ ഊര്‍ജത്തിന്റെ ദ്രുത ഗതിയിലുള്ള വളര്‍ച്ച, ഇ.ഡബ്ല്യു.ഇ.സിയുടെ പവര്‍ ജനറേഷന്‍ ബിസിനസില്‍ നിന്നുള്ള കാര്‍ബണ്‍ ഉദ്വമനത്തിന്റെ തീവ്രത 2019ല്‍ മണിക്കൂറില്‍ 330 മെഗാ വാട്ടില്‍ നിന്ന് 2030ഓടെ 190 ആയി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഗ്രിഡിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താനുള്ള സുപ്രധാന നടപടിയാണ് പദ്ധതിയെന്നും ഭാവിയില്‍ ഊര്‍ജ അടിസ്ഥാന സൗകര്യം ഒരുക്കാനുള്ള യു.എ.ഇയുടെ ശ്രമങ്ങളുടെ പ്രധാന ഭാഗമാണിതെന്നും ഇ.ഡബ്ല്യു.ഇ.സി സി.ഇ.ഒ ഉസ്മാന്‍ ജുമാ അലി പറഞ്ഞു.
വന്‍ തോതിലുള്ള ബാറ്ററി എനര്‍ജി സ്റ്റോറേജ് ടെക്‌നോളജി സോളാര്‍ ഫോട്ടോവോള്‍ട്ടായിക് പവര്‍ ഉല്‍പാദനത്തിന്റെ ഗ്രിഡ് കണക്ഷന്‍ ത്വരിതപ്പെടുത്തുമെന്നും ഉയര്‍ന്ന വൈദ്യുതി ആവശ്യകതയെ കൂടുതല്‍ കാര്യക്ഷമമായി നേരിടാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."