ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറയുന്നു; അര്‍ജുനായുള്ള തെരച്ചില്‍ രണ്ടു ദിവസത്തിനു ശേഷം പുനരാരംഭിക്കും
ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തെരച്ചില്‍ 2 ദിവസത്തിനു ശേഷം വീണ്ടും പുനരാരംഭിക്കുമെന്ന് അഷറഫ് എംഎല്‍എ. ഇന്നലെ കര്‍ണാടക ചീഫ് സെക്രട്ടറിയുമായി എംഎല്‍എ കൂടിക്കാഴ്ച നടത്തിയിരുന്നു. ഗംഗാവലിപ്പുഴയിലെ അടിയൊഴുക്ക് കുറയുന്നതായി കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചെന്നും എംഎല്‍എ അറിയിച്ചു. നേവിയുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ 4 നോട്ട് വേഗതയിലാണ് ഗംഗാവലി പുഴ ഒഴുകുന്നത്. അത് രണ്ട് നോട്ട് വേഗതയില്‍ ആയാല്‍ വീണ്ടും ദൗത്യം തുടങ്ങാം എന്നാണ് കരുതുന്നതെന്ന് എംഎല്‍എ പറഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ പുഴയുടെ ഒഴുക്കിന്റെ ശക്തി കുറയുകയാണെങ്കില്‍ തെരച്ചില്‍ നടത്താന്‍ സാധിക്കും. അര്‍ജുന്‍ ഉള്‍പ്പടെയുള്ളവര്‍ക്കായി ഷിരൂരിലെ തിരച്ചില്‍ ദൗത്യം തുടരണമെന്ന് കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ദേശമുണ്ട്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി തിരച്ചില്‍ തുടരണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് എന്‍വി അന്‍ജാരിയ, ജസ്റ്റിസ് കെവി ആനന്ദ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഈ ഇടക്കാല ഉത്തരവ്.
കഴിഞ്ഞയാഴ്ച്ച തിരച്ചിലിനായി ഈശ്വര്‍ മല്‍പെയും സംഘവും ഷിരൂരില്‍ എത്തിയെങ്കിലും പുഴയിലിറങ്ങാന്‍ പൊലീസ് അനുവദിക്കാത്തതിനാല്‍ മടങ്ങുകയായിരുന്നു. പുഴയില്‍ കുത്തൊഴുക്ക് ശക്തമായതിനാല്‍ അരികുകളില്‍ ആയിരുന്നു സംഘത്തിന്റെ പദ്ധതി. എന്നാല്‍ പുഴയിലെ കുത്തൊഴുക്ക് കണക്കിലെടുത്ത് പൊലീസ് സംഘത്തെ പിന്തിരിപ്പിക്കുകയായിരുന്നു.
കൊച്ചിയിലെ നാവികസേന ആസ്ഥാനത്തെ ഉദ്യോഗസ്ഥരും കാര്‍വാര്‍ നാവികസേന ആസ്ഥാനത്തെ ഉദ്യോഗസ്ഥരും തമ്മില്‍ സംസാരിച്ച് തെരച്ചില്‍ രീതി ആലോചിക്കാം. പുഴയിലെ ഒഴുക്ക് കുറയുന്നതിനനുസരിച്ച് രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനം എടുക്കാമെന്ന് ഉറപ്പ് കിട്ടിയെന്നും അഷ്‌റഫ് എംഎല്‍എ കൂട്ടിച്ചേര്‍ത്തു. എംഎല്‍എ മുഖ്യമന്ത്രിയുടെ പ്രത്യേക ഓഫീസറെ ബെംഗളൂരു വിധാന സൗധയിലെത്തി കണ്ടിരുന്നു. ജൂലൈ 16ന് രാവിലെ ബെലെഗാവിയില്‍ നിന്ന് മരം കയറ്റി വരികെ ആണ് കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍ കന്യാകുമാരി ദേശീയ പാതയില്‍ അപകടമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."