അന്താരാഷ്ട്ര യുവജന ദിനം: യു.എ.ഇ യുവാക്കളെ ശാക്തീകരിച്ച രാഷ്ട്രം- അബ്ദുല്ല ഖലീഫ അല്‍ മര്‍റി
ദുബൈ: രാജ്യത്തെ മുന്നോട്ടു നയിക്കുന്ന യുവജനങ്ങളില്‍ നാടൊന്നാകെ അഭിമാനിക്കുന്നുവെന്ന് ദുബൈ പൊലിസ് കമാന്‍ഡര്‍-ഇന്‍-ചീഫ് ലഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി. ഈ വര്‍ഷത്തെ അന്താരാഷ്ട്ര യുവജന ദിനത്തില്‍ സന്ദേശമായാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. യുവാക്കളെ പിന്തുണയ്ക്കുന്നതിനുള്ള യുനൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ കാഴ്ചപ്പാട് എടുത്തു പറയേണ്ടതാണ്.
അവരില്‍ വിശ്വാസവും പ്രോത്സാഹനവും നല്‍കുന്നതിനൊപ്പം തന്നെ, അവരെ ശാക്തീകരിക്കാനും രാജ്യം സന്നദ്ധമാണ്. ഓരോ യുവാക്കള്‍ക്കും പ്രചോദനത്തിന്റെ വിളക്കുമാടമായി രാഷ്ട്ര നേതാക്കള്‍ വര്‍ത്തിക്കുന്നു. 'യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അഭിപ്രായപ്പെട്ടത് പോലെ 'യുവാക്കളാണ് ശക്തി, ഊര്‍ജ്ജം, അഭിലാഷം, സമ്പത്ത്. നാളത്തെ നേതാക്കളെന്ന നിലയില്‍, അവര്‍ നിലവിലുള്ള പുരോഗതിയുടെ ഹൃദയ ഭാഗത്തായിരിക്കും. യു.എ.ഇയുടെയും ലോകത്തിന്റെയും ഭാവി വികസനത്തിനും സമൃദ്ധിക്കും ഫലപ്രദമായി സംഭാവന നല്‍കാന്‍ അവരെ പ്രാപ്തരാക്കണം''.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും യുവാക്കളെ പിന്തുണയ്ക്കുകയും ശാക്തീകരിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞിട്ടുണ്ടെന്നും അല്‍ മര്‍റി പറഞ്ഞു. യുവാക്കളുടെ പങ്കാളിത്തമില്ലാതെ ഒരു സുസ്ഥിര വികസനവും സാധ്യമല്ല. നമ്മുടെ യുവാക്കളില്‍ നിശ്ചയ ദാര്‍ഢ്യവും ഇച്ഛാശക്തിയും ഏറെയുണ്ട്. നാമതില്‍ ആഹ്ലാദിപ്പിക്കുന്നു. അത് നമ്മെ പുതിയ ആഗോള ചക്രവാളങ്ങളിലേക്ക് നയിക്കുന്നുവെന്നും യുവാക്കളെ ശാക്തീകരിച്ച ഒരു രാഷ്ട്രമാണ് യു.എ.ഇ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.എ.ഇയിലെ യുവാക്കള്‍ ഗണ്യമായ പിന്തുണ ആസ്വദിക്കുന്നുവന്നു നിരീക്ഷിച്ച അല്‍ മര്‍റി, അവരോടുള്ള രാജ്യത്തിന്റെ സമീപനത്തില്‍ വേരൂന്നിയ വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും, ദേശീയ യുവജന അജണ്ട 2031ല്‍ അത് ഉള്‍ പ്പെടുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി.
ദുബൈ പൊലിസ് ജനറല്‍ കമാന്‍ഡ് യുവാക്കളെ ശാക്തീകരിക്കുന്ന സുപ്രധാന സര്‍ക്കാര്‍ വകുപ്പാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
ദുബൈ പൊലിസ് യൂത്ത് കൗണ്‍സിലും പ്രസക്തമായ പൊതു വകുപ്പുകളും നിയന്ത്രിക്കുന്ന തങ്ങളുടെ സമര്‍പ്പിത യുവജന തന്ത്രം, വിവിധ വിഷയങ്ങളിലും മേഖലകളിലും സമഗ്രമായ പിന്തുണയും ശാക്തീകരണവും ഉറപ്പാക്കുന്നുവെന്നും ലഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി സ്ഥിരീകരിച്ചു. ഒട്ടേറെ സന്ദര്‍ഭങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് പ്രാദേശിക, മേഖലാ, അന്തര്‍ദേശീയ തലങ്ങളില്‍ തങ്ങളുടെ പ്രൊഫഷണല്‍ കഴിവ് പ്രകടിപ്പിക്കുകയും ശ്രദ്ധേയമായ നാഴികക്കല്ലുകള്‍ താണ്ടുകയും ചെയ്ത രാജ്യത്തെ ഏറ്റവും മികച്ച യുവ പ്രതിഭകള്‍ ദുബൈ പൊലിസില്‍ ഉണ്ടെന്നും അല്‍ മര്‍റി അവകാശപ്പെട്ടു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."