16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയയിൽ വിലക്കേർപ്പെടുത്തി ഓസ്ട്രേലിയ; നിയമം പാസാക്കുന്ന ആദ്യ രാജ്യം
കാൻബെറ: കുട്ടികൾക്കും കൗമാരക്കാർക്കും സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് തടയാൻ നിയമം പാസാക്കിയിരിക്കുകയാണ് ഓസ്ട്രേലിയ. പതിനാറ് വയസിന് താഴെയുള്ളവർക്ക് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് എടുക്കുന്നതിന് രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്ക് അക്കൗണ്ട് എടുക്കാൻ പറ്റാത്ത തരത്തിൽ സമൂഹമാധ്യമങ്ങൾ മാറ്റം കൊണ്ടുവരണമെന്നാണ് ഓസ്ട്രേലിയയുടെ നിർദ്ദേശം. ഏറെക്കാലമായി ചർച്ച ചെയ്തിരുന്ന നിയമം ഓസ്ട്രേലിയൻ പാർലമെന്റിന്റെ ഇരു സഭകളും പാസാക്കി. 2025 മുതൽ പുതിയ നിയമം രാജ്യത്ത് നിലവിൽ വരുന്നതാണ്.
സമൂഹ മാധ്യമ കമ്പനികൾ നയം ലംഘിച്ചാൽ വൻ തുക പിഴ ചുമത്തുപ്പെടും. 50 മില്യൺ ഓസ്ട്രേലിയൻ ഡോളറാണ് പിഴ ഈടാക്കുക. വ്യാഴാഴ്ച വൈകിട്ടാണ് ഓസട്രേലിയന്‍ സെനറ്റ് സോഷ്യല്‍ മീഡിയ നിരോധനത്തിന് അംഗീകാരം നല്‍കിയത്. ഗൂഗിള്‍, മെറ്റ, എക്‌സ് എന്നീ ടെക് ഭീമന്‍മാരുടെ കടുത്ത എതിര്‍പ്പ് തള്ളിയാണ് ഓസ്ട്രേലിയൻ സർക്കാരിന്‍റെ വേഗത്തിലുള്ള നടപടി. തിടുക്കത്തിൽ പാസാക്കിയ നിയമമെന്നും, നിയമത്തിന് വ്യക്തതയില്ലെന്നുമായിരുന്നു ഓസ്ട്രേലിയയുടെ പുതിയ നിയമത്തോട് മെറ്റ പ്രതികരിച്ചത്.
പുതിയ നിയമപ്രകാരം 16 വയസ് പൂര്‍ത്തിയാകാത്ത കുട്ടികള്‍ സോഷ്യല്‍ മീഡിയ സേവനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് തടയുന്നതിന് വേണ്ട സുരക്ഷാ നടപടികള്‍ ടെക് കമ്പനികള്‍ കൈക്കൊള്ളണം. ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചാൽ 50 മില്യൺ ഓസ്ട്രേലിയൻ ഡോളറാണ് പിഴയൊടുക്കേണ്ടി വരിക. സ്നാപ്ചാറ്റ്, ടിക് ടോക്ക്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, റെഡ്ഡിറ്റ്, എക്സ് എന്നിവയ്ക്ക് പുതിയ നിയമം ബാധകമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."