വ്യാജ വിസ: ബോധവൽക്കരണവുമായി ബിസിനസ് സെറ്റപ്പ് രംഗത്തെ പ്രമുഖർ
ദുബൈ: കുറഞ്ഞ നിരക്കിൽ വിസയും ലൈസൻസും നൽകാമെന്ന വ്യാജ വാഗ്ദാനങ്ങളിൽ കുടുങ്ങി അനേകം പേർ ദുരിതമനുഭവിക്കുന്നതായി ബിസിനസ് സെറ്റപ്പ് രംഗത്തെ പ്രമുഖർ പറയുന്നു. ഫ്രീലാൻസ് വിസ, പാർട്ണർ വിസ എന്നിവയുടെ പേരിലാണ് തട്ടിപ്പ് നടക്കുന്നത്.
യു.എ.ഇയിലെവിടെയും യഥേഷ്ടം ജോലി ചെയ്യാൻ സാധിക്കുന്നതാണ് ഫ്രീലാൻസ് വിസ എന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് ഇക്കൂട്ടർ ആദ്യം ചെയ്യുന്നത്.
എന്നാൽ, ഈ അർഥത്തിൽ യു.എ.ഇ സർക്കാർ ഫ്രീലാൻസ് വിസ നൽകുന്നില്ല എന്നതാണ് യാഥാർഥ്യമെന്നും ബിസിനസ് സെറ്റപ്പ് രംഗത്ത് പ്രവർത്തിക്കുന്ന മൾട്ടി ഹാന്റ്‌സ് ബിസിനസ്‌മെൻ സർവീസ് ഗ്രൂപ്പിന്റെ സ്റ്റാഫ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
സ്വന്തം സ്പോൺസർഷിപ്പിൽ മാതാപിതാക്കളെയോ വീട്ടു ജോലിക്കാരെയോ കൊണ്ടു വരാൻ സാധിക്കാത്തവരാണ് തട്ടിപ്പുകാരുടെ ഇരകൾ.
തൊഴിൽ വിസയിലുള്ളവർ വിസ റദ്ദാക്കുന്നതിന് വേണ്ടി വിളിക്കുമ്പോൾ ലൈസൻസ് ഉടമയെ കിട്ടാതെ വരും.
അപ്പോൾ അവർ ലേബർ കോടതിയിൽ പരാതി നൽകും. അങ്ങനെ, കോടതിയിൽ നിന്ന് വിളി വരുമ്പോഴാണ് തങ്ങൾ തൊഴിൽ ദാതാക്കളാണെന്ന 'സത്യം' പലരും തിരിച്ചറിയുന്നത്. രണ്ട് വർഷത്തെ വിസയെടുത്തവർ ഇതോടെ വലിയ കെണിയിൽ അകപ്പെടുമെന്ന് മൾട്ടി ഹാൻഡ്‌സ് ഡയരക്ടർ ദാവൂദ് കെ.കെ.സി പറഞ്ഞു. ഇത്തരം കെണിയിൽ അകപ്പെട്ടാൽ രക്ഷപ്പെടുക എളുപ്പമല്ല. ലേബർ കോടതിയിൽ പരാതിപ്പെട്ടാൽ രണ്ടാഴ്ച്ചക്ക് ശേഷം തൊഴിൽ വിസ ക്യാൻസൽ ചെയ്ത് കിട്ടിയേക്കാം. എന്നാൽ, പാർട്ണർ വിസ ക്യാൻസൽ ചെയ്യാൻ ബുദ്ധിമുട്ട് നേരിടും. അനധികൃത താമസക്കാരനായി രാജ്യത്ത് തുടരേണ്ട ഗതികേടിലെത്തും.
റിമോട്ട് വർക്ക് വിസയുടെ പേരിലും സമാനമായ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മൾട്ടി ഹാൻഡ്‌സ് ആഭിമുഖ്യത്തിൽ നടത്താൻ പോകുന്ന ബോധവൽക്കരണ കാപയിനെക്കുറിച്ചു വിശദീകരിക്കാൻ നടത്തിയ വാർത്താ സമ്മേളനത്തിൽ മറ്റു ഡയരക്ടർമാരായ അബ്ദുല്ല മഹമൂദ്, ടി.വി സവാദ്, ഇ.സി യാസർ എന്നിവരും, സ്റ്റാഫ് അസോസിയേഷൻ ഭാരവാഹികളായ അൻഷാദ് കാഞ്ഞങ്ങാട്, എം.കെ ഹാഷിർ, സി.എ റഷീദ് എന്നിവർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."