യുവനടിയുടെ പരാതിയില്‍ സിദ്ദീഖിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസ്
കൊച്ചി: യുവനടിയുടെ പരാതിയില്‍ നടന്‍ സിദ്ദിഖിനെതിരെ കേസെടുത്തു. ലൈംഗിക പീഡനത്തിനും ഭീഷണിപ്പെടുത്തിയതിനും തിരുവനന്തപുരം മ്യൂസിയം പൊലിസ് ആണ് കേസെടുത്തത്. ഇന്നലെയാണ് നടി ഡി.ജി.പിക്ക് പരാതി നല്‍കിയത്. 2016ല്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി.
ഐപിസി 376, 506 വകുപ്പുകള്‍ പ്രകാരമാണ് കേസ്. 2016 ജനുവരിയില്‍ മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് നടിയെ ബലാത്സംഗം ചെയ്തു എന്നാണ് എഫ്‌ഐആര്‍. മ്യൂസിയം പൊലിസ് എടുത്ത കേസ് ഇന്നു തന്നെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. ഈ കേസ് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി അജിതാ ബീഗം ആയിരിക്കും അന്വേഷിക്കുക.
അതിനിടെ നടിക്കെതിരെ ആരോപണവുമായി സിദ്ദിഖ് രംഗത്തെത്തിയിരുന്നു. വ്യത്യസ്ത സമയത്ത് വ്യത്യസ്ത ആരോപണങ്ങളാണ് നടി ഉന്നയിക്കുന്നതെന്നായിരുന്നു സിദ്ദിഖിന്റെ വാദം. തനിക്ക് പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പാണ് സിദ്ദിഖ് മോശമായി പെരുമാറിയത് എന്നായിരുന്നു നടിയുടെ ആരോപണം. എന്നാല്‍ ചൈനയിലെ പഠനം പാതിവഴിയിലാക്കി മടങ്ങിയ പെണ്‍കുട്ടിയെ താന്‍ കാണുമ്പോള്‍ അവര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ട് എന്നാണ് സിദ്ദിഖിന്റെ പരാതിയില്‍ പറയുന്നുണ്ട്.
നടിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് വരുത്താനുള്ള ശ്രമവും സിദ്ദിഖ് നടത്തുന്നുണ്ട്. ചൈനയില്‍ മെഡിസിന് പഠിക്കുമ്പോള്‍ സഹപാഠിയുടെ നഗ്‌നചിത്രമെടുത്തുവെന്ന ആരോപണം ഒരു ഫാഷന്‍ കോഡിനേറ്റര്‍ വഴി കേട്ടിട്ടുണ്ട് എന്നാണ് ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ അദ്ദേഹം പറയുന്നത്. തന്റെയും അമ്മയുടെയും പേര് കളങ്കപ്പെടുത്തുകയാണ് പരാതിക്കാരിയുടെ ലക്ഷ്യമെന്നും സിദ്ദിഖ് ആരോപിച്ചു.
വ്യാജ പ്രചാരണത്തിന് വേണ്ടി ചിലര്‍ നടിയെ ഉപയോഗിച്ചു. ആരോപണമുന്നയിച്ച ശേഷം മാത്രമാണ് അവര്‍ക്ക് ശ്രദ്ധ ലഭിച്ചത്. നടിയുടെ ആരോപണത്തില്‍ ഡബ്ലിയു.സി.സിയും പ്രതികരിച്ചിട്ടില്ല. മലയാള സിനിമാ മേഖലക്കെതിരെ നടക്കുന്നത് ക്രിമിനല്‍ ഗൂഢാലോചനയാണെന്നും സിദ്ദിഖ് ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."