എന്തു കഴിച്ചാലും ഗ്യാസ് കയറുന്നതു പോലെ തോന്നാറുണ്ടോ? ശ്രദ്ധിക്കുക, ഇത് ബ്ലോട്ടിങിന്റെ ലക്ഷണമാകാം
വയറ്റില്‍ ഗ്യാസ് കയറി അസ്വസ്ഥതയനുഭവിക്കുന്നവരാണല്ലോ നമ്മളില്‍ മിക്കവരും. നമ്മുടെ വയറും കുടലുമടങ്ങുന്ന ദഹനനാളിയില്‍ വായു കയറുന്ന അവസ്ഥയെയാണ് ബ്ലോട്ടിങ് എന്നുപറയുന്നത്. വയറു വേദന, ഗ്യാസ് കയറല്‍, ഏമ്പക്കം, വയറ്റില്‍ ഇരമ്പം എന്നിവയെല്ലാം ബ്ലോട്ടിങ്ങിന്റെ ലക്ഷണങ്ങളാണ്. ദീര്‍ഘനേരം ഭക്ഷണം കഴിക്കാതിരുന്നതിനു ശേഷം അമിതമായി ഭക്ഷണം കഴിക്കുന്നതും കൊഴുപ്പ് കൂടതല്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതും സ്പീഡില്‍ ഭക്ഷണം കഴിക്കുന്നതുമെല്ലാം വയറ്റില്‍ ബ്ലോട്ടിങ് ഉണ്ടാക്കിയേക്കാം.
ഇതൊഴിവാക്കാന്‍ എന്തെല്ലാം ശീലിക്കാം
ദിവസവും മൂന്നോ നാലോ നേരമാണ് സാധാരണ ഗതിയില്‍ നമ്മളെല്ലാവരും ഭക്ഷണം കഴിക്കുക. ഭക്ഷണങ്ങള്‍ക്കിടയിലെ നീണ്ട ഇടവേളകള്‍ അമിതമായി ഭക്ഷണം കഴിക്കാന്‍ നമ്മെ പ്രേരിപ്പിക്കും. എന്നാല്‍ ഇത്തരത്തില്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് നമ്മുടെ ദഹനനാളത്തില്‍ ഓവര്‍ലോഡ് ആവുകയും ഇത് വയറ്റില്‍ ബ്ലോട്ടിങ്, ഗ്യാസ് എന്നിവ രൂപപ്പെടാനും കാരണമാകുന്നു.
അതിനാല്‍ ദിവസവും അഞ്ച് മുതല്‍ ആറ് നേരമെങ്കിലും ചെറിയ തോതിലായി ഭക്ഷണം കഴിച്ചു ശീലിക്കാവുന്നതാണ്. ഇത്തരത്തില്‍ കഴിക്കുന്നത് ദഹന എന്‍സൈമുകളുടെ ഉല്‍പാദനം വര്‍ധിപ്പിക്കുകയും ദഹനനാളത്തിലെ ഓവര്‍ലോഡിങ് ഒഴിവാക്കുകയും ചെയ്യുന്നതായിരിക്കും.
ദഹനത്തിന് ഏറ്റവും ആവശ്യമായ പോഷകമാണ് നാരുകള്‍. അതിനാല്‍ നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. എന്നാല്‍ ഇത് അമിതമായി കഴിക്കുന്നത് വയറ്റില്‍ ബ്ലോട്ടിങ്, ഗ്യാസ് എന്നിവയിലേക്ക് നയിക്കാം. മാത്രമല്ല, നാരുകള്‍ കുടലില്‍ കിടക്കുകയും ഇത് വയറ്റില്‍ ഗ്യാസ് ഉണ്ടാക്കുകയും ചെയ്യുന്നു.
അതിനാല്‍ പയര്‍വര്‍ഗങ്ങളൊക്കെ നേരിട്ടു കഴിക്കുന്നതിനേക്കാള്‍ നല്ലത് വെള്ളത്തില്‍ കുതിര്‍ത്തുവച്ചോ പാകം ചെയ്‌തോ കഴിക്കുന്നതാണ്.
അതുപോലെ നിയന്ത്രിക്കേണ്ട ഒന്നാണ് ഉപ്പിന്റെ ഉപയോഗം. ഭക്ഷണത്തില്‍ അമിതമായി ഉപ്പ് ഉപയോഗിക്കുന്നത് ശരീരത്തില്‍ ജലാംശം നിലനില്‍ക്കാന്‍ കാരണമാകുന്നു. ഇത് വയറ്റില്‍ ഗ്യാസ്, ബ്ലോട്ടിങ് എന്നിവയുണ്ടാക്കും. പാക്കറ്റുകളില്‍ ലഭിക്കുന്ന സ്‌നാക്കുളിലും പ്രോസസ്ഡ് ഭക്ഷണങ്ങളിലും സോഡിയം അമിതമായിട്ടുള്ളതിനാല്‍ ശരീരത്തിലെ ജലാംശം ക്രമീകരിക്കുന്നതിന് ഉപ്പ് പരിമിതപ്പെടുത്താവുന്നതാണ്.
വയറില്‍ ഗ്യാസ് കയറാന്‍ കാര്‍ബൊണേറ്റഡ് പാനീയങ്ങള്‍ക്കു കഴിയും. ഇത് ബ്ലോട്ടിങ് ഉണ്ടാക്കുന്നതാണ്. അതിനാല്‍ വെള്ളം നന്നായി കുടിക്കുക. ദഹനം മെച്ചപ്പെടാന്‍ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. വെള്ളം ശരീരത്തിലെ അമിതമായ സോഡിയം ഒഴിവാക്കാനും ദഹനം ക്രമമാക്കാനും സഹായിക്കുന്നു.
പ്രോബയോടിക് ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ കുടലില്‍ നല്ല ബാക്ടീരിയയുടെ വളര്‍ച്ചയെ സഹായിക്കും. ദഹനത്തെ മെച്ചപ്പെടുത്താനും കഴിയും. മാത്രമല്ല, കുടലില്‍ ഇത്തരം ബാക്ടീരിയ കുറയുന്നതും വയറ്റില്‍ ബ്ലോട്ടിങ് ഉണ്ടാകുന്നതിനു കാരണമായേക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."